Connect with us

Kerala

മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. 

Published

|

Last Updated

തിരുവനന്തപുരം | ഡബ്ല്യൂസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തു വന്നശേഷമുള്ള വിവാദങ്ങള്‍, ഹൈക്കോടതിയുടെ ഇന്നലത്തെ നിര്‍ദേശം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഹേമകമ്മിറ്റി റിപോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേരുകളോ മൊഴിയുടെ വിശദാംശങ്ങളോ പുറത്തുവരരുതെന്ന് അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വകരിക്കണം. മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, വനിതകള്‍ക്ക് ലൊക്കേഷനില്‍ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങള്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികൾ ഉറപ്പാക്കുമെന്നും മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

രേവതി, റിമ കല്ലിങ്കല്‍, ദീദി ദാമോദരന്‍, ബീനാ പോള്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം റിമ കല്ലിങ്കല്‍ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപവും മൊഴികളും തെളിവുകളും അടക്കം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.