Connect with us

union budget 2024

മൂന്നു മരുന്നുകളുടെ വിലകുറയും; ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം

ഇന്ത്യയില്‍ ഓരോ വര്‍ഷവും 1.4 ദശലക്ഷം ക്യാന്‍ സര്‍ രോഗികളെ പുതുതായി കണ്ടെത്തുന്നതായാണ് കണക്കുകള്‍ പറയുന്നത്.

Published

|

Last Updated

കോഴിക്കോട് | ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ്. മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 1.4 ദശലക്ഷം ക്യാന്‍ സര്‍ രോഗികളെ പുതുതായി കണ്ടെത്തുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ ഏകദേശം 2,75,000 രോഗികള്‍ക്ക് സ്തന, അണ്ഡാശയ, പ്രോസ്റ്റേറ്റ് അല്ലെങ്കില്‍ പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ ഉണ്ടെന്നാണ് വിവധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം എട്ടു വര്‍ഷത്തിനിടെ കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേരാണ്. ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനെ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 3,092 പേര്‍ ചികിത്സ നേടി. നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ഔദ്യോഗിക സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ നിരവധിയാണ്. അവയും വിലയിരുത്തിയാല്‍ കേരളത്തിലെ കാന്‍സര്‍ രോഗനില ആശങ്കാജനകമാണെന്ന് വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലാണ് വലിയൊരു വിഭാഗം ചികിത്സ തേടുന്നത്. സ്വകാര്യ മേഖലയില്‍ ക്യാന്‍സര്‍ ചികിത്സ ഭാരിച്ച ചെലവു വരുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയത് രോഗികള്‍ക്ക് പ്രതീക്ഷ പകരുന്നത്.

കൂടാതെ, മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറിന്റെയും വില കുറയും. ഫോണ്‍ ഇറക്കുമതി തീരുവ കുറച്ചു.ഇന്ത്യന്‍ മൊബൈല്‍ വ്യവസായം പക്വത പ്രാപിച്ചിട്ടുണ്ടെന്നും, മൊബൈല്‍ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി, മൊബൈല്‍ പിസിഡിഎ (പ്രിന്റഡ് സര്‍ക്യൂട്ട് ഡിസൈന്‍ അസംബ്ലി), മൊബൈല്‍ ചാര്‍ജുകള്‍ എന്നിവയുടെ നികുതി 15% ആയി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു. വെള്ളിയുടെ തീരുവയും കുറഞ്ഞു. 20 ധാതുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റെ 6.4 ശതമാനമായും കുറയ്ക്കും. ആഭ്യന്തര മൂല്യവര്‍ധന ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം. വസ്ത്രങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇവയ്ക്കും വില കുറയും.

തുകല്‍ ഉല്‍പ്പനങ്ങള്‍ക്കും താരതമ്യേന വിലകുറയും. അതേസമയം പ്ലാസ്റ്റിക്കിന് കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇവയ്ക്ക് വില വര്‍ധിക്കും.സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ നികുതിയിളവ് നല്‍കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയ്ക്കും.

Latest