Connect with us

International

ആഗോള കുത്തക കമ്പനികളെ ഭീഷണിപ്പെടുത്തി പുടിന്‍ ഭരണകൂടം

കൊക്കക്കോള, ഐബിഎം, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് എന്നീ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ.

Published

|

Last Updated

മോസ്‌കോ| യുക്രൈന് എതിരായ സൈനിക നീക്കത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി പുടിന്‍ ഭരണകൂടം. കൊക്കക്കോള, ഐബിഎം, മക്‌ഡൊണാള്‍ഡ്, കെഎഫ്‌സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് എന്നീ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുക്രൈനെതിരായ സൈനിക നീക്കത്തെ തുടര്‍ന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഗോള കുത്തക കമ്പനികളും റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്ന കാര്യം വകവെക്കാതെ കമ്പനികള്‍ റഷ്യയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ പട്ടിക വികസിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഭീഷണിയുടെ സ്വരത്തില്‍ പുടിന്‍ ഭരണകൂടം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.