Connect with us

aathmeeyam

വാക്കുകളുടെ ശക്തി

വാക്കുകളുടെ ശക്തി വലുതാണ്. അത് ചിന്തകളെയും വിശ്വാസങ്ങളെയും പ്രവൃത്തികളെയും രൂപപ്പെടുത്തുകയും ശാരീരിക മാനസിക ഊർജം പകരുകയും വിചാര വികാരങ്ങൾ ഉണർത്തുകയും ചെയ്യും. ആളുകളെ പ്രചോദിപ്പിക്കാനും പ്രകോപിപ്പിക്കാനും ഒരുമിച്ച് കൊണ്ടുപോകാനും സന്തോഷിപ്പിക്കുവാനും സുഖിപ്പിക്കാനും ഉപദ്രവിക്കാനും ശാക്തീകരിക്കാനും വേദനിപ്പിക്കാനും ഭിന്നിപ്പിക്കാനും സംഘർഷങ്ങൾ സൃഷ്ടിക്കാനുമെല്ലാം വാക്കുകൾക്ക് ശക്തിയുണ്ട്.

Published

|

Last Updated

വാക്കുകൾ ആശയ വിനിമയത്തിലെ പ്രധാന മാർഗമാണ്. വിവരങ്ങൾ കൈമാറാനും ആശയങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മനുഷ്യൻ പ്രധാനമായും ഉപയോഗിക്കുന്നത് വാക്കുകളാണ്. അധ്യാപനം, ബിസിനസ്സ്, കുടുംബ ജീവിതം, സന്താന പരിപാലനം, രാഷ്ട്രീയ പ്രവർത്തനം, സാമൂഹിക സമുദ്ധാരണം തുടങ്ങി ജീവിതത്തിന്റെ സകല മേഖലകളിലും വാക്കുകൾ വരുന്നു. വാക്കുകളിലെ പ്രയോഗങ്ങൾ ഓരോരുത്തരുടെയും വ്യക്തിത്വത്തെയും സ്വഭാവത്തെയും പ്രകൃതത്തെയും അടയാളപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.

വാക്കുകളുടെ ശക്തി വലുതാണ്. അത് ചിന്തകളെയും വിശ്വാസങ്ങളെയും പ്രവൃത്തികളെയും രൂപപ്പെടുത്തുകയും ശാരീരിക മാനസിക ഊർജം പകരുകയും വിചാര വികാരങ്ങൾ ഉണർത്തുകയും ചെയ്യും. ആളുകളെ പ്രചോദിപ്പിക്കാനും പ്രകോപിപ്പിക്കാനും ഒരുമിച്ച് കൊണ്ടുപോകാനും സന്തോഷിപ്പിക്കുവാനും സുഖിപ്പിക്കാനും ഉപദ്രവിക്കാനും ശാക്തീകരിക്കാനും വേദനിപ്പിക്കാനും ഭിന്നിപ്പിക്കാനും സംഘർഷങ്ങൾ സൃഷ്ടിക്കാനുമെല്ലാം വാക്കുകൾക്ക് ശക്തിയുണ്ട്.

വാക്കുകളിൽ വരുന്ന പ്രയോഗങ്ങൾ അപരനെ നല്ലതാക്കുകയോ അപമാനിക്കുകയോ മൗനിയാക്കുകയോ ചെയ്യും. വാക്കുകൾ ചുറ്റിക പോലെയാണ്, അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ സാധനങ്ങൾ തകരുകയും ശ്രദ്ധയോടെയാവുമ്പോൾ മൂല്യവത്തായ എന്തെങ്കിലും നിർമിക്കാൻ സാധിക്കുകയും ചെയ്യും. സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ചാവണം ഓരോ വാക്കും ഉപയോഗിക്കേണ്ടത്. എയ്‌ത അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാകില്ലെന്ന് ഒരു ചൊല്ലുണ്ട്. നാക്കിലെ പിഴ ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇരുതല മൂര്‍ച്ചയുള്ള കത്തിയോടാണ് ചിലർ നാക്കിനെ ഉപമിച്ചത്. നന്മയിലുപയോഗിച്ച് വിജയിക്കാനും തിന്മയില്‍ തുലച്ച് പരാജയം ഏറ്റുവാങ്ങാനും എളുപ്പം സാധിക്കും. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ നാശം സമ്മാനിക്കുകയും ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയും അവസാനിക്കാത്ത തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും ജീവിതം നരകതുല്യമാകുകയും തലമുറകൾ തന്നെ തകര്‍ന്നുപോകാൻ ഇടവരുകയും ചെയ്യും.

വാളിനും വാക്കിനും ഇംഗ്ലീഷിലുള്ള sword, words എന്നീ പദങ്ങളിൽ ഉപയോഗിച്ചത് ഒരേ അക്ഷരങ്ങളാണ്. വാളുകൾ കൊണ്ട് ഉണ്ടാവുന്നതിനേക്കാൾ മാരകമായതും ഉണങ്ങാൻ താമസിക്കുന്നതും നാക്കുകൾ കൊണ്ടുള്ള മുറിവുകളാണ്. ഒരു അറബ് തത്ത്വചിന്തകന്റെ വാക്കുകളിൽ കാണാം: “ആയുധം കൊണ്ടുണ്ടാവുന്ന മുറിവുകൾക്ക് സൗഖ്യമുണ്ട്. എന്നാൽ വാക്കുകളുണ്ടാക്കുന്ന മുറിവുകൾ മാറാതെ കിടക്കും’. വാക്കുകൾ നന്നാക്കണമെന്ന് വിശുദ്ധ ഖുർആൻ പലയിടങ്ങളിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. “നിങ്ങൾ ജനങ്ങളോട് നല്ലവാക്ക് പറയണം’ (അൽബഖറ : 83). ചില വാക്കുകൾ സമുദ്രത്തെ പോലും അശുദ്ധമാക്കുമെന്ന് തിരുനബി(സ) പറഞ്ഞിട്ടുണ്ട്. രണ്ട് അവയവങ്ങള്‍ സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ അവന് ഞാന്‍ സ്വര്‍ഗം കൊണ്ട് ജാമ്യം നില്‍ക്കുമെന്ന് നബി(സ) പറഞ്ഞതിൽ ഒരു അവയവം നാവാണ്. സ്വര്‍ഗ പ്രവേശനവും നരക മോചനവും അന്വേഷിച്ച് തിരുനബി(സ)യെ സമീപിച്ച മുആദ് (റ)നോട് അവിടുന്ന് പറഞ്ഞത് നാക്കൊതുക്കാനായിരുന്നു. വാക്കൊതുക്കുന്നവന്‍ ഊക്കൻ എന്നത് എത്ര സുന്ദര പ്രയോഗം !