Connect with us

Story

വർത്തമാനം

Published

|

Last Updated

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈയിൽ കിട്ടിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഏറെ ആഗ്രഹിച്ചിരുന്ന ജോലിയാണ്. കിട്ടിയില്ലെങ്കിൽ വല്ലാത്ത നിരാശയാകും. അങ്ങനെ ചിന്തിക്കാനേ പാടില്ല, കിട്ടുമെന്ന ശുഭാപ്തി വിശ്വാസം വേണം. അച്ഛനും അമ്മയും സഹോദരനുമെല്ലാം വലിയ സന്തോഷത്തിലായിരുന്നു. ഇന്റർവ്യൂവിൽ വിജയിച്ച് അവൾക്ക് ഈ ജോലി കിട്ടാനായി എല്ലാവരും പ്രാർഥിച്ചു.

അഭിമുഖ ദിവസം അടുത്ത് വരുംതോറും അവളുടെ മനസ്സിലെ സംഘർഷങ്ങളും കൂടിവന്നു. മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. അഭിമുഖത്തിനായി എല്ലാ ദിവസവും തയ്യാറെടുപ്പുകൾ നടത്തി.ദൂരെയുള്ള പട്ടണത്തിൽ വെച്ചാണ് അഭിമുഖം. അന്ന് രാവിലെ പോയാൽ സമയത്ത് എത്തുമോ എന്നുറപ്പില്ല.വഴിയിൽ എപ്പോഴും അപ്രതീക്ഷിതമായി ബ്ലോക്ക് വരാം. തലേ ദിവസം തന്നെ പോകുന്നതാകും നല്ലത്.

തലേന്ന് അച്ഛനോടൊപ്പം പോയി എവിടെയെങ്കിലും റൂമെടുത്ത് താമസിച്ചാൽ മതി. പിന്നെ സമയത്ത് എത്തുമോ എന്ന് പേടിക്കാനൊന്നുമില്ല.പക്ഷേ, അമ്മയുടെ മനസ്സിൽ പേടി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അമ്മ എല്ലാവരോടുമായി പറഞ്ഞു. “അവളോടൊപ്പം ആരും പോകണ്ട,ഞാൻ പോയ്ക്കൊള്ളാം…’
അതു കേട്ട് എല്ലാവരും ഞെട്ടി. ഇത്രയും ദൂരം അമ്മയും മോളും കൂടി ഒറ്റയ്ക്ക് പോകുകയോ?
“നിനക്കെന്താ ഭ്രാന്താണോ?’ അച്ഛന് വല്ലാതെ ദേഷ്യം വന്നു.
“അമ്മേ, ഇത്രേം ദൂരം നിങ്ങൾ ഒറ്റയ്ക്ക് പോകണ്ട,ഞാൻ കൂടെ പൊയ്ക്കോളാം…’ സഹോദരൻ പറഞ്ഞു…
“വേണ്ട, ഞാൻ തന്നെ പൊയ്ക്കൊള്ളാം, അവിടെ ഒരു ബന്ധുവിന്റെ വീടുണ്ട്.അവിടെ താമസിക്കാം…’ അമ്മ വിടുന്ന മട്ടില്ല. അമ്മയുടെ നിർബന്ധത്തിനു മുന്നിൽ എല്ലാവരും മുട്ടുമടക്കി.. പക്ഷേ, എന്തിനാണ് അമ്മ ഇങ്ങനെ നിർബന്ധം പിടിക്കുന്നതെന്ന് മാത്രം ആർക്കും മനസ്സിലായില്ല.
അമ്മയ്ക്ക് അത് തുറന്നു പറയാനും കഴിയില്ലായിരുന്നു. അവരുടെ മനസ്സിൽ എത്രയോ അമ്മമാരുടെ ആധിയാണ് നീറി നിന്നത്. പത്രങ്ങളിലെ പീഡനത്താളുകൾ എത്രയോ നാളുകളായി ആ അമ്മമനസ്സിൽ ഒരു നെരിപ്പോടായി കത്തുകയായിരുന്നു.