Connect with us

National

ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

വികസിക്കുന്ന ഇന്ത്യയുടെ ഒരു മഹത്തായ ചിത്രം അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാതകളില്‍ ഒന്നാണിതെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി | ഡല്‍ഹി – മുംബൈ എക്‌സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി – ദൗസ – ലാല്‍സോട്ട് ഭാഗമാണ് പ്രധാനമന്ത്രി ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 5940 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതാ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.

ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ആദ്യഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. വികസിക്കുന്ന ഇന്ത്യയുടെ ഒരു മഹത്തായ ചിത്രം അവതരിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ അതിവേഗപാതകളില്‍ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആധുനിക റോഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, റെയില്‍വേ പാതകകള്‍, മെട്രോ, വിമാനത്താവളങ്ങള്‍ എന്നിവ നിര്‍മ്മിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന് ചലനക്ഷമതയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് 2014ലെ വിഹിതത്തേക്കാള്‍ 5 മടങ്ങ് അധികമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ ബന്ധിപ്പിക്കല്‍, പക്കാ വീടുകളുടെയും കോളേജുകളുടെയും നിര്‍മ്മാണം എന്നിവയില്‍ നിക്ഷേപം നടത്തുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ശാക്തീകരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍പ്ലാന്‍ വഴിയാണ് ഡല്‍ഹി മുംബൈ അതിവേഗപാത നടപ്പാക്കുന്നത് എന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഒപ്റ്റിക്കല്‍ ഫൈബര്‍, വൈദ്യുതി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ സ്ഥാപിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന ഭൂമി സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനും സംഭരണാവശ്യങ്ങള്‍ക്കും (വെയര്‍ഹൗസുകള്‍) ഉപയോഗിക്കുമെന്നും അറിയിച്ചു. ഇതിലൂടെ ഭാവിയില്‍ രാജ്യത്തിന് ധാരാളം പണം ലാഭിക്കാനാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഡല്‍ഹി മുംബൈ അതിവേഗപാതയുടെ 246 കിലോമീറ്റര്‍ വരുന്ന ഡല്‍ഹി – ദൗസ – ലാല്‍സോട്ട് ഭാഗം 12,150 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. ഈ ഭാഗം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറില്‍ നിന്ന് ഏകദേശം 3.5 മണിക്കൂറായി കുറയുകയും ഈ പ്രദേശത്തിന്റെയാകെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നല്‍കുകയും ചെയ്യും.

1,386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി മുംബൈ അതിവേഗപാത ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അതിവേഗപാതയായിരിക്കും. ഇതോടെ ഡല്‍ഹിയും മുംബൈയും തമ്മിലുള്ള യാത്രാദൂരം 1,424 കിലോമീറ്ററില്‍ നിന്ന് 1,242 കിലോമീറ്ററായും യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായും കുറയും. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേ കോട്ട, ഇന്‍ഡോര്‍, ജയ്പൂര്‍, ഭോപ്പാല്‍, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

പരിപാടിയില്‍, 5940 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2000 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന ബാന്‍ഡികുയി മുതല്‍ ജയ്പൂര്‍ വരെയുള്ള 67 കിലോമീറ്റര്‍ നീളമുള്ള നാലുവരി സ്പര്‍ റോഡ് (ഇടറോഡ്),ഏകദേശം 3775 രൂപ ചെലവില്‍ വികസിപ്പിക്കുന്ന കോട്പുട്ട്‌ലി മുതല്‍ ബറോഡാനിയോ വരെയുള്ള ആറുവരി സ്പര്‍ റോഡ്, ഏകദേശം 150 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന ലാല്‍സോട്ട് – കരോളി ഭാഗത്തിന്റെ രണ്ടുവരി പേവ്ഡ് ഷോള്‍ഡര്‍ (പാതയുടെ പുറംഭാഗത്തുനിന്നുള്ള രണ്ടുവരി പാത) എന്നിവയും ഇതില്‍ ഉള്‍പ്പെടും.

---- facebook comment plugin here -----

Latest