Connect with us

Kerala

ചക്കക്കൊമ്പനും പടയപ്പയും പിന്നെ കടുവയും; ഇടുക്കിയെ നടുക്കി വന്യമൃഗങ്ങളുടെ പരാക്രമം

സിങ്കുകണ്ടത്ത് വീടിനു നേരെ ചക്കക്കൊമ്പന്‍ ആക്രമണം നടത്തി. കാട്ടാന പടയപ്പ ദേവികുളത്ത് ജനവാസ മേഖലയിലിറങ്ങി. മൂന്നാര്‍ തലയാറില്‍ കടുവ പശുവിനെ കൊന്നു.

Published

|

Last Updated

ഇടുക്കി | ഇടുക്കിയെ നടുക്കി കാട്ടാനകളുടെയുടെ കടുവയുടെയും പരാക്രമം. ജില്ലയില്‍ അഞ്ചിടത്താണ് കാട്ടാന ഇറങ്ങിയത്. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീടിനു നേരെ ചക്കക്കൊമ്പന്‍ എന്ന കൊമ്പനാന ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ചക്കക്കൊമ്പന്‍ എത്തിയത്. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടിന്റെ മുന്‍വശത്തെ ഭിത്തിയില്‍ കൊമ്പ് കൊണ്ട് കുത്തി വിള്ളല്‍ വീഴ്ത്തി. വീടിന്റെ സീലിങ് പൂര്‍ണമായും തകര്‍ന്നു. വീട് അപകടാവസ്ഥയിലാണെന്ന് മനോജ് പറഞ്ഞു.

കാട്ടാന പടയപ്പ ദേവികുളത്ത് മിഡില്‍ ഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങി. ലയങ്ങളോടു ചേര്‍ന്നുള്ള കൃഷി നശിപ്പിച്ചു. പടയപ്പയെ പിന്നീട് കാട്ടിലേക്ക് തുരത്തി.

ദേവികുളത്ത് ലയങ്ങള്‍ക്കു സമീപമെത്തിയ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് തുരത്തി. അടിമാലി നേര്യമംഗലം റോഡില്‍ ആറാം മൈലിലും കാട്ടാനയിറങ്ങി. കൊച്ചി ധനുഷ്‌കോടി ദേശീയപാതക്കു സമീപത്തായാണ് കാട്ടാന ഇറങ്ങിയത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂന്നാറില്‍ കുണ്ടള ഡാമിനു സമീപത്തും ഇടമലക്കുടിയിലും കാട്ടാനക്കൂട്ടമിറങ്ങി. കടകള്‍ തകര്‍ത്ത് പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിച്ചു. ഇടമലക്കുടി സൊസൈറ്റിക്കുടിയിലെ സൊസൈറ്റി തകര്‍ത്തു.

മൂന്നാര്‍ തലയാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. തോട്ടം തൊഴിലാളി മുനിയാണ്ടിയുടെ പശുവിനെയാണ് കടുവ കൊന്നത്. രണ്ട് മാസത്തിനിടെ പ്രദേശത്തെ അഞ്ച് പശുക്കളെ കടുവ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു.

Latest