Connect with us

Ongoing News

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു; അര്‍ജുന്റെ കുടുംബത്തെ കാണാന്‍ മനാഫ് എത്തി

തനിക്കെതിരെ കേസുകൊടുത്താലും ശിക്ഷിക്കപ്പെട്ടാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് വ്യക്തമാക്കിയിരുന്നു

Published

|

Last Updated

കോഴിക്കോട്  | സാമൂഹിക മാധ്യമങ്ങളിലടക്കം ആരോപണ പ്രത്യാരോപണങ്ങള്‍ തുടരവെ ലോറി ഉടമ മനാഫ് അര്‍ജുന്റെ കുടുംബത്തെ കാണാനെത്തി. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിനും മനാഫും പിന്നീട് പ്രതികരിച്ചു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു. പറയാനുദ്ദേശിച്ചത് വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വര്‍ഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു.മനാഫിനെതിരെ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടത്.

മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അര്‍ജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തി. സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പുപറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരായി സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെ കേസുകൊടുത്താലും ശിക്ഷിക്കപ്പെട്ടാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് വ്യക്തമാക്കിയിരുന്നു

Latest