Connect with us

Meelad

വെളിച്ചത്തിന്റെ വിളംബരകാലം

തിരുവസന്തത്തിന്റെ ആഗമനത്തില്‍ ആഹ്ലാദ ഭരിതരാണ് ലോക മുസ്‌ലിംകള്‍. മിക്ക രാജ്യങ്ങളിലും നബിദിനം അവധി ദിനമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

വിശ്വാസികളുടെ വസന്ത കാലമാണ് റബീഉല്‍ അവ്വല്‍. അവര്‍ക്കേറ്റവും പ്രിയപ്പെട്ട, ജീവന്റെ ജീവനായ തിരുനബി(സ) ജനിച്ച മാസം. ആ നിയോഗമാണല്ലോ നമുക്കിന്ന് കൈവന്ന അനുഗ്രഹങ്ങള്‍ക്കെല്ലാം നിദാനം. സര്‍വര്‍ക്കും നന്മയാണ് നമ്മുടെ നബി(സ), കാരുണ്യ പ്രവാഹവും. തിരുപ്പിറവി ഇല്ലായിരുന്നെങ്കില്‍!

നാഗരികതകളുടെയും മാനവിക മൂല്യങ്ങളുടെയും ഔന്നത്യം ഉദ്‌ഘോഷിക്കാന്‍ മാനവര്‍ക്ക് സാധിക്കുമായിരുന്നോ? ഇല്ലെന്ന് തന്നെയായിരിക്കും ഉത്തരം. അതെ, വെളിച്ചത്തിനു മേല്‍ വെളിച്ചം വന്ന മാസമാണ് റബീഉല്‍ അവ്വല്‍. നൂറുന്‍ അലാ നൂര്‍. ആ വെളിച്ചത്തിലാണ് മനുഷ്യരാശി ഇതുവരെ മുന്നോട്ടു നടന്നത്. ഇനി മുന്നോട്ടു പോകാനുള്ള മാര്‍ഗവും മറ്റൊന്നല്ല. റബീഉല്‍ അവ്വല്‍ വിശ്വാസികള്‍ക്ക് വെളിച്ചത്തിന്റെ വിളംബര കാലമാകുന്നതും അതുകൊണ്ടാണ്. വഴിപ്പെടുന്നവരുടെ വിശ്വാസം ദൃഢമാക്കാനും മറ്റുള്ളവരിലേക്ക് തിരുദര്‍ശനങ്ങളുടെ മാഹാത്മ്യം പ്രസരണം ചെയ്യാനും അത് കാരണമാകും.

സന്തോഷം പ്രകടിപ്പിക്കുകയാണ് റബീഉല്‍ അവ്വലില്‍ നമുക്ക് നിര്‍വഹിക്കാനുള്ളത്. തിരുജന്മദിനത്തില്‍ സന്തോഷമില്ലെങ്കില്‍ മറ്റെന്ന് സന്തോഷിക്കാനാണ്. പ്രവാചക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി, പ്രകീര്‍ത്തനങ്ങള്‍ ഉരുവിട്ട്, തിരുദര്‍ശനങ്ങള്‍ പങ്കിട്ട് അകവും പുറവും അലങ്കരിച്ച് ആഘോഷിക്കുക തന്നെ. അതില്‍ കുറക്കാനുമില്ല. കൂട്ടാനുമില്ല. വിമര്‍ശകരെ നമുക്ക് വെറുതെ വിടാം. അപശബ്ദങ്ങളെ അവഗണിക്കാം. അവക്കും മേലെ, തിരുസ്‌നേഹത്തിന്റെ ആകര്‍ഷണ വലയങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം.

വിശ്രുത പണ്ഡിതന്‍ ഇമാം ഖസ്തല്ലാനി(റ) പറഞ്ഞ ഒരു വാക്കുണ്ട്. “തിരുജന്മംകൊണ്ടനുഗ്രഹീതമായ മാസത്തിന്റെ രാത്രികള്‍ ആഘോഷ പൂര്‍ണമാക്കുന്നവര്‍ക്കത്രെ അല്ലാഹുവിന്റെ രക്ഷ. രോഗാതുരമായ ഹൃദയങ്ങളുടെ വക്താക്കള്‍ക്ക് അതൊരു ശമനൗഷധമായി ഭവിക്കട്ടെ’. “നമ്മുടെ കാലത്ത് നബിദിനത്തോട് അനുബന്ധിച്ച് നടക്കുന്ന നന്മകള്‍ എത്ര ഉദാത്തമാണ്. സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക, ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുക, സന്തോഷം പ്രകടിപ്പിക്കുക തുടങ്ങിയവയെല്ലാം പ്രവാചക സ്‌നേഹത്തിന്റെ അടയാളങ്ങളാണ്’ എന്ന അബൂശാമ(റ)ന്റെ പരാമര്‍ശങ്ങളും ചേര്‍ത്തുവായിക്കാം.

തിരുവസന്തത്തിന്റെ ആഗമനത്തില്‍ ആഹ്ലാദ ഭരിതരാണ് ലോക മുസ്‌ലിംകള്‍. മിക്ക രാജ്യങ്ങളിലും നബിദിനം അവധി ദിനമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഔദ്യോഗിക ചടങ്ങുകളും ആഘോഷങ്ങളും നടക്കാനിരിക്കുന്നു. പൂര്‍വ്വോപരി മികവോടെ മീലാദുന്നബിയുടെ സന്ദേശം സമുദായത്തിനകത്തും പുറത്തും എത്തിക്കേണ്ടതുണ്ട്.

അനുവദനീയ സന്ദര്‍ഭങ്ങള്‍ സമുചിതമായി ആഘോഷിക്കാനും നിഷിദ്ധ ഘട്ടങ്ങളില്‍ മാറി നില്‍ക്കാനും നാം പുതുതലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. എന്താണ് ആഘോഷമെന്നും എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നുമുള്ള ബോധവത്കരണങ്ങള്‍ അത്യാവശ്യമാണ്. മതത്തെ വരണ്ടുണങ്ങിയ ആദര്‍ശ സംഹിതയായി ചിത്രീകരിക്കുന്നവര്‍ അതിനുള്ള അവസരങ്ങള്‍ നിഷേധിക്കുകയാണ്. യുവ തലമുറ മറ്റു അവസരങ്ങള്‍ തേടിപ്പോകാന്‍ അത് വഴിയൊരുക്കും. റബീഉല്‍ അവ്വലിന്റെ പുണ്യ ദിനരാത്രങ്ങള്‍ സത്കര്‍മങ്ങളാല്‍ സമൃദ്ധമാക്കി ഈ വെല്ലുവിളികള്‍ തരണം ചെയ്യാന്‍ നമുക്ക് തയ്യാറെടുക്കാം.

Latest