First Gear
ഇന്ത്യക്കാരുടെ പ്രിയ ഹാച്ച്‌ബാക്ക് വാഗൺ ആറിനും വിലകൂടുന്നു
15,000 രൂപ വരെ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി|ഇന്ത്യക്കാരുടെ പ്രിയ വാഹന ബ്രാൻഡാണ് മാരുതി സുസുക്കി. സാധാരണക്കാരുടെ ബഡ്‌ജറ്റിൽ മികച്ച ഫീച്ചറുകളോടെ പുറത്തിറക്കുന്ന മാരുതി വാഹനങ്ങൾക്ക് സ്വീകാര്യതയും ഏറെയാണ്. ഇതിൽ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിൽ ഒന്നാണ് വാഗൺ ആർ. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രാജ്യത്ത് വിൽക്കുന്ന മോഡലുകളുടെ വില വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാഗൺ ആറിനും വില വർദ്ധിപ്പിക്കുമെന്നാണ് പുതിയ വാർത്ത. ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ വില ഇതിനകം ബ്രാൻഡ് നേരിയ തോതിൽ കൂട്ടിയിരുന്നു. വാഗൺ ആറിനും ചെറിയ തോതിലാണ് വില വർദ്ധന. 15,000 രൂപ വരെ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
നിലവിൽ നാല് ട്രിം ലെവലുകളിലാണ് വാഗൺ ആർ പുറത്തിറങ്ങുന്നത്. LXi, VXi, ZXi, ZXi പ്ലസ്. എഞ്ചിനിൽ 1.0 ലിറ്റർ, 1.2 ലിറ്റർ ഓപ്ഷനുകൾ ഉൾപ്പെടുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും AMTയും ഉൾപ്പെടുന്നു. കൂടാതെ, വാഹനത്തിന്‍റെ CNG-പവർ പതിപ്പും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.
ചെറിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ 55.92 bhp കരുത്തും 92.1 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. വലിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 88.5 bhp കരുത്തും 113 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. 23.56 kmpl മുതൽ 25.19 kmpl വരെ ഇന്ധനക്ഷമതയാണ് കാർ വാഗ്ദാനം ചെയ്യുന്നത്. എല്ലാ മോഡലുകൾക്കും വില വർദ്ധന ബാധകമാണ്. വില വർദ്ധനയോടെ വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില 5.64 ലക്ഷം മുതൽ 7.47 ലക്ഷം രൂപ വരെയാകും.