Connect with us

National

രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ദർഭംഗ-ഡൽഹി അമൃത് ഭാരത്, അയോധ്യ-ആനന്ദ് വിഹാർ വന്ദേ ഭാരത് എന്നീ ട്രെയിനുകൾ അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ, മറ്റു ആറ് ട്രെയിനുകൾ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

Published

|

Last Updated

ലക്നോ | രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഇതിൽ ആറെണ്ണം വന്ദേഭാരത് ട്രെയിനുകളാണ്. പുതുക്കി പണിത അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

ദർഭംഗ-ഡൽഹി അമൃത് ഭാരത്, അയോധ്യ-ആനന്ദ് വിഹാർ വന്ദേ ഭാരത് എന്നീ ട്രെയിനുകൾ അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ, മറ്റു ആറ് ട്രെയിനുകൾ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

സാധാരണക്കാരെ ഉദ്ദേശിച്ചുള്ള അതിവേഗ ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്. നൂതനമായ പുഷ് പുള്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിന് പരമാവധി മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും. ട്രെയിനിന്റെ മുന്നിലും പിന്നിലും എഞ്ചിനുകള്‍ ഘടിപ്പിച്ച് ഒന്ന് മുന്നോട്ട് വലിക്കുകയും മറ്റൊന്ന് പിന്നില്‍ നിന്ന് തള്ളുകയും ചെയ്യുന്ന സങ്കേതിക വിദ്യയാണ് പുഷ് പുള്‍. കുലുക്കമില്ലാത്ത അതിവേഗ യാത്രയാണ് ട്രെയിൻ വാഗ്ദാനം ചെയ്യുന്നത്.

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര – ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്, അമൃത്സർ – ഡൽഹി ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ജൽന – മുംബൈ (CSMT) വന്ദേ ഭാരത് എക്സ്പ്രസ്, അയോധ്യ – ആനന്ദ് വിഹാർ ടെർമിനൽ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്, മംഗലാപുരം – മഡ്ഗാവ് ഗോവ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ.

അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന പുനർവികസിപ്പിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻ, അയോധ്യയിലെ വരാനിരിക്കുന്ന ശ്രീരാമമന്ദിറിന്റെ ക്ഷേത്ര വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. പ്രതിദിനം ഒരു ലക്ഷത്തോളം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന തരത്തിൽ 240 കോടിയിലധികം രൂപ ചെലവിലാണ് സ്റ്റേഷൻ നവീകരണം നടത്തിയത്. മൂന്ന് നിലകളുള്ള ആധുനിക റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ ലിഫ്റ്റുകൾ, ഫുഡ് പ്ലാസകൾ, പൂജ ആവശ്യങ്ങൾക്കുള്ള കടകൾ, ശിശു സംരക്ഷണ മുറികൾ, കാത്തിരിപ്പ് ഹാളുകൾ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്.

Latest