Connect with us

ssf

സാഹിത്യോത്സവ് വേദിയില്‍ സാഹിത്യ പ്രതിഭകളുടെ നിറ സാന്നിധ്യം

നാളെ ടി ഡി രാമകൃഷ്ണന്‍ പ്രഭാഷണം നടത്തും

Published

|

Last Updated

മഞ്ചേരി | സംസ്ഥാന സാഹിത്യോത്സവിന്റെ ഭാഗമായി നാളെ മനുഷ്യരുടെ പച്ചജീവിതത്തില്‍ കലയുടെ പ്രയോജന മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നാണ് പരിപാടി.  മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന എസ് എസ് എഫ് 31 മത് കേരള സാഹിത്യോത്സവ് നാളെയാണ് മഞ്ചേരിയില്‍ തുടങ്ങുന്നത്.

31 ന് രാവിലെ 11ന് ധിഷണ ജീവിതത്തെ കാണുന്നു എന്ന വിഷയത്തില്‍ പി സുരേന്ദ്രന്‍, വീരാന്‍കുട്ടി എന്നിവരും ഉച്ചയ്ക്ക് 2.30 ന് മനുഷ്യജീവിതം; കാലത്തില്‍ വലുതായിക്കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ എന്ന വിഷയത്തില്‍ എസ് ജോസഫ്, കെ പി രാമനുണ്ണി എന്നിവരും സംസാരിക്കും. രാത്രി ഏഴിന് അതിരുകള്‍ മായുന്ന ലോകം എന്ന വിഷയത്തില്‍ ഡോ.കെ എം അനില്‍ പ്രഭാഷണം നടത്തും. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11ന്

എഴുതേണ്ടത്, വായിക്കേണ്ടത് എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, മനുഷ്യന്‍, അടയാളം, ആവിഷ്‌കാരം എന്ന വിഷയത്തില്‍ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ വിവിധ വേദികളിലായി പ്രഭാഷണം നടത്തും. മറ്റുവേദികളില്‍ ക്രോണി ജേണലിസം എന്ന വിഷയത്തില്‍ ദാമോദര്‍ പ്രസാദ്, കെ നുഐമാന്‍, മുസ്തഫ പി എറയ്ക്കല്‍, എന്‍ ബി സിദ്ദീഖ് ബുഖാരി എന്നിവരും എഴുത്തിന്റെ പുനര്‍ നിര്‍മിതികള്‍ എന്ന വിഷയത്തില്‍ മജീദ് സെയ്ദ്, മിദ്ലാജ് തച്ചംപൊയില്‍, മുഹമ്മദ് ബി കടയ്ക്കല്‍ എന്നിവരും സംസാരിക്കും.

സാഹിത്യോത്സവിന്റെ ഭാഗമായി വിവിധ കാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ഥികള്‍ക്ക് സാഹിത്യ പരിശീലന ക്യാമ്പും ഉപരി പഠന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വിപുലമായ എജ്യൂസൈന്‍ പവലിയനും സജ്ജീകരിച്ചിട്ടുണ്ട്.

 

 

Latest