prathivaram poem
പ്രാർഥന
ഹേ ദുഷ്ടാ..ഒന്നാം വെടിയാൽ നീയെടുത്ത കരുണയെ രണ്ടാം വെടിയാൽ നീയെടുത്ത സ്നേഹത്തെ മൂന്നാം വെടിയാൽ നീയെടുത്ത ദയയെ ഞാളെ.... ഗാന്ധിയെ തിരികെ തരൂ ... ഞാളെ രാജ്യം തരൂ...
അന്നൊക്കെ
പുലർച്ചയ്ക്ക്
കേക്കേതിലമ്പലത്തിൽ
പാട്ടുവെച്ച്
ഇത്തിരി കഴിയുമ്പം
പടിഞ്ഞാറെ പള്ളീന്ന്
ബാങ്കുവിളി കേൾക്കും
ചെലപ്പം
രണ്ടും ഒപ്പരം.
അപ്പഴേക്കും
അമ്മ എണീറ്റു
മിറ്റമടിക്കാനും
തൊടയ്ക്കാനുമൊക്കെ
പോയിട്ടുണ്ടാവും
ഇത്തിരി കൂടി കഴിയുമ്പം
അങ്ങട്ടേലെ
സൂറാബിയും
സൈനുവും
ഞാളെ മിറ്റത്തൂടി
ഓത്ത് പള്ളിലേക്കോടും
മിറ്റാര്മ്പിലിരുന്നു
പല്ലു തേയ്ക്കുന്ന അച്ഛൻ
ഓലെ വയിക്യലേക്കാക്കും.
തിരിച്ചോല് വന്നാ
ഞാള് ഒപ്പരം
സ്കൂളിലേക്കു പോവും
തിരിച്ചൊപ്പരം വരും.
വൈകുന്നേരം
അമ്പലത്തിലെ
പാട്ട് വെച്ചാൽ
അമ്മയ്ക്ക്
വീണ്ടും മിറ്റമടിയ്ക്കലും
തൊടയ്ക്കലും
തെരക്കാവും
അതു കഴിഞ്ഞാൽ
മോന്ത്യക്കത്തെ
ബാങ്കിന് ചെകിടോർക്കും
വെളക്ക് വെക്കാൻ
പിന്നെ
പാഠപുസ്തകം
ഒറക്കനെ വായിക്കും..
ഞാള്..
അപ്പറത്ത്ന്ന്
ഓലും വായിക്കും.
ഖലീഫ ഉമ്മറും
ശിബി മഹാരാജാവും
ജരിത പക്ഷിയും.
ആ നല്ല കാലത്തിന്റെ
ഓർമകളിലേക്കാരെറിഞ്ഞതാണീ
വെറുപ്പിന്റെ വിത്തുകൾ
നോക്കു
എത്ര വേഗമാണത്
മുള പൊട്ടുന്നത്…
കൊടുംവേനലായതിനെ
കരിയിച്ചു കളയേണമേ..
ഒരു മഹാപ്രളയത്തിലത്
ഒലിച്ചുപോവണേ…
അല്ലെങ്കിൽ
ഹേ ദുഷ്ടാ..
ഒന്നാം വെടിയാൽ നീയെടുത്ത കരുണയെ
രണ്ടാം വെടിയാൽ നീയെടുത്ത സ്നേഹത്തെ
മൂന്നാം വെടിയാൽ നീയെടുത്ത ദയയെ
ഞാളെ…. ഗാന്ധിയെ
തിരികെ തരൂ …
ഞാളെ രാജ്യം തരൂ…