book review
അക്ഷരവിസ്മയങ്ങളുടെ പൂമുഖം
എം ടിയുടെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ കഥകളും നോവലുകളും പോലെത്തന്നെ ഹൃദ്യവും ആർദ്രവുമാണ്. അറിവിന്റെയും അനുഭൂതിയുടെയും അപാരതകളിലേക്ക് അവ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു.പുസ്തകത്തിന്റെ പൂമുഖവും വ്യത്യസ്തമല്ല.നിരന്തരമായ വായനയിൽനിന്നും ആഴത്തിലുള്ള ചിന്തയിൽനിന്നും അദ്ദേഹം ആർജിച്ച ധിഷണയുടെ പ്രകാശമാണ് ഈ പുസ്തകത്തെയും ജ്വലിപ്പിച്ചുനിർത്തുന്നത്. എഴുത്തുകാരൻ പടിയിറങ്ങിയെങ്കിലും അക്ഷരവിസ്മയങ്ങളുടെ ഈ വലിയ പൂമുഖം വായനക്കാരുടെ മുന്നിൽ എപ്പോഴും തുറന്നുകിടക്കുകതന്നെയാണ്.
“എന്റെ കോളേജ് വിദ്യാഭ്യാസക്കാലത്താണ് കെ ടിയെപ്പറ്റി കേൾക്കുന്നത്. ലോക കഥാമത്സരത്തിൽ കെ ടിയുടെ കണ്ണുകൾക്കാണ് ഒന്നാം സമ്മാനം. തപ്പാലാപ്പീസിൽ വളരെ ചെറിയ ഒരു ജോലിയുള്ള ആൾ. അധികം പഠിപ്പില്ല. അങ്ങനത്തെ ഒരു ചെറുപ്പക്കാരന് വലിയൊരു കഥാമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടുക! എന്തൊരത്ഭുതം!’ കെ ടി മുഹമ്മദിന്റെ നാടകങ്ങളുടെ സമാഹാരത്തിന് എം ടി എഴുതിയ അവതാരികയിലെ വരികളാണിത്. അതിൽത്തന്നെ മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെകൂടി അഭിപ്രായപ്പെടുന്നു. “ഇത് ഭൂമിയാണ് എന്ന നാടകത്തെ പ്രകീർത്തിച്ചുകൊണ്ട് കുട്ടിക്കൃഷ്ണമാരാർ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ലേഖനമെഴുതി. കുട്ടിക്കൃഷ്ണമാരാർ നാടകത്തെപ്പറ്റി എഴുതുക! അതുതന്നെ സാഹിത്യലോകത്ത് ഒരത്ഭുതമായിരുന്നു.
ഇത്തരത്തിൽ വ്യത്യസ്ത ശാഖയിൽപ്പെട്ട അസംഖ്യം കൃതികൾക്ക് എം ടി എഴുതിയ അവതാരികകളാണ് പുസ്തകത്തിന്റെ പൂമുഖം എന്ന ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്. ഇതുപോലെയുള്ള മറ്റൊരു പുസ്തകം മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പല പുസ്തകങ്ങളിലായി ചിതറിക്കിടക്കുന്ന അവതാരികകൾ കണ്ടെത്തി ശേഖരിച്ച് പുസ്തകമാക്കിയത് എം എൻ കാരശ്ശേരിയാണ്.സാഹിത്യവിദ്യാർഥികൾക്കും ഗവേഷകർക്കും എഴുത്തുകാർക്കും സാഹിത്യകുതുകികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥമാണ് ഇതെന്ന് നിസ്സംശയം പറയാം. മുന്നൂറ്റി പന്ത്രണ്ട് പേജുകളിൽ, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെയും മഹാഭാരതം കിളിപ്പാട്ടിന്റെയും പുതിയ പഠനകൃതികൾ, കാരൂരിന്റെയും ചെറുകാടിന്റെയും കഥകൾ, കെ ടി മുഹമ്മദിന്റെ നാടകങ്ങൾ, പിയുടെ കവിയുടെ കാൽപ്പാടുകൾ, അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും, പൊറ്റെക്കാട്ടിന്റെ കത്തുകൾ, നമ്പൂതിരിയുടെ രേഖകൾ, സുരാസുവിന്റെ വിശ്വരൂപം, അമർത്യാനന്ദയുടെ അർദ്ധവിരാമം, പവനന്റെ അനുഭവങ്ങളുടെ സംഗീതം, എം പി വീരേന്ദ്രകുമാറിന്റെ ബുദ്ധന്റെ ചിരി, കെ പി പി നമ്പ്യാരുടെ നിപ്പോൺ തെക്കി, പെരുന്തച്ചൻ, പഴശ്ശിരാജ തുടങ്ങിയ എം ടിയുടെതന്നെ തിരക്കഥകൾ തുടങ്ങി അനേകം പുസ്തകങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.
വ്യതിരിക്തമായ തന്റെ ധിഷണയും ആഖ്യാനരീതിയും കൊണ്ട് എം ടി ഇതിലെ ഓരോ അവതാരികയും വേറിട്ടൊരു വായനാനുഭവമാക്കുന്നുണ്ട്. ഓരോന്നും ഒരു ലേഖനത്തിന്റെ ആധികാരികതയും വൈജ്ഞാനികസമ്പത്തും ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ ഇവയെ ലേഖനങ്ങളായി പരിഗണിക്കുന്നതിലും തെറ്റില്ലെന്നു തോന്നുന്നു. തീർച്ചയായും ഉന്നതമായൊരു അക്ഷരസദ്യയാണ് ഇവ വായനക്കാർക്കു നൽകുന്നത്. താൻ അവതരിപ്പിക്കുന്ന ഓരോ കൃതിയേയും വെറുതെ പുകഴ്ത്തുകയല്ല, നേരെമറിച്ച് അവ എന്തുകൊണ്ട് മികച്ചതാകുന്നുവെന്ന് വായനക്കാർക്കുകൂടി ബോധ്യമാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു. അതോടൊപ്പം ആ വിഷയവുമായി ബന്ധപ്പെട്ട് അക്ഷരലോകത്തെ ഒട്ടേറെ വിശേഷങ്ങളിലേക്കും അദ്ദേഹം വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.
ഡോ. കെ ശ്രീകുമാറിന്റെ നാടകഗ്രന്ഥത്തിന്റെ അവതാരികയിൽ ഭരതമുനിയുടെ നാട്യശാസ്ത്രത്തെക്കുറിച്ചും ആ നാടകാചാര്യന്റെ നാടകസങ്കല്പത്തെക്കുറിച്ചും എം ടി വിശദമാക്കുന്നു. ഒരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു. “നാടകം ജീവിതദർശനത്തിനു വേണ്ടിയാണെന്ന ഭാരതമുനിയുടെ സിദ്ധാന്തം ഇന്നും നിലനിൽക്കുന്നു. അതുകൊണ്ട് നാടകം എന്നും നിലനിൽക്കുന്നു.’ നൂറ്റാണ്ടുകൾക്കപ്പുറത്ത് താമസിച്ചിരുന്ന ഒരു നാടകാചാര്യന്റെ വാക്കുകൾ ഇന്നും പ്രസക്തമാണെന്ന വസ്തുതകൂടിയാണ് എം ടി ഈ വരികളിലൂടെ വായനക്കാരെ ബോധ്യപ്പെടുത്തുന്നത്.
അതുപോലെ ദുരന്തനാടകങ്ങൾ അനുവാചകരിൽ ഉണ്ടാക്കുന്ന ശുദ്ധീകരണത്തെക്കുറിച്ചുള്ള അരിസ്റ്റോട്ടിലിന്റെ നിരീക്ഷണത്തെക്കുറിച്ചും ഇക്കാലത്തും ഏറെ പ്രസക്തിയുള്ള ഷേക്സ്പിയർ നാടകങ്ങളെക്കുറിച്ചും അദ്ദേഹം ഇവിടെ പ്രതിപാദിക്കുന്നുണ്ട്.സ്വന്തം പരിമിതികളെ കഥയെഴുതാനുള്ള ശക്തിയായി രൂപപ്പെടുത്തുകയാണ് എഴുത്തുകാർ ചെയ്യേണ്ടതെന്ന് കാരൂരിന്റെ രചനകളുടെ വൈശിഷ്ട്യത്തെ പരാമർശിക്കുമ്പോൾ എം ടി അഭിപ്രായപ്പെടുന്നു. കാരൂർക്കഥകളുടെ മഹത്വം അവയിൽ കാണുന്ന അച്ചടക്കം അഥവാ ഡിസിപ്ലിൻ ആണെന്ന് പ്രസ്താവിക്കുന്ന എം ടി അത് പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഒരു സിദ്ധാന്തത്തിൽനിന്നും പഠിച്ചതല്ല, നേരെമറിച്ച് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽനിന്നും കാരൂർ പരിശീലിച്ചതാണെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. പെരുന്തച്ചൻ എന്ന തിരക്കഥ എഴുതുന്നതിനുള്ള പ്രേരണയെപ്പറ്റി എം ടി പറയുന്നത് ഇതാണ്. “അൽപ്പം സ്ഥലത്ത് മനുഷ്യാലയം നിർമിക്കാൻ പ്രകൃതിയോട് അനുവാദം ചോദിച്ചിരുന്ന, മരം വെട്ടുമ്പോൾ കൂടുകൾ നഷ്ടപ്പെടുന്ന പക്ഷികളോട് നേരത്തെ മാറിത്താമസിക്കാൻ പ്രാർഥിച്ചിരുന്ന ആ പ്രാചീന ശിൽപ്പികളിൽനിന്ന് നമ്മുടെ ആധുനിക പരിസ്ഥിതി ഗവേഷകർക്ക് പലതും പഠിക്കാനുണ്ട്.’ ആത്മകഥയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിൽ ഇങ്ങനെ കാണാം. “അനുഭവങ്ങളുടെ ഊഷ്മളതയും ആത്മാർഥതയുടെ തിളക്കവും ചേരുമ്പോഴാണ് ഒരു ആത്മകഥ മനുഷ്യകത്തിന്റെ ഒരു രേഖയായി മാറുന്നത്.
മഹാകവി പി കുഞ്ഞിരാമൻ നായരുടെ ആത്മകഥയായ കവിയുടെ കാൽപ്പാടുകളുടെ അവതാരികയിൽ, ആ പുസ്തകത്തിലുടനീളം പ്രകടമാകുന്ന ആത്മനിന്ദയുടെ തീവ്രസാന്നിധ്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുന്നു. “അദ്ദേഹം (പി) ആത്മനിന്ദയുടെ പരമകാഷ്ഠയിൽ നിന്നാണ് ആ കൃതി (കവിയുടെ കാൽപ്പാടുകൾ) രചിച്ചതെന്നു പിന്നീടു തോന്നി. അത്ര വേണ്ടിയിരുന്നില്ല ആത്മനിന്ദ എന്ന് വിചാരിച്ചുപോയി.’ പവനന്റെ ആത്മകഥക്കുള്ള അവതാരികയിൽ, വേദന മറച്ചുപിടിച്ച് മന്ദഹസിക്കാനുള്ള സിദ്ധിപോലെ വലുതായി ഒന്നുമില്ലെന്നും ആ സിദ്ധിയാണ് ഈ ഗ്രന്ഥത്തെ മധുരോദാരമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കെ പി പി നമ്പ്യാരുടെ നിപ്പോൺ തെക്കി എന്ന യാത്രാവിവരണ ഗ്രന്ഥത്തെ പരിചയപ്പെടുത്തുമ്പോൾ ജപ്പാനീസ് സാഹിത്യത്തിലെ മഹാരഥന്മാരായ അകുതഗാവ റിയനോസുകെ, യൂകിയോ മിഷിമ തുടങ്ങിയവരെക്കുറിച്ചും അവരുടെ രചനകളുടെ സവിശേഷതകളെക്കുറിച്ചും എം ടി പ്രതിപാദിക്കുന്നുണ്ട്. ഈ രണ്ട് സാഹിത്യകാരന്മാരുടേയും ആത്മഹത്യയെക്കുറിച്ചു പരാമർശിക്കുമ്പോൾ ഹരാകിരി എന്ന പേരിൽ ജപ്പാനിൽ ആചരിക്കുന്ന ആത്മഹത്യാ ചടങ്ങിനെക്കുറിച്ചുള്ള വിചിത്രമായ വസ്തുതകളും അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നു.
എം ടിയുടെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ കഥകളും നോവലുകളും പോലെത്തന്നെ ഹൃദ്യവും ആർദ്രവുമാണ്. അറിവിന്റെയും അനുഭൂതിയുടെയും അപാരതകളിലേക്ക് അവ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു. പുസ്തകത്തിന്റെ പൂമുഖവും വ്യത്യസ്തമല്ല. നിരന്തരമായ വായനയിൽനിന്നും ആഴത്തിലുള്ള ചിന്തയിൽനിന്നും അദ്ദേഹം ആർജിച്ച ധിഷണയുടെ പ്രകാശമാണ് ഈ പുസ്തകത്തെയും ജ്വലിപ്പിച്ചുനിർത്തുന്നത്. എഴുത്തുകാരൻ പടിയിറങ്ങിയെങ്കിലും അക്ഷരവിസ്മയങ്ങളുടെ ഈ വലിയ പൂമുഖം വായനക്കാരുടെ മുന്നിൽ എപ്പോഴും തുറന്നുകിടക്കുകതന്നെയാണ്.