Connect with us

ആത്മീയം

ഭക്തിയുടെ ശക്തി

പ്രപഞ്ചനാഥനോട് ഇരുകരങ്ങളുമുയർത്തി മനമുരുകി കേണപേക്ഷിക്കേണ്ട സമയമാണ് റമസാനിന്റെ ഒടുവും പെരുന്നാളിന്റെ രാപകലും. ആഘോഷം എന്നതിലുപരി ആരാധനയാണ് ഈദുൽ ഫിത്വർ. അന്നേ ദിവസം അല്ലാഹു മാലാഖമാരെ വിളിച്ചു പറയും: "നിങ്ങൾ എന്റെ അടിമകളിലേക്കു നോക്കൂ, അവരോട് ഞാൻ ഒരു മാസക്കാലം വ്രതമനുഷ്ഠിക്കാൻ കൽപ്പിച്ചു. അവർ അത് നിർവഹിച്ചു. ഇന്ന് വ്രതം അരുതെന്നും നിസ്കാരം നിർവഹിക്കണമെന്നും പറഞ്ഞു. അവരതു ചെയ്തു. അതുകൊണ്ടുതന്നെ അവർക്ക് ഞാൻ അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്തിരിക്കുന്നു'.

Published

|

Last Updated

നുഗ്രങ്ങളുടെ പേമാരി പെയ്തിറങ്ങുന്ന വിശുദ്ധിയുടെ ദിനരാത്രങ്ങൾ വിട വാങ്ങുന്നു. കാരുണ്യവും പാപമോചനവും നരക മോചനവും ആത്മ സംസ്‌കരണവും സ്വർഗ പ്രവേശനവുമെല്ലാം ചോദിച്ചുവാങ്ങുന്നതിന് പ്രപഞ്ചനാഥൻ പ്രത്യേകമായി കനിഞ്ഞേകിയ അനർഘനിമിഷങ്ങളാണ് അവസാനിക്കുന്നത്.

പാപപങ്കിലമായ ജീവിത പരിസരങ്ങളില്‍നിന്നും വൃത്തികേടുകളില്‍നിന്നും മാറിനില്‍ക്കാനും സ്‌നേഹവും കാരുണ്യവും പകരുന്ന, ക്ഷമയും വിട്ടുവീഴ്ചയും കാണിക്കുന്ന ജീവിത ക്രമം കെട്ടിപ്പടുക്കാനും യഥാർഥ വിശ്വാസിക്ക് നോമ്പിലൂടെ സാധിക്കുന്നു. അതോടൊപ്പം ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും സഹജീവി സ്നേഹത്തിന്റെയും ആനന്ദമനുഭവിക്കാനും വ്രതാനുഷ്ഠാനം പരിശീലിപ്പിക്കുന്നു.

നിറകണ്ണുകളോടെ, വ്രണിത ഹൃദയത്തോടെ മാത്രമേ വിശുദ്ധ റമസാനെ യാത്രയാക്കാൻ വിശ്വാസിക്ക് സാധിക്കുകയുള്ളൂ. കാരണം റമസാൻ പ്രതികൂലമായവൻ പരലോകത്ത് രക്ഷപ്രാപിക്കില്ലെന്ന് ഹദീസുകളിലുണ്ട്. ഒരിക്കല്‍ തിരുനബി(സ) മിമ്പറില്‍ കയറി മൂന്ന് തവണ “ആമീന്‍’ എന്ന് പറഞ്ഞു. തദവസരത്തിൽ അങ്ങ് എന്തിനാണ് ഇങ്ങനെ “ആമീന്‍’ പറഞ്ഞതെന്ന് അനുചരര്‍ ചോദിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു;

“ജീബ്‌രീല്‍(അ) എന്റെയരികില്‍ വന്ന് മൂന്ന് കാര്യങ്ങള്‍ പറഞ്ഞു പ്രാർഥിക്കുകയും മൂന്നിനും ആമീന്‍ പറയാന്‍ എന്നോടാവശ്യപ്പെടുകയും ചെയ്തു. അതിലൊന്ന് വിശുദ്ധ റമസാനില്‍ ജീവിക്കാനവസരം ലഭിച്ച് ആ മാസം വിടപറയുമ്പോഴേക്കും തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാത്ത മനുഷ്യന്‍ നശിച്ചുപോകട്ടെയെന്നായിരുന്നു.’ (തിർമിദി)

റമസാനിലെ വ്യത്യസ്ത ആരാധനകളിലൂടെ തഖ്‌വയുടെ ഗ്രാഫ്‌ എത്രമാത്രം ഉയര്‍ത്താൻ സാധിച്ചുവെന്ന ആത്മപരിശോധന ഓരോരുത്തരും നടത്തേണ്ട വേളയാണിത്. അപ്പോഴാണ് കേവലം ഒരു അനുഷ്ഠാനമെന്നതിനപ്പുറം വ്യക്തിജീവിതത്തില്‍ റമസാന്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. പൂർവികർ തങ്ങളുടെ കർമങ്ങള്‍ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന കാര്യത്തില്‍ വളരെയധികം വ്യാകുലരാവുകയും ആത്മവിചാരണ നിരന്തരം നടത്തുകയും ചെയ്തിരുന്നു.

കൃത്യവും ചിട്ടയാർന്നതുമായ പരിശീലനമാണ് റമസാൻ സമ്മാനിക്കുന്നത്. അത് ശിഷ്ടകാല ജീവിതത്തെ ക്രമീകരിക്കാൻ സഹായിക്കുന്നു. നോമ്പിലൂടെ നിയന്ത്രിക്കപ്പെടുന്നത് ഉദരം മാത്രമല്ല, കയര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ശരീരത്തിന്റെ താത്പര്യങ്ങളെ കൂടിയാണ്. സംസാര നിയന്ത്രണം, ഖുർആൻ പാരായണം, സുന്നത്ത് നിസ്‌കാരങ്ങൾ, ദാനധർമങ്ങൾ, പരോപകാരം, ഇഅ്തികാഫ്, മിതത്വം പാലിക്കൽ, തെറ്റുകളിൽ നിന്ന് അകലം പ്രാപിക്കൽ തുടങ്ങിയവയെല്ലാം നോമ്പ് നൽകിയ നല്ല ശീലങ്ങളാണ്.

റമസാന്‍ വിട പറയുന്നതോടെ ആരാധനാകർമങ്ങളില്‍ നിന്ന് പിൻവലിയുന്നതും ആരാധകരാൽ ധന്യമായിരുന്ന പള്ളികള്‍ കാലിയാകുന്നതും പലയിടങ്ങളിലും കാണാവുന്നതാണ്. ഭക്തരാവുകയെന്ന വ്രതത്തിന്റെ പ്രധാന ലക്ഷ്യം നേടിയിട്ടില്ല എന്നതിന്റെ ലക്ഷണമാണത്. അത്തരക്കാരുടെ ആരാധനകൾ വിശുദ്ധഖുർആൻ പരിചയപ്പെടുത്തിയ ഖുറൈശി സ്ത്രീയുടെ വേലപോലെയാണ്. മക്കയില്‍ ജീവിച്ചിരുന്ന റീത്വ ബിന്‍ത് സഅദ്‌ എന്ന സ്ത്രീ രാവിലെ മുതല്‍ നല്ലശക്തിയും ഉറപ്പുമുള്ള നൂല്‍ നൂല്‍ക്കുകയും വൈകുന്നേരമായാല്‍ നൊടിയിടനേരം കൊണ്ട് അതെല്ലാം ഓരോ ഇഴകളായി അഴിച്ചു കളയുകയും ചെയ്തിരുന്നു. പ്രസ്തുത സ്ത്രീയുടെ പരാമർശം ഖുര്‍ആനിൽ കാണാം: “വളരെ ബലത്തില്‍ നൂല്‍ നൂറ്റ ശേഷം സ്വയം പല ഇഴകളായി അഴിച്ചുകളഞ്ഞ സ്ത്രീയെപോലെ നിങ്ങളാവരുത്’ (അന്നഹ്ൽ: 92)

റമസാനിലെ അവസാന രാവിന് ഏറെ പവിത്രതയുണ്ട്. നോമ്പ് അവസാനിക്കുന്നതിലൂടെ മനുഷ്യർക്കുണ്ടാവുന്ന നഷ്ടത്തെ കുറിച്ചോര്‍ത്ത് ആകാശവും ഭൂമിയും മലക്കുകളും പ്രപഞ്ചത്തിലെ സകല സൃഷ്ടികളും കരയുന്ന രാത്രിയാണത്. പെരുന്നാളിന്റെ രാത്രി അല്ലാഹു പ്രത്യേക മലക്കുകളെ ഭൂമിയിലേക്കിറക്കുമെന്നും അവര്‍ നോമ്പുകാര്‍ക്ക് അല്ലാഹുവിന്റെ സന്തോഷ വാര്‍ത്തയറിയിക്കുമെന്നും ഹദീസുകളിലുണ്ട്.

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഫിത്റ് സകാത് കൊടുക്കേണ്ടത് റമസാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലിലെ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്നവരാണ്. (നവജാത ശിശുവിനടക്കം) (തുഹ്ഫ). വിശുദ്ധ റമസാനിലെ അവസാന പകലിലെ സൂര്യാസ്തമയത്തോടെ അത് നിര്‍ബന്ധമാകുന്നു. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: “മുസ്‌ലിംകളിലെ അടിമയും സ്വതന്ത്രനും പുരുഷനും സ്ത്രീയും ചെറിയവരും വലിയവരും ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാര്‍ലിയോ ഫിത്വര്‍ സകാത് നല്‍കല്‍ നിര്‍ബന്ധമാണ്.’ ജനങ്ങൾ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടും മുമ്പ് അത് കൊടുക്കണമെന്നും അവിടുന്ന് കല്‍പ്പിച്ചു. (ബുഖാരി)

ശവ്വാൽ മാസമുദിച്ചതു മുതൽ പെരുന്നാൾ നിസ്കാരം വരെ തക്ബീർ ചൊല്ലൽ വളരെയധികം പ്രതിഫലാർഹമാണ്. ഒരു മാസം നീണ്ടുനിന്ന ഉപവാസത്തിന് ശക്തിയും ആരോഗ്യവും നല്‍കിയ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയാണ് തക്ബീറിലൂടെ ചെയ്യുന്നത്. വിശുദ്ധ റമസാൻ മാസം പൂർത്തീകരിക്കാനും സ്രഷ്ടാവിനെ അനുസരിക്കാനും അവസരം ലഭിച്ചതിനുള്ള അടിമയുടെ നന്ദിയാണ് തക്ബീറിലൂടെ സാധ്യമാകുന്നതെന്ന് ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്.

പ്രപഞ്ചനാഥനോട് ഇരുകരങ്ങളുമുയർത്തി മനമുരുകി കേണപേക്ഷിക്കേണ്ട സമയമാണ് റമസാനിന്റെ ഒടുവും പെരുന്നാളിന്റെ രാപകലും. ആഘോഷം എന്നതിലുപരി ആരാധനയാണ് ഈദുൽ ഫിത്വർ. അന്നേ ദിവസം അല്ലാഹു മാലാഖമാരെ വിളിച്ചു പറയും: “നിങ്ങൾ എന്റെ അടിമകളിലേക്കു നോക്കൂ, അവരോട് ഞാൻ ഒരു മാസക്കാലം വ്രതമനുഷ്ഠിക്കാൻ കൽപ്പിച്ചു. അവർ അത് നിർവഹിച്ചു. ഇന്ന് വ്രതം അരുതെന്നും നിസ്കാരം നിർവഹിക്കണമെന്നും പറഞ്ഞു. അവരതു ചെയ്തു. അതുകൊണ്ടുതന്നെ അവർക്ക് ഞാൻ അവരുടെ പാപങ്ങൾ പൊറുത്തുകൊടുത്തിരിക്കുന്നു’. വിശുദ്ധ റമസാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ !

Latest