Connect with us

ARTICLE.

ഞെരുക്കം രൂക്ഷം; മുണ്ട് മുറുക്കണം

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍, ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തല്‍, റവന്യൂകമ്മി ഗ്രാന്റ് വെട്ടിക്കുറക്കല്‍, വായ്പാപരിധി നിയന്ത്രിക്കല്‍ തുടങ്ങിയവയാണ് സംസ്ഥാന ഖജനാവിനെ ഞെരുക്കത്തിലേക്ക് തള്ളിവിട്ടതെന്നും ഇതുമൂലം നിലവില്‍ സംസ്ഥാനത്തിന് 23,000 കോടിയുടെ പ്രതിസന്ധിയുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിക്കുന്നു.

Published

|

Last Updated

വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക ഞെരുക്കത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കര്‍ശന നടപടികളിലേക്ക് കടന്നിട്ടില്ല. എന്നാല്‍ സാമ്പത്തിക സ്ഥിതിയനുസരിച്ച് നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ ധനകാര്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ധനവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന ഖജനാവിന്റെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് ധനകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത് ഇതിന്റെ ഭാഗമായാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കല്‍, വിവിധ വകുപ്പുകളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങല്‍, ഓഫീസുകളിലേക്ക് പുതിയ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് ഉത്തരവ്.

നേരത്തേ കൊവിഡ് വ്യാപന കാലത്തെ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് രണ്ട് വിദഗ്ധ സമിതികള്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ചാണ് ധനകാര്യ വകുപ്പിന്റെ നടപടി.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍, ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തല്‍, റവന്യൂകമ്മി ഗ്രാന്റ് വെട്ടിക്കുറക്കല്‍, വായ്പാപരിധി നിയന്ത്രിക്കല്‍ തുടങ്ങിയവയാണ് സംസ്ഥാന ഖജനാവിനെ ഞെരുക്കത്തിലേക്ക് തള്ളിവിട്ടതെന്നും ഇതുമൂലം നിലവില്‍ സംസ്ഥാനത്തിന് 23,000 കോടിയുടെ പ്രതിസന്ധിയുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിക്കുന്നു. ഇത് പരിഹരിക്കാനാണ് ചെലവ് നിയന്ത്രണമടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തേ സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ഡിസംബര്‍ 31 വരെയാണ് ലീവ് സറണ്ടര്‍ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് നീട്ടിയത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു ഇതുസംബന്ധിച്ച ധനവകുപ്പിന്റെ വിശദീകരണം.
ഒപ്പം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഘട്ടത്തില്‍ 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് ചെലവാക്കാന്‍ പണമില്ലാതെ സംസ്ഥാന ഖജനാവ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമോ എന്ന ആശങ്ക നിലനിന്നിരുന്ന സമയത്തായിരുന്നു വലിയ ബില്ലുകള്‍ മാറുന്നതിന് താത്കാലിക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. ഓണക്കാലത്ത് 15,000 കോടി ഒറ്റയടിക്ക് ചെലവഴിച്ച സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായെങ്കിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകാതെ നോക്കാന്‍ കഴിഞ്ഞിരുന്നു. ധനക്കമ്മി നികത്തുന്നതിനായി കേന്ദ്രത്തില്‍ നിന്ന് ഗ്രാന്റ്, ജി എസ് ടി വിഹിതം എന്നിവ ലഭിച്ചതാണ് അന്ന് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ച ഘടകം.

കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതാണ് കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമായത്. അപ്രഖ്യാപിത ട്രഷറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തിന്റെ സ്ഥിതി നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത. അതേസമയം സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിന് സഹകരണ ബേങ്കുകളില്‍ നിന്നും സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തി വരുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷം നിലവിലെ കണക്കനുസരിച്ച് 32,425 കോടിയോളം കേരളത്തിന് വിപണിയില്‍ നിന്ന് കടമെടുക്കാന്‍ സാധിക്കും. ഇതില്‍ 17,500 കോടി രൂപ കടമെടുക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വായ്പയെടുക്കുന്നതിന് പരമാവധി തടസ്സമുണ്ടാക്കാനുള്ള കേന്ദ്ര നീക്കം ഏറെ വിവാദത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിരുന്നു. സംസ്ഥാനങ്ങളുടെ കടമെടുപ്പില്‍ ഇടപെടുമെന്നും സൗജന്യങ്ങള്‍ നല്‍കാന്‍ വേണ്ടി കടമെടുക്കുന്നത് അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയത്.

കിഫ്ബി ചൂണ്ടിക്കാട്ടിയാണ് ഇത്തവണ കേന്ദ്രം കേരളത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സര്‍ക്കാറിന്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഈ നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാറിന് സാധിക്കില്ല. അങ്ങനെ കണക്കാക്കിയാല്‍ കേരളത്തിന് കടമെടുക്കാനുള്ള പരിധി കുത്തനെ കുറയും. നിത്യനിദാന ചെലവുകള്‍ക്ക് കടമെടുപ്പിനെ ആശ്രയിക്കുന്ന കേരളത്തിന് ഇത്ര വലിയൊരു ആഘാതം താങ്ങാന്‍ സാധിക്കില്ല. അതേസമയം കൊവിഡ് കാലത്ത് വാങ്ങിയ കടവും കിഫ്ബിയിലൂടെ വാങ്ങിയ കടവും ട്രഷറിയിലെ വാര്‍ഷിക നീക്കിയിരുപ്പ് മാറ്റിയതും എല്ലാം കൂടി പൊരുത്തപ്പെടുന്നില്ലെന്ന വാദമാണ് വായ്പക്ക് അനുമതി നിഷേധിക്കുന്നതിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര നീക്കത്തില്‍ അല്‍പ്പം രാഷ്ട്രീയം കൂടിയുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാനമെടുത്ത വായ്പ സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കിഫ്ബിയുടെ കാര്യം മുമ്പ് സി എ ജി റിപോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ആവശ്യപ്പെട്ട കണക്കുകള്‍ നല്‍കിയിട്ടുണ്ടെന്നതാണ് സംസ്ഥാന ധനവകുപ്പിന്റെ നിലപാട്. രണ്ട് പേരും തമ്മിലുള്ള വടംവലി തുടര്‍ന്നാല്‍ സംസ്ഥാനം ഗുരുതരമായ പ്രതിസന്ധിയിലേക്ക് പോകും.

സംസ്ഥാനത്തിന്റെ ഒരു മാസത്തെ ആകെ ശരാശരി ചെലവ് 13,733.00 കോടി രൂപയാണ്. എന്നാല്‍ ശരാശരി 11,205.00 കോടി മാത്രമേ വിവിധ മാര്‍ഗങ്ങളിലൂടെ പ്രതിമാസം സംസ്ഥാന ഖജനാവിലേക്ക് സമാഹരിക്കാന്‍ കഴിയുന്നുള്ളൂ. ഇതില്‍ 3,498.41 കോടി രൂപ ശമ്പളത്തിനും 2,236.16 കോടി രൂപ പെന്‍ഷനും വേണ്ടി നീക്കിവെക്കണം. ഇങ്ങനെ ആകെ 5,734.57 കോടി രൂപ മാസം വേണ്ടിവരും. 3,77,065 വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,38,535 വരുന്ന പെന്‍ഷന്‍കാര്‍ക്കും വേണ്ടിയാണ് ശമ്പളവും പെന്‍ഷനുമായി ആകെ ചെലവിന്റെ പകുതിയോളം വരുന്നത്. പിന്നീട് മുന്‍ കടങ്ങളുടെ തിരിച്ചടവ്, വിവിധ ക്ഷേമ പദ്ധതികള്‍, ഭരണച്ചെലവ് അങ്ങനെ നിരവധി മേഖലകളുണ്ട് മറ്റ് ചെലവുകളായി. വിവിധ നികുതികള്‍ വഴി ആകെ സര്‍ക്കാറിന് ലഭിക്കുന്ന 6,174.00 കോടി രൂപ മാത്രമാണ് നേരിട്ട് ലഭിക്കുന്ന വരുമാനം. ബാക്കിയെല്ലാം പരോക്ഷ വരുമാനമാണ്. പ്രത്യക്ഷ നികുതി വരുമാനം ഉയരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവില്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലില്ലായെന്നതും തിരിച്ചടിയാണ്.

അതേസമയം കേരളത്തിന്റെ കടമെടുപ്പിലെ കണക്കുകളില്‍ പൊരുത്തക്കേടുണ്ട് എന്ന കേന്ദ്ര വാദത്തെ സംശയത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കിക്കാണുന്നത്. കേരളത്തിന് പുറമെ കടമെടുപ്പിന് അപേക്ഷിച്ച മഹാരാഷ്ട്ര, ആന്ധ്ര, പഞ്ചാബ്, ജമ്മു, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാന്‍ കേന്ദ്രം നിരുപാധികം അനുമതി നല്‍കിയിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം