Connect with us

doctor's murder

കൊല്ലപ്പെട്ട ഡോക്ടര്‍ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്

Published

|

Last Updated

കൊല്‍ക്കത്ത | ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട യുവഡോക്ടര്‍ അതിക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 14 ഇടത്ത് മുറിവുകളുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടായി. തലയിലും മുഖത്തും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളുണ്ട്.

ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോര്‍ട്ടിലുണ്ട്. രക്തവും ശരീര സ്രവങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കേസില്‍ ഇടപെട്ട ഹൈക്കോടതി പോലീസ് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ച ശേഷം അന്വേഷണം സി ബി ഐക്ക് വിട്ടു. സംഭവം വിവാദമായതിന് പിന്നാലെ രാജ്യമാകെ പ്രതിഷേധം അലയടിക്കുകയാണ്. ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരെ എല്ലാം ഉടന്‍ പിടികൂടും എന്ന് സി ബി ഐ ഉറപ്പ് നല്‍കിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛന്‍ പറഞ്ഞു. മകള്‍ക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവില്‍ നടക്കുന്ന പോരാട്ടങ്ങളില്‍ പ്രതീക്ഷയുണ്ട്.

ആശുപത്രിക്കുള്ളില്‍ കുറ്റവാളികളുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും പ്രതിഷേധത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ ദില്ലിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു മുന്നില്‍ സമാന്തര ആശുപത്രി സ്ഥാപിച്ച് ചികിത്സയാരംഭിച്ചു. ഡല്‍ഹി ജന്ദര്‍ മന്ദറില്‍ അടക്കം ഒത്തുചേര്‍ന്നത് നൂറോളം ഡോക്ടര്‍മാരാണ്.

ഓഗസ്റ്റ് ഒമ്പതിനാണ് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയാണ് ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിവില്‍ പോലീസ് വളണ്ടിയറായ സഞ്ജയ് റോയി അറസ്റ്റിലായി. എന്നാല്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും കുടുംബവും ഡോക്ടര്‍മാരും പരാതി ഉന്നയിച്ചു.

 

Latest