National
പ്രതിഷേധക്കാരന്റെ നെഞ്ചില്‍ വെടിവെച്ച് നിശ്ചലനാകും വരെ അടിച്ചു; അസം പോലീസിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് നിശ്ചലനായ പ്രതിഷേധക്കാരനെ ഒരു മാധ്യമ പ്രവര്‍ത്തകനും തുരുതുരാ അടിച്ചു.
ഗുവാഹത്തി | അസമിലെ ദറാംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചയാളുടെ നെഞ്ചത്ത് വെടിവെച്ച് പോലീസ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. കുടിയൊഴിപ്പിക്കുന്നതിന് തോക്കും ലാത്തിയും സര്‍വ സന്നാഹങ്ങളുമായെത്തിയ പോലീസുകാര്‍ക്ക് നേരെ വടിയുമായി ഓടിയടുത്ത പ്രതിഷേധക്കാരന് നേരെയായിരുന്നു ഈ ക്രൂരത. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് വകവെക്കാതെയാണ് പോലീസ് ഇങ്ങനെ പെരുമാറിയത്.
പോലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് നിശ്ചലനായ പ്രതിഷേധക്കാരനെ ഒരു മാധ്യമ പ്രവര്‍ത്തകനും തുരുതുരാ അടിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് പ്രതിഷേധക്കാരന്‍ ഈ മാധ്യമ പ്രവര്‍ത്തകനെ വടിയുമായി പിന്തുടര്‍ന്നിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഇയാള്‍ പ്രതിഷേധക്കാരനെ മര്‍ദിച്ചത്.
ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ധോല്‍പൂരിലെ ഒഴിപ്പിക്കല്‍ നടപടിയില്‍ ഒമ്പത് പോലീസുകാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇവിടെ കാര്‍ഷിക പദ്ധതിക്ക് വേണ്ടി 4,500 ബിഗ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുകയാണ് സര്‍ക്കാര്‍. ബംഗാളി സംസാരിക്കുന്നവരെയാണ് ഒഴിപ്പിക്കുന്നത്.