kmj protest march
സാമൂഹിക മാധ്യമങ്ങളിലും തരംഗമായി സുന്നി പടയണിയുടെ പ്രതിഷേധ സാഗരം
വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരുമെല്ലാം സമരത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.
കോഴിക്കോട് | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും സാമൂഹിക മാധ്യമങ്ങളിലും തരംഗമായി. കാസർകോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്കുമായിരുന്നു മാർച്ച്. ഓരോ സ്ഥലത്തും പതിനായിരങ്ങളാണ് പ്രതിഷേധാഗ്നി ഉയർത്തിയത്.
സമാധാനപൂർണമായി നടത്തിയ പ്രതിഷേധ മാർച്ചിലെ ജനസാഗരം സോഷ്യൽ മീഡിയയെ അമ്പരിപ്പിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരുമെല്ലാം സമരത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എം എൽ എ, മുസ്ലിം യൂത്ത് ലീഗ് ജന. സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി, കോൺഗ്രസ് നേതാവ് കെ പി നൗഷാദ് അലി, പൊതുപ്രവർത്തകരായ അഡ്വ.സി ഷുക്കൂർ, ശ്രീജ നെയ്യാറ്റിൻകര അടക്കമുള്ളവർ ഐക്യദാർഢ്യവുമായി ഫേസ്ബുക്കിലെഴുതി.