Connect with us

Kerala

പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാമ്പില്‍ എത്തി; എല്ലാം നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ചു

മോദിക്കു മുമ്പില്‍ പലരും വിങ്ങിപ്പൊട്ടി

Published

|

Last Updated

കല്‍പ്പറ്റ | വയനാട് ദുരന്തമേഖല സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ക്യാമ്പില്‍ എത്തി എല്ലാം നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ചു. കണ്ണു നിറഞ്ഞ കുട്ടികളെ തോളത്തു തട്ടി പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മോദിക്കു മുമ്പില്‍ പലരും വിങ്ങിപ്പൊട്ടി. വലിയ ദുരന്തം ഏറ്റുവാങ്ങി ക്യാമ്പില്‍ കഴിയുന്ന ഒമ്പതു പേരെയാണ് പ്രധാനമന്ത്രി കണ്ടത്. സമയക്രമം നോക്കാതെയാണ് പ്രധാനമന്ത്രി ദുരന്ത ഭൂമിയിലും ക്യാമ്പിലും ചെലവഴിച്ചത്. തുടര്‍ന്ന് ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവര്‍ ചികിത്സയില്‍ കഴിയുന്ന വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. അവരെ ആശ്വസിപ്പിച്ചു.

കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയില്‍ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരല്‍ മലയില്‍ നിന്ന് മടങ്ങിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജി വി എച്ച് എസ് സ്‌കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി കണ്ടു. വെള്ളാര്‍മല സ്‌കൂളിലെത്തിയ മോദി സ്‌കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കുട്ടികളുടെ തുടര്‍ പഠനത്തെക്കുറിച്ചും മറ്റും ചീഫ് സെക്രട്ടറി ഡോ. വി വേണു വിശദീകരിച്ചുകൊടുത്തു.

സ്‌കൂള്‍ റോഡിലെ അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. പാറക്കൂട്ടങ്ങള്‍ നിരയായി വന്നടിഞ്ഞ സ്ഥലത്തും മോദി എത്തി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചൂരല്‍മല സ്‌കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു കണ്ടു. അരമണിക്കൂറോളം ചൂരല്‍മലയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി സൈന്യം നിര്‍മിച്ച ബെയ്‌ലി പാലത്തില്‍ എത്തി. പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എന്‍ഡിആര്‍എഫ്, എസ്ഒജി ഉദ്യോഗസ്ഥരുമായും സംസാരിച്ചു.

പാലത്തിന്റെ മറുകരയിലുള്ള ഉദ്യോഗസ്ഥരെയും കണ്ട ശേഷമാണ് പ്രധാനമന്ത്രി ചൂരല്‍ മലയില്‍ നിന്ന് മടങ്ങിയത്. സ്‌കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Latest