ആത്മായനം
വിട്ടുവീഴ്ച വിജയമന്ത്രമാക്കിയ തിരുനബി(സ)
വിട്ടുവീഴ്ച തിരു നബി(സ) തങ്ങളുടെ സ്വഭാവമായിരുന്നു. ക്ഷുഭിതരായി തിരുദൂതർക്കെതിരെ പാഞ്ഞടുത്തവരോട് വരെ തന്മയത്വത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതികരണമാണ് അവിടുന്ന് കാണിച്ചത്.രാഷ്ട്രീയ നിലപാടുകളിൽ പോലും വിട്ടുവീഴ്ചയുടെ രംഗങ്ങളാണ് റസൂലിന്റെ ജീവിതം നിറയെ. കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അധ്യാപന ജീവിതത്തിലും മുഴുക്കെ ആ നിലപാട് കൊണ്ടാണ് റസൂൽ വിജയിച്ചത്. ആ വിജയമന്ത്രമാണ് അനുയായികളിലേക്ക് റസൂൽ (സ) പകർന്നത്.
അബൂഹുറൈറ (റ) രേഖപ്പെടുത്തിയ തിരുദൂതരു (സ) ടെ പാഠം കേൾക്കൂ. “ദാനധര്‍മം ആരുടെയും സമ്പത്തിനെ കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു അടിമക്കും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിനായി വിനയം കാണിച്ചവർക്ക് അവൻ ഉയർച്ചയല്ലാതെ നൽകിയിട്ടുമില്ല.’
വിട്ടുവീഴ്ച തിരു നബി(സ) തങ്ങളുടെ സ്വഭാവമായിരുന്നു. ക്ഷുഭിതരായി തിരുദൂതർക്കെതിരെ പാഞ്ഞടുത്തവരോട് വരെ തന്മയത്വത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതികരണമാണ് അവിടുന്ന് കാണിച്ചത്. സഹചരെയും ആ ബോധത്തിലേക്കെത്തിക്കാൻ ലഭ്യമായ സന്ദർഭങ്ങളെല്ലാം അവിടുന്ന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു സബഅ് എന്നയാൾ റസൂലിനെ കുറിച്ച് പാടിയ ആക്ഷേപങ്ങൾക്ക് കൈയും കണക്കുമില്ലായിരുന്നു. മക്കാ വിമോചന ദിവസം അയാൾ പേടിച്ചോടി പിന്നീടൊരവസരത്തിൽ അയാൾ റസൂലിനെ ചെന്നു കണ്ട് മാപ്പ് തേടി. ഒട്ടും സങ്കോചമില്ലാതെ റസൂൽ(സ) മാപ്പു കൊടുത്തു.
റസൂലിന് വിഷം ചേർത്ത ആട്ടിറച്ചി കൊടുത്ത ജൂത സ്ത്രീയെ തിരുമുന്നിൽ ഹാജരാക്കിയപ്പോൾ “എന്തായിരുന്നു നിന്നെ അതിന് പ്രേരിപ്പിച്ചത്?’ എന്നു മാത്രമേ റസൂൽ (സ) ചോദിച്ചുള്ളൂ. ഒരാക്ഷേപവും പറഞ്ഞില്ല, ഭീഷണിപ്പെടുത്തിയില്ല, ശിക്ഷാനടപടികളിലേക്ക് കടന്നില്ല. “താങ്കൾ ഒരു നബിയാണോ എന്ന് നോക്കാൻ ചെയ്തതായിരുന്നു. നബിയാണെങ്കിൽ ഒന്നും സംഭവിക്കില്ല, കേവലം ഒരു രാജാവാണെങ്കിൽ അപ്പോൾ തന്നെ കഥ കഴിയും, ജനങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും, ഇതു മാത്രമായിരുന്നു തന്റെ മനസ്സിൽ’ എന്ന് അവൾ വിശദമായി പറഞ്ഞു.
കലുഷിതമാകുമെന്ന് ജനങ്ങൾ കരുതിയ മക്കാ വിമോചന സമയത്ത് എത്ര വശ്യമായാണ് റസൂലുല്ലാഹി (സ) നിലപാടെടുത്തത്. തുറങ്കിലടയ്ക്കപ്പെടുമെന്നും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്നും ഭയന്നുനിന്ന ശത്രുക്കളോട് ഖഅബയുടെ വാതിൽക്കൽ നിന്നുകൊണ്ട് റസൂൽ പറഞ്ഞു “നിങ്ങളാരും എന്നെ ഭയപ്പെടേണ്ട, ഞാനൊരു രാജാവല്ല, ഉണക്ക ഇറച്ചി തിന്നു ജീവിച്ച ഒരു ഖുറൈശി സ്ത്രീയുടെ മകനാണ് ഞാൻ. ഖുറൈശികളെ… നിങ്ങളുടെ മനസ്സിൽ ഉള്ളത് എന്താണ്?’
അവർ പറഞ്ഞു. “നല്ലത് മാത്രമേ ഞങ്ങൾ വിചാരിക്കുന്നുള്ളൂ. അങ്ങ് മാന്യനായ സഹോദരനാണ്, മാന്യ സഹോദരന്റെ മകനാണ് ‘ അവരോടായി റസൂലുല്ലാഹി(സ) തങ്ങൾ പറഞ്ഞു: “ഞാൻ എന്റെ സഹോദരൻ യൂസഫ് നബി (അ) പറഞ്ഞ വാക്കുതന്നെയാണ് നിങ്ങളോടും പങ്കു വെക്കുന്നത്. ഇന്ന് നിങ്ങൾക്ക് ശിക്ഷയേതുമില്ല, അല്ലാഹു നിങ്ങൾക്ക് മാപ്പ് നൽകട്ടെ, അവൻ കരുണാവാരിധിയാണ്, നിങ്ങളെല്ലാവരും പോയിക്കൊള്ളുക, നിങ്ങൾ സ്വതന്ത്രരാണ്’.
രാഷ്ട്രീയ നിലപാടുകളിൽ പോലും വിട്ടുവീഴ്ചയുടെ രംഗങ്ങളാണ് റസൂലിന്റെ ജീവിതം നിറയെ. കുടുംബ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും അധ്യാപന ജീവിതത്തിലും മുഴുക്കെ ആ നിലപാട് കൊണ്ടാണ് റസൂൽ (സ) വിജയിച്ചത്. ആ വിജയമന്ത്രമാണ് അനുയായികളിലേക്ക് റസൂൽ (സ) പകർന്നത്. അനസ് (റ) മറ്റൊരനുഭവം പങ്കുവെക്കുന്നുണ്ട്: “ഞാനും റസൂലും ഒരു സഞ്ചാരത്തിലായിരുന്നു. അവിടുത്തെ കഴുത്തിൽ പരുപരുത്ത ഒരു നജ്റാൻ പുതപ്പുണ്ട്, പോകും വഴി ഗ്രാമീണനായ ഒരു അറബിയെ കണ്ടു, അയാൾ റസൂലിന്റെ പുതപ്പ് ആഞ്ഞുവലിച്ചു, ഞാൻ റസൂലിന്റെ കഴുത്തിൽ നോക്കുമ്പോൾ വലിയുടെ ഊക്കിൽ പുതപ്പിന്റെ കഠിനമായ വക്ക് റസൂലിന്റെ കഴുത്തിൽ അമർന്നിരിക്കുന്നു. ഇത് ചെയ്തിട്ട് ആ മനുഷ്യൻ പറഞ്ഞു “മുഹമ്മദേ, നിന്റെ അടുത്ത് അല്ലാഹുവിന്റെ ധനം ഇല്ലേ, അതിൽ നിന്ന് എനിക്ക് എന്തെങ്കിലും തരാൻ പറയൂ’. റസൂൽ അവനെ നോക്കി ചിരിച്ചു എന്നിട്ട് അയാൾക്ക് എന്തെങ്കിലും കൊടുക്കാൻ പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ അപക്വമായ പ്രവൃത്തിയെ കൈകാര്യം ചെയ്യാൻ കരുതിയ ആളുകളെ അടക്കിനിർത്തുകയും ചെയ്തു.
തിരുനബി (സ) ക്കെതിരെ മാരണം (സിഹ്ർ) ചെയ്ത ജൂതനായ ലബീദുബ്നു അഅ്സമിന് വിട്ടുവീഴ്ച ചെയ്ത് കൊണ്ട് അവിടുന്ന് പറഞ്ഞത് “അല്ലാഹു എനിക്ക് ശമനം തന്നു, നിനക്ക് ക്ലേശം വല്ലതുമേൽക്കുന്നതിനെ ഞാനൊട്ടുമേ ഇഷ്ടപ്പെടുന്നുമില്ല’ എന്നായിരുന്നു. നിങ്ങൾ വിട്ടുവീഴ്ച സ്വീകരിക്കുക, ധാർമികത കൽപ്പിക്കുക, അജ്ഞരിൽ നിന്ന് തിരിഞ്ഞ് കളയുക എന്ന സൂറ: അഅ്റാഫിന്റെ സന്ദേശത്തെ ജീവിതത്തിൽ ആവിഷ്കരിക്കുകയായിരുന്നു തിരുനബി(സ). വിശ്വാസികളെല്ലാവരും അണിയേണ്ട സ്വഭാവമാണ് വിട്ടുവീഴ്ചാ മനോഭാവം. സമൂഹത്തോട് നിത്യസമ്പർക്കം പുലർത്തി കഴിയുന്ന വിശ്വാസിക്ക് ധാരാളം വ്യക്തികളെയും അവരുടെ വ്യത്യസ്ത സ്വഭാവങ്ങളെയും അഭിമുഖീകരിക്കേണ്ടിവരും. അവയിൽ ഉദാരത, ആദരവ്, സ്നേഹം പോലുള്ള ഉത്തമ സ്വഭാവങ്ങളും ദേഷ്യം, അവഗണന, നിരുത്സാഹപ്പെടുത്തൽ പോലുള്ള ചീത്ത സ്വഭാവങ്ങളും കാണേണ്ടിവരും. മറ്റുള്ളവരിൽ നിന്നുണ്ടാവുന്ന ഉത്തമസ്വഭാവങ്ങളെ ഉൾക്കൊള്ളാനാവും. എന്നാൽ, ചീത്ത സ്വഭാവങ്ങളോട് എങ്ങനെ പ്രതികരിക്കും?
അപ്രിയ സ്വഭാവങ്ങളോട് വിട്ടുവീഴ്ചാ മനോഭാവമാണ് പ്രകടിപ്പിക്കേണ്ടത്. മാലാഖമാരെപ്പോലെ പരമവിശുദ്ധരല്ലല്ലോ നാം. അതിനാൽ, വീഴ്ചകൾ സംഭവിക്കുക സ്വാഭാവികമാണ്. സ്വന്തം ജീവിതത്തിലും സഹോദരന്റെ ജീവിതത്തിലും വീഴ്ചകൾ സംഭവിക്കും. സ്വന്തത്തിൽ സംഭവിക്കുമ്പോൾ, അവയെ തിരുത്തുകയും അല്ലാഹുവോട് പശ്ചാത്തപിക്കുകയുമാണ് വേണ്ടത്. സഹോദരനിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ അവയോട് ക്ഷമിക്കുകയും വിട്ടുവീഴ്ച കാണിക്കുകയും വേണം. അതോടൊപ്പം, ഗുണകാംക്ഷയോടെ തെറ്റ് തിരുത്താൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യണം.
സഹോദരന്റെ വീഴ്ചകളെയും പോരായ്കകളെയും വിട്ടുവീഴ്ചാ മനോഭാവത്തോടെ സമീപിക്കൽ ഒരു കലയാണ്. മഹാന്മാരുടെ സ്വഭാവമാണത്. മഹാത്മാക്കൾ സ്വന്തം സഹോദരനോട് ഉദാരത കാണിക്കുന്നു, സ്നേഹം പ്രകടിപ്പിക്കുന്നു; സുഖത്തിലും ദുഃഖത്തിലും പങ്കുകൊള്ളുന്നു; സഹോദരനിൽനിന്ന് അനിഷ്ടകരമായ വല്ലതും സംഭവിച്ചാൽ ക്ഷമാപൂർവം സമീപിക്കുകയും സ്നേഹപൂർവം വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയും ചെയ്യുന്നു. വിട്ടുവീഴ്ചക്ക് ഇസ്്ലാം പ്രയോഗിക്കുന്ന ഒരു പദം അഫ്്വ് എന്നാണ്. അവശിഷ്ടമോ അടയാളമോ ഇല്ലാതാക്കലാണ് അഫ്്വ്. ഒട്ടകങ്ങൾ മരുഭൂമിയിലൂടെ കടന്നുപോയശേഷം അവയുടെ കാൽപ്പാടുകളെ കാറ്റ് മായ്ച്ചുകളയുന്ന പ്രക്രിയക്കും അങ്ങനെ പറയാറുണ്ട്.
വിട്ടുവീഴ്ചക്ക് ഇസ്‌ലാം പ്രയോഗിക്കുന്ന മറ്റൊരു പദം സ്വഫ്ഹ് എന്നാണ്. നേർത്ത പാളിയാക്കൽ, അടിച്ചുപരത്തൽ, നിർമലമാക്കൽ എന്നൊക്കെയാണ് സ്വഫ്ഹിന്റെ ഭാഷാപരമായ അർഥങ്ങൾ, അഫ്്വിന്റെയും സ്വഫ്ഹിന്റെയും അർഥങ്ങളായി വിട്ടുവീഴ്ച, മാപ്പുനൽകൽ എന്നീ പദങ്ങളെ മലയാളത്തിൽ മാറിമാറി പ്രയോഗിക്കാറുണ്ട്. സഹോദരനിൽനിന്ന് സംഭവിച്ചുപോവുന്ന വീഴ്ചകൾ അവയെക്കുറിച്ച് ഒരു ഓർമയും ഇല്ലാത്ത വിധം വിട്ടുവീഴ്ച ചെയ്യുന്നതിനെ അഫ്്വ് എന്നും പിന്നീട് നിർമലഹൃദയത്തോടും വിശാലമനസ്സോടും കൂടി അവനോട് പെരുമാറുന്നതിനെ സ്വഫ്ഹ്് എന്നും പറയുന്നു. വിശുദ്ധവേദവും തിരുചര്യയും പകർന്നുതരുന്ന സംസ്കാരമാണത്. “അതിനാൽ, നീ അവരോട് വിട്ടുവീഴ്ച ചെയ്യുക; മാപ്പേകുകയും ചെയ്യുക. നിശ്ചയം, നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു'(അൽമാഇദ :13). വിശ്വാസിയുടെ സവിശേഷതയായി തിരുനബി (സ) പറയുന്നു: ” ജനങ്ങളോടൊപ്പം ഇടപെടാതിരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളിൽ സംയമനം പാലിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയെക്കാൾ ഉത്തമനാണ് അവരോടൊപ്പം ഇടപെടുകയും അവരുടെ ബുദ്ധിമുട്ടുകളിൽ സംയമനം പാലിക്കുകയും ചെയ്യുന്ന വിശ്വാസി’ (ഇബ്നുമാജ).
വിട്ടുവീഴ്ച ദൈവികസ്വഭാവമാണ്. അല്ലാഹുവിന്റെ വിട്ടുവീഴ്ചയെ മുൻനിർത്തി തിരുനബി (സ) ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ, നീ വിട്ടുവീഴ്ചയാണ്. നീ വിട്ടുവീഴ്ചയെ ഇഷ്ടപ്പെടുന്നു. അതിനാൽ, നീ ഞങ്ങളോട് വിട്ടുവീഴ്ച കാണിക്കണേ’ സ്രഷ്ടാവ് സൃഷ്ടികൾക്കുമേൽ നിരന്തരം വിട്ടുവീഴ്ച ചൊരിയുന്നുണ്ട്. ഗുരുതരമായ പാപങ്ങൾ ചെയ്തവർക്ക് ആത്മാർഥമായി പാപമോചനം തേടുമ്പോഴും ചെറിയ ചെറിയ വീഴ്ചകൾ സംഭവിച്ചവർക്ക് ആരാധനാദി പ്രാർഥനകൾ നിർവഹിക്കുമ്പോഴും അല്ലാഹു വിട്ടുവീഴ്ച ചെയ്തുകൊടുക്കുന്നുണ്ട്. സ്രഷ്ടാവിന്റെ സ്വഭാവം വിശ്വാസികളും ആർജിക്കണം.
സഹോദരന്റെ പോരായ്മകളെയും അനൗചിത്യങ്ങളെയും വിശാലമായ മനസ്സോടെയാണ് സമീപിക്കേണ്ടത്. അങ്ങനെ പ്രതികരിക്കുന്നവരോട് മാത്രമേ അല്ലാഹുവും വിട്ടുവീഴ്ച കാണിക്കുകയുള്ളൂ. “അവർ വിട്ടുവീഴ്ച നൽകുകയും മാപ്പേകുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പാപമോചനം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പാപമോചനമേകുന്നവനും കാരുണ്യവാനുമത്രേ’ (അന്നൂർ: 22).
സ്വന്തത്തിന് സമാധാനം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ച ശീലിച്ചേ മതിയാവുള്ളൂ.
സഹോദരനിൽനിന്നും ഉണ്ടാവുന്ന ഓരോ അനിഷ്ടകാര്യത്തോടും പ്രതികരിക്കാൻ തുടങ്ങിയാൽ പിന്നെ അതിനേ സമയമുണ്ടാവൂ. എല്ലാറ്റിനോടും പ്രതികരിക്കുന്നവൻ എപ്പോഴും അസ്വസ്ഥനായിരിക്കും. തിരക്കുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉന്തും തള്ളും സ്വാഭാവികമാണ്. ഓരോ ഉന്തിനും തള്ളിനും പ്രതികരിച്ചാൽ ബസിൽ അടിയും പിടിയുമായിരിക്കും ഫലം. ബോധപൂർവമല്ലാതെ അപരനിൽനിന്ന് പലതും സംഭവിച്ചെന്നിരിക്കും.
ഒരു ഉദാഹരണം പറയാം: സുഹൃത്തിന്റെ കൈയബദ്ധംമൂലം നിങ്ങളുടെ വിലപിടിപ്പുള്ള ഒരു ഉപകരണം നിലത്തുവീണെന്ന് കരുതുക. പ്രസ്തുത സംഭവത്തെ സംയമനത്തോടെയാണ് നമ്മൾ സമീപിക്കേണ്ടത്. കാരണം, വിലപിടിപ്പുള്ള ഉപകരണത്തെക്കാൾ കൂടുതൽ വിലയും മൂല്യവുമുണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തിന്. പ്രസ്തുത ബന്ധം ഊഷ്മളമാവുമ്പോഴാണ് സമാധാനം ലഭിക്കുക. “സങ്കുചിതത്വങ്ങളിൽ നിന്ന് ആരാണോ മോചിതരാവുന്നത്, അവരാണ് വിജയം വരിച്ചവർ’ (അൽഹറ് 9). വിട്ടുവീഴ്ചകൾ നിറഞ്ഞതായിരുന്നു തിരുനബി(സ)യുടെയും പൂർവസൂരികളുടെയും ജീവിതം.
അതിന് വലുപ്പചെറുപ്പങ്ങളില്ലായിരുന്നു. ആഇശ(റ) പറയുന്നു: “അല്ലാഹുവിന്റെ പവിത്രതകൾ അവഹേളിക്കപ്പെട്ടപ്പോഴല്ലാതെ, നബിതങ്ങൾ സ്വന്തത്തിനുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല’ (ബുഖാരി, മുസ്‌ലിം). ആഇശ(റ)ക്കെതിരെയുള്ള അപവാദപ്രചാരണത്തിന്റെ സത്യാവസ്ഥ അല്ലാഹു വെളിപ്പെടുത്തിയപ്പോൾ അതിൽ പങ്കാളിയായ മിസ്ത്വഹുബ്നു ഉസാസക്ക് ഇനി മുതൽ താൻ നൽകിക്കൊണ്ടിരിക്കുന്ന സഹായം നൽകുകയില്ലെന്ന് അബൂബക്കർ(റ) ശപഥം ചെയ്തിരുന്നു. അബൂബക്കറി(റ)ന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ തീരുമാനം തീർത്തും ശരിയായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട മകൾ ആയിശ(റ)ക്കെതിരെയായിരുന്നു മിസ്ത്വഹുബ്‌നു ഉസാസ അപവാദ പ്രചാരണത്തിൽ പങ്കാളിയായത്. എന്നാൽ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
മിസ്ത്വഹുബ്‌നു ഉസാസ ചെയ്ത തെറ്റ് അബൂബക്കർ (റ) വിട്ടുകൊടുക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യണമെന്നായിരുന്നു തീരുമാനം. അക്കാര്യമാണ് അന്നൂർ ഇരുപത്തിരണ്ടാം സൂക്തത്തിൽ പ്രതിപാദിക്കുന്നത്: “നിങ്ങളിൽ ദൈവാനുഗ്രഹവും സാമ്പത്തിക ശേഷിയുമുള്ളവർ തങ്ങളുടെ കുടുംബക്കാർക്കും അഗതികൾക്കും ദൈ വികമാർഗത്തിൽ പലായനം ചെയ്തവർക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർ വിട്ടുവീഴ്ചകാണിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പാപമോചനം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പാപമോചനമേകുന്നവനും കാരുണ്യവാനുമത്രെ’. അബൂബക്കറി (റ) ന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “നാഥാ, തീർച്ചയായും നീ ഞങ്ങൾക്ക് പൊറുത്തുതരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’.
മുസ്‌ലിം തന്റെ സഹോദരനോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പറയുമ്പോൾ സഹോദരനെന്നതിന്റെ നിർവചനത്തിൽ മുഴുവൻ മനുഷ്യരും ഉൾപ്പെടും. ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം വിട്ടുവീഴ്ചയുടെ സംസ്കാരം പരിമിതപ്പെടുത്താവതല്ല. മത, ജാതി, ഭാഷാ ലിംഗ ഭേദമന്യേ മുഴുവൻ മനുഷ്യരോടും വിട്ടുവീഴ്ച കാണിക്കണം. കാരണം, മനുഷ്യർ മുഴുവൻ ഏകോദര സഹോദരന്മാരാണ്. എല്ലാവരുടെയും പിതാവ് ആദമാണ് ; മാതാവ് ഹവ്വയാണ്. സിരകളിൽ ഒഴുകുന്ന രക്തത്തിന്റെ നിറവും ഒന്ന്. എല്ലാവരും സൃഷ്ടിക്കപ്പെട്ടത് മണ്ണിൽനിന്നാണ്. മണ്ണിലേക്കു തന്നെയാണ് മടക്കവും.