Ongoing News
സാമ്പത്തിക സ്ഥിതി ഉയര്‍ത്താനും തുടക്കക്കാര്‍ക്ക് പിന്തുണ നല്‍കാനും പദ്ധതി ആവിഷ്‌കരിക്കും
പ്രത്യേക അംഗങ്ങളെയും ജനറല്‍ ഗവര്‍ണര്‍മാരെയും ചേര്‍ക്കുന്നതിലും സാംസ്‌കാരിക പരിപാടികളില്‍ കുടുംബങ്ങളെ ഇടപഴകിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
അബൂദബി | ഐ എസ് സിയുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തുക, കുടുംബ കേന്ദ്രീകൃത പരിപാടികള്‍ സംഘടിപ്പിക്കുക, ബിസിനസ് രംഗത്ത് തുടക്കക്കാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ എസ് സി) അബൂദബിയുടെ പുതിയ പ്രസിഡന്റ് ഡി നടരാജന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ മറ്റ് സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരങ്ങള്‍ നടന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നടരാജന്‍ അഞ്ചാം തവണയാണ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.1996, 2002, 2014, 2019, 2022 എന്നീ വര്‍ഷങ്ങളില്‍ നടരാജനായിരുന്നു പ്രസിഡന്റ്. ഐ എസ് സിയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. അത് ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂടാതെ പ്രത്യേക അംഗങ്ങളെയും ജനറല്‍ ഗവര്‍ണര്‍മാരെയും ചേര്‍ക്കുന്നതിലും സാംസ്‌കാരിക പരിപാടികളില്‍ കുടുംബങ്ങളെ ഇടപഴകിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. കുട്ടികളുടെ സാഹിത്യ കലാപരിപാടികളും സംഘടിപ്പിക്കും.
തുടക്കക്കാരായ ബിസിനസുകാര്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇടക്കിടെ യോഗങ്ങളും ആശയവിനിമയങ്ങളും നടത്തും. ഐ എസ് സി പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ഫോറത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ആവശ്യമുള്ള പ്രവാസി സമൂഹത്തെ തുടര്‍ന്നും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.