Uae
ഗോത്ര സമൂഹങ്ങളുടെ ആഘോഷത്തില്‍ പ്രസിഡന്റ് പങ്കെടുത്തു
അല്‍ നദ്ബ, അശ്വാഭ്യാസം, ഒട്ടക പ്രദര്‍ശനം എന്നിവയുള്‍പ്പെടെ നിരവധി സാംസ്‌കാരിക പ്രകടനങ്ങളുമുണ്ടായിരുന്നു.
അബൂദബി|യു എ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ഗോത്രങ്ങള്‍ അബൂദബിയില്‍ ഒത്തുകൂടി. ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമായ ഈ മാര്‍ച്ച് ഓഫ് ദി യൂണിയനില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്‍ പങ്കെടുത്തു. അല്‍ വത്ബയില്‍ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അല്‍ ഹുസ്ന്‍ ഗേറ്റില്‍ പ്രകടനം യു എ ഇ ദേശീയ ഗാനത്തോടെ ആരംഭിച്ചു.
യു എ ഇയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തോടുള്ള ആദരവായി അഭിമാനത്തോടെ സംഘം യു എ ഇ പതാക വഹിച്ചു. പരമ്പരാഗത നാടന്‍ പാട്ടുകള്‍ ആലപിച്ചു. അല്‍ അസി, അല്‍ അയ്യാല തുടങ്ങിയ പരമ്പരാഗത പ്രകടനങ്ങള്‍ അവതരിപ്പിച്ചു. അല്‍ നദ്ബ, അശ്വാഭ്യാസം, ഒട്ടക പ്രദര്‍ശനം എന്നിവയുള്‍പ്പെടെ നിരവധി സാംസ്‌കാരിക പ്രകടനങ്ങളുമുണ്ടായിരുന്നു. ബ്രദര്‍ലി സ്പിരിറ്റ് എന്ന പേരില്‍ പ്രത്യേക മൗറിറ്റാനിയന്‍ കലാപ്രകടനവും ഉണ്ടായി. ശൈഖുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍ എന്നിവര്‍ ആശംസകള്‍ കൈമാറുകയും ദേശീയ ഐക്യത്തിന്റെ യഥാര്‍ഥ പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.