National
സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
പുതിയ വന്ദേ ഭാരത് ട്രെയിന്‍ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിലുള്ള 700 കിലോമീറ്റര്‍ ദൂരം 12 മണിക്കൂറില്‍ നിന്ന് 8.5 മണിക്കൂറായി കുറയ്ക്കും
സെക്കന്തരാബാദ് | രാജ്യത്തെ എട്ടാമത് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഫ്ളാഗ് ഓഫ് ചെയ്തു. തെലങ്കാനയിലെ സെക്കന്തരാബാദിനെയും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെയും ബന്ധിപ്പിക്കുന്നതാണ് ട്രെയിൻ. 15 ദിവസത്തിനുള്ളില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന രണ്ടാമത്തേ വന്ദേ ഭാരത് എക്സ്പ്രസ് കൂടിയാണിത്. പുതിയ വന്ദേ ഭാരത് ട്രെയിന്‍ സെക്കന്തരാബാദിനും വിശാഖപട്ടണത്തിനും ഇടയിലുള്ള 700 കിലോമീറ്റര്‍ ദൂരം 12 മണിക്കൂറില്‍ നിന്ന് 8.5 മണിക്കൂറായി കുറയ്ക്കും.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ റെയിൽവേയുടെ മുഖച്ഛായ മാറ്റിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥ നിരാശാജനകമായിരുന്നു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിര്‍ദ്ദേശം വന്നപ്പോഴെല്ലാം, ബജറ്റ് പരിമിതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയെന്ന് ഹെറിടേജ് ട്രയിന്‍, വിസ്റ്റ ഡോം തുടങ്ങിയ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് മോദി പറഞ്ഞു.
ഏഴ് വന്ദേ ഭാരത് ട്രെയിനുകള്‍ 23 ലക്ഷം കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ഇത് 58 തവണ ഭൂമിയിലൂടെ സഞ്ചരിച്ചതിന് തുല്യമാണെന്നും, ഇന്നത്തെ ഇന്ത്യ എല്ലാവര്‍ക്കും വികസനവും വേഗതയും വാഗ്ദാനം ചെയ്യുന്നുവെന്നും ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ മോദി കൂട്ടിചേര്‍ത്തു.