National
ജയില്‍ ഉദ്യോഗസ്ഥരുടെ പിടിയിലാകുമെന്ന ഭയത്താല്‍ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി
തടവുകാരനെ കൂടുതല്‍ ചികിത്സയ്ക്കായി പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
പട്ന| ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലാ ജയിലില്‍ തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ജയില്‍ ഉദ്യോഗസ്ഥരുടെ പിടിയിലാകുമെന്ന ഭയത്താലാണ് പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച നടത്തിയ പരിശോധനയ്ക്കിടെയാണ് തടവുകാരനായ ക്വയ്ഷര്‍ അലി ഫോണ്‍ വിഴുങ്ങിയത്.എന്നാല്‍, ഞായറാഴ്ച അലിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് തടവുകാരന്‍ ജയില്‍ അധികൃതരെ വിവരമറിയിക്കുകയും ഉടന്‍ തന്നെ അദ്ദേഹത്തെ ഗോപാല്‍ഗഞ്ച് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.ആശുപത്രിയില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും തടവുകാരനെ കൂടുതല്‍ ചികിത്സയ്ക്കായി പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
2020 ജനുവരി 17 ന് ഗോപാല്‍ഗഞ്ച് പോലീസാണ് അലിയെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ് ആക്ട്) പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ ജയിലിലാണ്.
ബിഹാര്‍ ജയിലിനുള്ളില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. 2021 മാര്‍ച്ചില്‍ സംസ്ഥാനത്തുടനീളമുള്ള ജയിലുകളില്‍ നടത്തിയ റെയ്ഡുകളില്‍ ഏകദേശം 35 സെല്‍ഫോണുകളും ഏഴ് സിം കാര്‍ഡുകളും 17 സെല്‍ഫോണ്‍ ചാര്‍ജറുകളും പിടിച്ചെടുത്തു. കതിഹാര്‍, ബക്സര്‍, ഗോപാല്‍ഗഞ്ച്, നളന്ദ, ഹാജിപൂര്‍, അറ, ജെഹാനാബാദ് എന്നിവിടങ്ങളിലും സംസ്ഥാനത്തെ മറ്റ് ചില ജയിലുകളിലും റെയ്ഡുകള്‍ നടത്തി. .