Kerala
തുടര്‍ച്ചയുടെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനം: സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം | മുസ്ലിം ലീഗിന്റെ പരമോന്നത സ്ഥാനമായ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിക്ക് മുകളില്‍ ദേശീയ കമ്മിറ്റി ലീഗിനുണ്ടെങ്കിലും സംസ്ഥാന പ്രസിഡന്റ് പറയുന്നതാണ് അവസാന വാക്ക്. അതാണ് ഈ പാര്‍ട്ടിയുടെ കീഴ്‌വഴക്കം. ഇത് മറികടക്കാനാണ് സംസ്ഥാന പ്രസിഡന്റിനെ നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തോടെ മുസ്ലിം ലീഗിന്റെ പ്രസിഡന്റായും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി നല്‍കിയ പുതിയ ഉത്തരവാദിത്തത്തെക്കുറിച്ചും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും സിറാജിനോട് സംസാരിക്കുന്നു…
അധ്യക്ഷ സ്ഥാനം പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്
തുടര്‍ച്ചയുടെ ഭാഗമായാണ് പ്രസിഡന്റ് സ്ഥാനം. ബാപ്പ മരിച്ചപ്പോള്‍ ശിഹാബ് തങ്ങള്‍ വന്നു. ശിഹാബ് തങ്ങളുടെ മരണാനന്തരം ഹൈദരലി തങ്ങളായി. ഹൈദരലി തങ്ങളുടെ വിയോഗ ശേഷം ഈ ചുമതല എന്നില്‍ അര്‍പ്പിതമായി. ഇത് പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. അത് തന്നെയാണ് പ്രധാനം. സാദിഖലി എന്ത് ചെയ്തു എന്നല്ല നോക്കുക, സാദിഖലി പാരമ്പര്യത്തിന് വിരുദ്ധമായി എന്ത് ചെയ്തു എന്നാണ് ആളുകള്‍ വിലയിരുത്തുക. ആ നിലയിലേക്ക് പോകാതെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായി മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പക്വതയോടെ പ്രവര്‍ത്തിക്കും. അത് ശൈലീമാറ്റമായൊന്നും കരുതേണ്ടതില്ല.
കൂടിയാലോചനകളിലൂടെ പ്രവര്‍ത്തിക്കും
പുതിയ കാലഘട്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. പുതിയ സമരം, പുതിയ ചിന്ത, പുതിയ കാലഘട്ടം. സോഷ്യല്‍ മീഡിയ അമിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ. ഇവിടെ എങ്ങിനെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തെ വളച്ചൊഴിവില്ലാതെ നടപ്പിലാക്കാന്‍ പറ്റും. അതാണ് ആലോചിക്കുന്നത്. പരസ്പരം കൂടിയാലോചനകളിലൂടെ ചര്‍ച്ചകളിലൂടെ പാര്‍ട്ടിയില്‍ സമന്വയം ഉണ്ടാക്കി പ്രവര്‍ത്തിക്കും. മുസ്ലിം ലീഗ് സൈബര്‍ വാറിലേക്കൊന്നും പോകുന്നില്ല. സത്യസന്ധമായി കാര്യങ്ങള്‍ എത്തിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടപെടും.
സമുദായ സംഘടനകളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകും
മുന്നണി മാറ്റം എന്ന ചര്‍ച്ചയുണ്ടായിട്ടില്ല. ഇന്നുവരെ അങ്ങനെ ഒരു ചര്‍ച്ച നടത്തിയിട്ടില്ല. അത് ഗൗരവത്തില്‍ ആരും എടുത്തിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യമൊക്കെ നേരത്തെ പറഞ്ഞിരുന്നു. സമുദായ സംഘടനകളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകും. ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയും ഭുരിപക്ഷ സമൂഹത്തിന്റെ വിശ്വാസ്യതയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് യു ഡി എഫിന്റെ ശക്തി. അതില്‍ വല്ല വീഴ്ചയും സംഭവിച്ചാല്‍ യു ഡി എഫിന് ക്ഷീണം ചെയ്യും. ലീഗ് അനുരഞ്ജനത്തിന്റെ വഴിയാണ് തിരഞ്ഞെടുക്കാറ്.
‘സമസ്ത’-യുമായുള്ള സൗഹൃദം തുടര്‍ന്നു പോകും
‘സമസ്ത’യും ലീഗും പരമ്പരാഗതമായി തുടര്‍ന്നുവരുന്ന സൗഹൃദത്തിന്റെ രീതിയുണ്ട്. അത് തുടര്‍ന്ന് പോകും. ഞാന്‍ ‘സമസ്ത’യുടെ പ്രവര്‍ത്തകനായിരുന്നു. എസ് കെ എസ് എസ് എഫിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. മറ്റു വിഭാഗങ്ങളുമായി എനിക്ക് ബന്ധങ്ങളുണ്ട്.
ജീവകാരുണ്യ പദ്ധതികളുമായി മുന്നോട്ടു പോകും
ഒട്ടനവധി ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ വലിയ പദ്ധതികളുമായാണ് ലീഗ് മുന്നോട്ടു പോകുന്നത്. പി എം എസ് എ പൂക്കോയ തങ്ങളുടെ നാമധേയത്തില്‍ ഹോസ് പെയ്സ് എന്ന പേരില്‍ പാലിയേറ്റീവ് മേഖലയില്‍ ഹോം കെയര്‍ ആരംഭിക്കും. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കും. സാന്ത്വന പരിചരണ രംഗത്ത് ശക്തമായ ഇടപെടല്‍ നടത്തും.
ഫിറ്റ്‌നസ് കീപ്പ് ചെയ്യാറുണ്ട്
പാട്ട് ഇഷ്ടമാണ്, ഫുട്ബോള്‍ ഇഷ്ടമാണ്. നെയ്മര്‍, മെസ്സി, സിനദൈന്‍ സിദാന്‍, എന്നീ ഫുട്ബോള്‍ താരങ്ങളെ വലിയ ഇഷ്ടമാണ്. ഒഴിവ് കിട്ടുമ്പോള്‍ ഫുട്ബോള്‍ കാണും. അത് കരുതി ഉറക്കമൊഴിച്ച് കളി കാണാറില്ല. യാത്രകള്‍ ഒരിക്കലും മടുപ്പായി തോന്നിയിട്ടില്ല. ഫിറ്റനസ് കീപ്പ് ചെയ്യാറുണ്ട്. രാവിലെ നടക്കും. യോഗയുടെ ഭാഗമായുള്ള ബ്രീത്തിങ് തെറാപ്പി ചെയ്യാറുണ്ട്.
കുടുംബം
ഭാര്യ: സയ്യിദത്ത് സുല്‍ഫത്ത്. മക്കള്‍: സയ്യിദ് അസീലലി ശിഹാബ് തങ്ങള്‍, സയ്യിദ് ശഹീനലി ശിഹാബ് തങ്ങള്‍, സയ്യിദ് യാമിനലി ശിഹാബ് തങ്ങള്‍. സിദ്ര ഐദീദ് മരുമകളാണ്. സയ്യിദ് അഹമ്മദ് ഐദി പേരക്കുട്ടിയാണ്.