Kerala
പ്രതിഷേധം ഫലം കണ്ടു; നിലമ്പൂര്‍ കനോലിയിലെ അനധികൃത മരംമുറി വനം വകുപ്പ് ഉപേക്ഷിച്ചു
ചരിത്രപ്രസിദ്ധമായ നിലമ്പൂര്‍ കനോലി പ്ലാന്റേഷനിലെ ഇരുപത്തഞ്ചോളം മരങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃതമായി മുറിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
മലപ്പുറം | നിലമ്പൂര്‍ കനോലിയിലെ മരം മുറി വിവാദമായതോടെ വനം വകുപ്പ് നിര്‍ത്തിവെച്ചു. കനോലിയിലെ മരങ്ങള്‍ ഇനി മുറിക്കില്ലെന്നു പാലക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദന്‍ വ്യക്തമാക്കി.വനം വകുപ്പിന് കെട്ടിടങ്ങള്‍ നിര്‍മിക്കാനായി ചരിത്രപ്രസിദ്ധമായ നിലമ്പൂര്‍ കനോലി പ്ലാന്റേഷനിലെ ഇരുപത്തഞ്ചോളം മരങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃതമായി മുറിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
പാരിസ്ഥിതിക പ്രത്യാഘതങ്ങള്‍ക്കൊപ്പം, കനോലിയുടെ വിനോദ സഞ്ചാര സാധ്യതകളും ഇല്ലാതാക്കുന്ന നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. വിഷയത്തില്‍ വനം മന്ത്രിയും ഇടപെട്ടതോടെയാണ് മരം മുറി നിര്‍ത്തിവെച്ചത്.
25 മരങ്ങള്‍ മുറിച്ച് വനം വകുപ്പിന്റെ എട്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി ഏഴ് മരങ്ങള്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. നിലവില്‍ മരം മുറിച്ച സ്ഥലത്ത്, രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നും, 6 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായും വനം വകുപ്പ് അറിയിച്ചു.