Kerala
റാബിസ് വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ച് മന്ത്രി വീണ
വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധയേറ്റ് മരണം സംഭവിച്ചത് ആശങ്കയുണ്ടാക്കുന്നതായി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം | റാബിസ് വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. ഉപയോഗിച്ച വാക്‌സിന്റെയും സെറത്തിന്റെയും ബാച്ച് നമ്പറും ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയാണ് കത്തയച്ചത്. വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധയേറ്റ് മരണം സംഭവിച്ചത് ആശങ്കയുണ്ടാക്കുന്നതായി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റാന്നി പെരുനാട് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ മരിച്ചിരുന്നു. പത്തനംതിട്ട പെരുംനാട് സ്വദേശി അഭിരാമി (12) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം. കഴിഞ്ഞ ആഗസ്റ്റ് 14ന് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. പെണ്‍കുട്ടിയെ ഉടന്‍ ബന്ധുക്കള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് വാക്സിനും മറ്റും നല്‍കിയിരുന്നു.പിന്നീട് വീട്ടിലേക്ക് പറഞ്ഞുവിട്ട പെണ്‍കുട്ടിയെ അസുഖങ്ങളെ തുടര്‍ന്ന് വീണ്ടും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട് നടത്തിയ സ്രവ പരിശോധനയില്‍ അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.