Kerala
നടപ്പാക്കിയത് ജന്മം നല്‍കിയതിനുള്ള ശിക്ഷ; മാതാവിനെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നതില്‍ ലഹരിക്കടിമയായ മകന്റെ മൊഴി
മാതാവ് സുബൈദയുടെ ഖബറടക്കം ഇന്ന് വൈകുന്നേരം
കോഴിക്കോട് | താമരശ്ശേരിയില്‍ കൊടുവാള്‍ ഉപയോഗിച്ച് മാതാവിനെ വെട്ടിക്കൊന്നത് ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കിയതാണെന്ന് പ്രതി. താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ വെട്ടിക്കൊന്ന മകന്‍ ആഷിക് ആണ് നാട്ടുകാരോട് ഇക്കാര്യം പറഞ്ഞത്. പ്രതിയെ മെഡിക്കല്‍ കോളജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ ഉച്ചക്ക് 2.30നാണ് ലഹരിക്കടിമയായ മകന്‍ സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ക്രൂരകൃത്യം ചെയ്തതത്. അയല്‍വാസിയുടെ വീട്ടില്‍നിന്ന് കൊടുവാള്‍ വാങ്ങിയാണ് ഉമ്മയെ വെട്ടുകയായിരുന്നു. തേങ്ങപൊളിക്കാനാണെന്ന് പറഞ്ഞാണ് ആഷിഖ് കൊടുവാള്‍ വാങ്ങിയത്.
താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു. ആക്രമണത്തിന് ശേഷം വീടിനുള്ളില്‍ ഒളിച്ചിരുന്ന ആശിഖിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എം ഡി എം എ ഉപയോഗിച്ചതിന് ആഷിക് നേരത്തെ പിടിയിലായിരുന്നു.
സുബൈദയുടെ മയ്യത്ത് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാട്ടിലെത്തിച്ച് ഖബറടക്കും. ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചുപോയ സുബൈദയുടെ ഏക മകനാണ് ആശിഖ്.