sirajlive expliner
രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ 11 മണിക്ക് തുടങ്ങും; ആഘോഷപരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി
വെെകുന്നേരത്തോടെ ഫലം അറിയാം
ന്യൂഡൽഹി | ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ആരെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ 11 മണിക്ക് പാർലിമെന്റിൽ ആരംഭിക്കും. വെെകുന്നേരത്തോടെ ഫലം അറിയാം. എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുർമുവും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് പോരാട്ടം. ദ്രൗപതി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ ഇങ്ങനെ
ആദ്യം റിട്ടേണിംഗ് ഓഫീസർമാർ വോട്ടുകൾ തരംതിരിച്ച് പരിശോധിക്കും. എംപിമാർ പച്ച പേന ഉപയോഗിച്ചും എം എൽ ഇമാർ പിങ്ക് നിറമുള്ള പേന ഉപയോഗിച്ചും ബാലറ്റ് പേപ്പറുകളിൽ സ്ഥാനാർത്ഥികൾക്കുള്ള മുൻഗണനാ ക്രമം എഴുതിയിട്ടുണ്ട്. ഇത് വേർതിരിച്ച ശേഷം രണ്ട് ട്രേകളിലേക്ക് മാറ്റും.
ആദ്യം എംഎൽഎമാരുടെ ബാലറ്റ് പേപ്പറുകളും പിന്നീട് എംപിമാരുടെയും ബാലറ്റ് പേപ്പറുകളുമാണ് പരിശോധിക്കുക. മുർമുവിന്റെ പേര് ആദ്യം ലിസ്റ്റ് ചെയ്യുന്ന പേപ്പറുകൾ അവരുടെ ട്രേയിലും സിൻഹയുടേത് അദ്ദേഹത്തിന്റെ ട്രേയിലും നിക്ഷേപിക്കും. ഒരു എംപിയുടെ വോട്ടുകളുടെ മൂല്യം 700 ണ്. അതേസമയം ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം അവരുടെ സംസ്ഥാനത്തെ ജനസംഖ്യയെ ആശ്രയിച്ചിരിക്കുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയി ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയല്ല, ഒരു നിശ്ചിത ക്വാട്ടയേക്കാൾ കൂടുതൽ വോട്ട് നേടുന്നയാളാണ്. ഓരോ സ്ഥാനാർത്ഥിക്കും പോൾ ചെയ്ത വോട്ടുകൾ ചേർത്ത് തുകയെ രണ്ടായി ഹരിച്ച് അതിൽ ‘1’ ചേർത്താണ് ക്വാട്ട നിർണ്ണയിക്കുന്നത്. ഈ മൂല്യത്തേക്കാൾ കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥിയായിരിക്കും വിജയി. പാർലമെന്റ് ഹൗസിന്റെ റൂം നമ്പർ 73-ന് പുറത്ത് മീഡിയ സ്റ്റാൻഡ് സ്ഥാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ആരംഭിച്ചാൽ ട്രെൻഡുകൾ അവിടെ അറിയിക്കും. തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും
ഒഡീഷയിൽ നിന്നുള്ള ആദിവാസി വനിതയും മുൻ ജാർഖണ്ഡ് ഗവർണറുമായ എംഎസ് മുർമുവിനെ എൻഡിഎ തിരഞ്ഞെടുത്തത് കൃത്യമായ ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷത്തെ പിളർത്താനും നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ, ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ ചേരിചേരാ കക്ഷികളിൽ നിന്ന് പിന്തുണ നേടാനുമുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. .
ആഘോഷത്തിന് ഒരുങ്ങി ബിജെപിയും മുർമുവിന്റെ നാടും
മുർമുവിൻെറ വിജയം ഉറപ്പിച്ച സാഹചര്യത്തിൽ ബിജെപി വിപുലമായ ആഘോഷ പരിപാടികൾ ആസൂത്രംണ ചെയ്തിട്ടുണ്ട്. പാർട്ടി ആസ്ഥാനത്ത് നിന്ന് രാജ്പഥിലേക്ക് റോഡ് ഷോ നടത്താനാണ് തീരുമാനം. നിരവധി മുതിർന്ന നേതാക്കൾ പരിപാടിയിൽൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുർമുവിനെ തീൻ മൂർത്തി മാർഗിലെ താൽക്കാലിക വസതിയിൽ സന്ദർശിച്ച് അഭിനന്ദനമറിയിക്കും.
മുർമുവിന്റെ നാടായ ഒഡീഷയിലും വിജയാരവത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. 20,000 മധുരപലഹാരങ്ങൾ തയ്യാറാക്കിയാണ് ഒഡീഷയിലെ റൈരംഗ്പൂരിലെ നിവാസികൾ ആഘോഷത്തിന് കാത്തിരിക്കുന്നത്. ആദിവാസി നൃത്തവും വിജയഘോഷയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്.