Connect with us

Articles

ചോദ്യമിതാണ്, കേരളം നിലനില്‍ക്കണോ?

മലയാളിയുടെ ഒരുമയെയും നന്മയെയും തല്ലിക്കെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നത് കാണാതിരിക്കരുത്. അത്തരം നീക്കങ്ങളെ ഒരുമിച്ചുനിന്ന് ചെറുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് കേരളത്തില്‍ ബി ജെ പിക്ക് വേരുറക്കാതെ പോയത്. അത് പോയകാലത്തിന്റെ രാഷ്ട്രീയ ജാഗ്രത. ആ ജാഗ്രത അതേ അളവിലും അനുപാതത്തിലും ഇപ്പോഴുമുണ്ട് എന്നവകാശപ്പെടാന്‍ കഴിയില്ല.

Published

|

Last Updated

കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട്ടുകാരനായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ മലയാളികളുടെ വേദനയായി തുടരുകയാണ്. അര്‍ജുന്‍ എവിടെ എന്ന ചോദ്യം മുഴക്കത്തോടെ നമ്മുടെ ഉള്ളിലുണ്ട്. മുത്തശ്ശന്റെ തോളില്‍ ചാഞ്ഞുറങ്ങുന്ന കുഞ്ഞ് തീരാനോവിലേക്ക് നമ്മെ എടുത്തെറിയുന്നുണ്ട്. അര്‍ജുനിലേക്കെത്തുന്നു പരിശോധകര്‍ എന്നറിഞ്ഞപ്പോള്‍ ആ ശരീരമെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ചവരാണ് നമ്മള്‍. അര്‍ജുനെ കാണാനില്ല എന്നറിഞ്ഞ നാള്‍ മുതല്‍ മലയാളികളുടെ പ്രഭാതമാരംഭിച്ചത് ഇന്നെങ്കിലും അര്‍ജുനെ കണ്ടെത്തണേ എന്ന പ്രാര്‍ഥനയോടെയാണ്. പ്രിയപ്പെട്ടവരാരോ നഷ്ടമാകുന്നതിന്റെ വേദന പങ്കിട്ടു ഓരോ മലയാളിയും. ഏതോ നാട്ടിലെ ഒരാളായല്ല, സ്വന്തം വീട്ടിലെ ഒരംഗമായാണ് മലയാളികള്‍ അര്‍ജുനെ കണ്ടത്, അവനു വേണ്ടി പ്രാര്‍ഥിച്ചത്, പ്രതീക്ഷയോടെ കാത്തിരുന്നത്. എത്രയോ അഭിപ്രായവ്യത്യാസങ്ങള്‍ തമ്മില്‍ത്തമ്മിലുണ്ടായിരിക്കെ തന്നെ, “നമ്മള്‍’ എന്ന വികാരത്തിലേക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ മലയാളികള്‍ എളുപ്പം എത്തിച്ചേരും. ആ ഒരുമ അസൂയാവഹമാണ്. അവനവന്‍ എന്ന സങ്കുചിതത്വത്തില്‍ നിന്ന് അപരന്‍ എന്ന വിശാലതയിലേക്ക് പടരാന്‍ നമുക്ക് നിമിഷനേരം മതി. സഊദി ജയിലില്‍ കഴിയുന്ന അബ്ദുര്‍റഹീമിന്റെ മോചനത്തിന് 35 കോടി രൂപ ആവശ്യമാണെന്നറിഞ്ഞപ്പോള്‍ എത്രപെട്ടെന്നാണ് നമ്മള്‍ മലയാളികളായത്, പണം സ്വരൂപിച്ചത്! അസാധ്യതയെ ഒരുമിച്ചുനിന്ന് സാധ്യമാക്കുന്ന വിദ്യ മലയാളികളോളം വശമുള്ള മറ്റൊരു സമൂഹമുണ്ടാകുമോ?

2018ലെ പ്രളയകാലം മറന്നിട്ടില്ല. ഒരാള്‍ മറ്റൊരാളുടെ നിദ്രക്ക് കണ്ണിമ ചിമ്മാതെ കാവലിരുന്ന നാളുകള്‍. പരിചിതരും അപരിചിതരുമായ മനുഷ്യര്‍ക്ക് പാര്‍ക്കാന്‍ വേണ്ടി സ്വന്തം വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുറന്നിട്ടുകൊടുക്കാന്‍ നമുക്ക് മടിയേതുമുണ്ടായില്ല. വസ്ത്രം വേണ്ടവര്‍ക്ക് വസ്ത്രം, ഭക്ഷണം ആവശ്യമായവര്‍ക്ക് ഭക്ഷണം, തലചായ്ക്കാന്‍ ഇടം വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം, സാമ്പത്തിക സഹായം ആവശ്യമായി വന്നവര്‍ക്ക് അതും. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ. അങ്ങനെ എല്ലാം പകുത്തുനല്‍കി, പരസ്പരം കൈത്താങ്ങായി നിന്നുകൊണ്ട് നമ്മള്‍ തനിമലയാളികളായി. കൊവിഡ് വ്യാപനത്തിന്റെ അടച്ചിടല്‍ നാളുകളില്‍ അടുത്ത വീട്ടില്‍ തീ പുകയുന്നുണ്ടെന്ന് ഉറപ്പാക്കിയ നന്‍മയെ മലയാളി എന്നല്ലാതെ മറ്റേത് വാക്കിനാല്‍ അടയാളപ്പെടുത്തും. ആ നാളുകളിലൊന്നില്‍ കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ കണ്‍മുന്നില്‍പ്പെട്ടവരെ വാരിയെടുത്ത് കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലേക്കോടിയ ഹൃദയവായ്പിനെ മറക്കാനാകുമോ? കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ രക്തദാനത്തിന് സന്നദ്ധരായി, പരുക്കേറ്റവരെ ശുശ്രൂഷിക്കാനായി ഞാനും ഞാനുമെന്ന മട്ടില്‍ മത്സരിച്ച മഹാമനസ്സ് മലയാളിക്കല്ലാതെ ഈ മഹാരാജ്യത്ത് മറ്റാര്‍ക്ക് അവകാശപ്പെടാനാകും.

മലയാളികള്‍ക്ക് മതമുണ്ട്, രാഷ്ട്രീയമുണ്ട്, ജാതികള്‍ ഒളിഞ്ഞും തെളിഞ്ഞും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഗ്രാമ-നഗര വ്യത്യാസമുണ്ട്, ധനിക-ദരിദ്ര വിഭാഗങ്ങളുണ്ട്. പക്ഷേ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഒരുമിച്ചുനില്‍ക്കാന്‍ അതൊന്നും തടസ്സമല്ല. പലകുറി നമ്മള്‍ അത് തെളിയിച്ചതാണ്. ഇനിയും അതങ്ങനെത്തന്നെ ആയിരിക്കും. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ല, മലയാളിക്ക് കൂടിയാണെന്ന് തോന്നിപ്പോകുമാറ് ചില ഇഴയടുപ്പങ്ങള്‍ ഭൂതകാല വേരുകളില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് നീണ്ട് മലയാളിയെ ചുറ്റിവരിയുന്നുണ്ട്. അത് നമ്മുടെ ദൗര്‍ബല്യമല്ല, കരുത്താണ്.

പക്ഷേ, ആ ഒരുമയെയും നന്മയെയും തല്ലിക്കെടുത്താനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നത് കാണാതിരിക്കരുത്. സാമൂഹിക മാധ്യമങ്ങള്‍ മാത്രമല്ല അതിന് വേദിയാകുന്നത് എന്നതാണ് സങ്കടകരമായ കാര്യം. അത്തരം നീക്കങ്ങളെ ഒരുമിച്ചുനിന്ന് ചെറുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് കേരളത്തില്‍ ബി ജെ പിക്ക് വേരുറക്കാതെ പോയത്. അത് പോയകാലത്തിന്റെ രാഷ്ട്രീയ ജാഗ്രത. ആ ജാഗ്രത അതേ അളവിലും അനുപാതത്തിലും ഇപ്പോഴുമുണ്ട് എന്നവകാശപ്പെടാന്‍ കഴിയില്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൃശൂരില്‍ ബി ജെ പി ജയിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയിട്ടുണ്ട്. അവരുടെ വോട്ട് വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ബി ജെ പിയോടുള്ള മലയാളികളുടെ അസ്പൃശ്യത പതിയെ നീങ്ങുന്നതിന്റെ സൂചനയായി അതിനെ എടുക്കാവുന്നതാണ്. ആ തക്കം നോക്കി കുളം കലക്കാന്‍ ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. കലങ്ങിയ കുളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ ബി ജെ പിക്ക് നന്നായി അറിയാം. അതിന് അവസരമൊരുക്കുകയാണ് വിദ്വേഷ പ്രചാരകരുടെ ലക്ഷ്യം. അക്കൂട്ടത്തിലൊരാള്‍ വെള്ളാപ്പള്ളി നടേശനാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി.
കേരളത്തിലെ മുസ്‌ലിം സമുദായം അന്യായമായി എന്തെല്ലാമോ നേടിയെടുത്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി എന്ന് പ്രത്യക്ഷത്തില്‍ വായിക്കപ്പെട്ടിട്ടുണ്ട്. സൂക്ഷ്മ വായനയില്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് ബോധ്യമാകും. ഇന്ത്യയില്‍ എവിടെയും ബി ജെ പിയുടെ രാഷ്ട്രീയ സ്‌പേസ് എന്താണ്? ആലോചനയില്ലാതെ തന്നെ ഉത്തരം പറയാം; അത് വര്‍ഗീയതയാണ്. മറ്റിടങ്ങളില്‍ പയറ്റുന്ന വര്‍ഗീയത അതേ മട്ടില്‍ കേരളത്തില്‍ ചെലവാകില്ല. ഇവിടെ പ്രച്ഛന്ന വേഷങ്ങള്‍ വേണം. അങ്ങനെ ബി ജെ പി 2015 ഡിസംബറില്‍ കളത്തിലിറക്കിയ പ്രച്ഛന്ന വേഷമാണ് ബി ഡി ജെ എസ്. പാര്‍ട്ടി പ്രഖ്യാപിച്ചത് വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പക്ഷേ ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ പ്രത്യക്ഷത്തില്‍ ഇല്ല. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് പാര്‍ട്ടി അധ്യക്ഷന്‍. എല്ലാ പിന്തുണയുമായി അമ്മ പ്രീതി നടേശനുമുണ്ട്. സംഘ്പരിവാര്‍ നേതാക്കള്‍ നേരിട്ട് ഉന്നയിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ കേരളം തള്ളിക്കളയുമെന്നുറപ്പുള്ള ആരോപണങ്ങള്‍ എസ് എന്‍ ഡി പി നേതാവ് ഉന്നയിക്കുകയാണ്. അതിന്റെ ലക്ഷ്യം എന്താണെന്നത് പ്രവചിക്കാവുന്നതേയുള്ളൂ. മകനെ മുന്നില്‍ നിര്‍ത്തിയുള്ള “കളികള്‍’ അവസാനിപ്പിക്കുകയാണ്. അച്ഛന്‍ നേരിട്ടിറങ്ങുകയാണ്. ബി ഡി ജെ എസിലൂടെ ആര്‍ എസ് എസ് എന്താണോ ആഗ്രഹിച്ചത് അത് പതിയെ നിവൃത്തിക്കപ്പെടുന്നതിന്റെ തെളിവുകള്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ട്. ആ നാളുകളില്‍ ബി ജെ പിക്ക് അനുകൂലമായ ധ്രുവീകരണമുണ്ടാക്കാന്‍ അണിയറയില്‍ ചരട് വലിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
ബി ജെ പിക്ക് വോട്ടുവിഹിതം വര്‍ധിച്ചത് ഈഴവരുടെ വോട്ട് കൊണ്ടാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ വോട്ടുകള്‍ തനിയെ ഒഴുകിപ്പോയതല്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തന മികവുമല്ല. ശ്രീനാരായണീയരെ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങളോ സംഘാടക മികവോ തുഷാറിനില്ല. അപ്പോള്‍ പിന്നെ ആരാകും ബി ജെ പിക്കും ഈഴവര്‍ക്കുമിടയില്‍ ദല്ലാള്‍ പണിയെടുത്തത്. അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശന്‍ പലപ്പോഴായി മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹം ആഗ്രഹിച്ചതാണ് കേരളത്തില്‍ സംഭവിച്ചത്. ഇടതുപക്ഷത്തിന്റെ തോല്‍വി മാത്രമല്ല, ബി ജെ പിയുടെ മുന്നേറ്റവും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ട്. ശ്രീനാരായണീയര്‍ ബി ജെ പിക്ക് വോട്ട് ചെയ്തതില്‍ അദ്ദേഹം ഒരപാകവും കാണുന്നില്ല. താന്‍ ഇടതുപക്ഷക്കാരനാണ് എന്ന വ്യാജ അവകാശവാദം ഉന്നയിച്ചുകൊണ്ട് തന്നെ ബി ജെ പിയുടെ വളര്‍ച്ചയെ കുറിച്ച് അദ്ദേഹം ഇടതുപക്ഷക്കാരന്റെ ഒരു ദുഃഖഭാരവുമില്ലാതെ സംസാരിക്കുന്നു! സി പി എമ്മിനെയും മുഖ്യമന്ത്രിയെയും സന്തോഷിപ്പിച്ചുകൊണ്ട് തന്നെ ബി ജെ പിക്ക് വേണ്ടി പണിയെടുക്കുന്ന സൃഗാല കൗശലം. നമിക്കുകയല്ലാതെന്ത് ചെയ്‌വാന്‍.

ഇടതുപക്ഷത്തിന്റെ പരാജയത്തെ മുന്‍നിര്‍ത്തി വെള്ളാപ്പള്ളി പയറ്റുന്ന രാഷ്ട്രീയം അങ്ങേയറ്റം വര്‍ഗീയമാണ്. ഒരു തെളിവുമില്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. മുസ്‌ലിംകളെ കുറിച്ച് നട്ടാല്‍ മുളക്കാത്ത നുണകള്‍ എഴുന്നെള്ളിക്കുകയാണ്. സുന്നി പ്രസ്ഥാനത്തിന് സ്ഥാപനം തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കി എന്നത് അതില്‍ ഏറ്റവും മാര്‍ദവമുള്ള നുണയാണ്. അതിന് മറുപടി പറയേണ്ടത് സര്‍ക്കാറും ഇടതുമുന്നണി നേതൃത്വവുമാണ്. ഈ സമയം വരെയും അവര്‍ മിണ്ടിയിട്ടില്ല. മുസ്‌ലിംകളെ എതിര്‍ത്താല്‍ ഒന്നുകില്‍ കൈ വെട്ടും, അല്ലെങ്കില്‍ പിടലിവെട്ടും എന്ന അങ്ങേയറ്റം ആക്ഷേപകരമായ പ്രസ്താവന നടത്താന്‍ കഴിയുന്ന മനോനിലയിലേക്ക് വെള്ളാപ്പള്ളി നടേശന്‍ സംഘ്പരിവാര്‍വത്കരിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും, ഇടതുപക്ഷ സര്‍ക്കാര്‍ രൂപവത്കരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി അദ്ദേഹത്തെ അനുവദിക്കുന്നു എന്നത് ആശ്ചര്യം ജനിപ്പിക്കുന്നു. വര്‍ഗീയതയും ഇടതുപക്ഷവും ഒത്തുപോകുന്ന സന്ദര്‍ഭമായി വെള്ളാപ്പള്ളിയുടെ ആ പദവിയെ ആരെങ്കിലും കരുതിയാല്‍ സര്‍ക്കാറിനും സി പി എമ്മിനും എന്തുണ്ട് മറുപടി?

സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ മതം തിരിച്ചുള്ള കണക്ക് നിയമസഭയില്‍ വന്ന ശേഷവും വെള്ളാപ്പള്ളി വര്‍ഗീയ പ്രചാരണം ആവര്‍ത്തിച്ചു. അതിനര്‍ഥം അദ്ദേഹം മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള പുറപ്പാട് തന്നെയാണെന്നാണ്. ആരാണ് അദ്ദേഹത്തെ പിന്തുണക്കുന്നത് എന്ന് ശ്രദ്ധിച്ചുവോ? സംഘ്പരിവാറും അവരുടെ “ഒക്കച്ചങ്ങായി’മാരായ ക്രിസംഘി ഗ്രൂപ്പുകളും. അദ്ദേഹം ആര്‍ക്കുവേണ്ടി ശബ്ദിക്കുന്നു? ഈഴവര്‍ക്ക് വേണ്ടിയാണോ? എങ്കില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ ആര്‍ക്കും മടിയുണ്ടാകില്ല. പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുന്നോട്ടുവരാന്‍ സർക്കാർ നൽകുന്ന ഏത് തരത്തിലുള്ള ശ്രമവും അഭിനന്ദനാര്‍ഹമായ കാര്യമാണ്. അതുകൊണ്ടാണ് സെന്റിന് അനേക ലക്ഷങ്ങള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി ശ്രീനാരായണീയ പ്രസ്ഥാനത്തിന് സര്‍ക്കാര്‍ പതിച്ചുനല്‍കിയത് ആരും പ്രശ്നവത്കരിക്കാത്തത്. വെള്ളാപ്പള്ളി ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഈഴവ മുന്നേറ്റമല്ല. ഈഴവ-ബി ജെ പി സഖ്യമാണ്. തെളിച്ചുപറഞ്ഞാല്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനുള്ള നിലമൊരുക്കുകയാണ്. അതിന്റെ നഷ്ടം ഏതായാലും കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ആയിരിക്കില്ല. ബി ജെ പി പുഷ്ടിപ്പെട്ടാലും നിവര്‍ന്നു നില്‍ക്കാനുള്ള ആത്മീയോര്‍ജം സമുദായ ശരീരത്തില്‍ ബാക്കിയുണ്ടാകും. പക്ഷേ, ബി ജെ പി ശക്തിപ്പെട്ടാല്‍ കോണ്‍ഗ്രസ്സോ സി പി എമ്മോ നിവര്‍ന്നു നില്‍ക്കുമോ? അസം, ത്രിപുര സംസ്ഥാനങ്ങള്‍ ഉദാഹരണമായി മുമ്പിലുണ്ടല്ലോ.

മുസ്‌ലിംകള്‍ക്കെതിരെ എത്ര കഠിനമായ വര്‍ഗീയ പ്രചാരണം നടത്തിയാലും ഒന്നും സംഭവിക്കില്ല എന്ന ധൈര്യം വെള്ളാപ്പള്ളിമാര്‍ക്ക് കിട്ടിയത് എങ്ങനെയാണ്? അത്തരം കേസുകളില്‍ പ്രതികളെ ശിക്ഷിക്കാന്‍ കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ താത്പര്യമില്ല എന്നാണുത്തരം. നിയമം തനിയെ പ്രവര്‍ത്തിക്കില്ല. അത് പ്രവര്‍ത്തിപ്പിക്കണം. അത് ചെയ്യേണ്ടത് പോലീസും ആഭ്യന്തര വകുപ്പുമാണ്. ചെയ്യേണ്ടത് നെഞ്ചുറപ്പോടെ ചെയ്യാതെയും, പറയേണ്ടത് തെളിച്ചു പറയാതെയും അപലപിക്കല്‍ പ്രസ്താവന കൊണ്ട് മാത്രം ഈ വിദ്വേഷ പ്രസ്താവനകള്‍ തടയാനാകില്ല. മുഖ്യമന്ത്രി അക്കാര്യം മനസ്സിലാക്കണം. കേരളം സംഘ്പരിവാറിന് മുമ്പില്‍ വീണുപോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ ഉണ്ടാകണം. വിദ്വേഷ പ്രചാരകരുടെ യഥാര്‍ഥ ടാർഗറ്റ് മുസ്‌ലിംകള്‍ അല്ലെന്നും കേരളം തന്നെയാണെന്നും ഉള്‍ക്കൊള്ളാന്‍ ഇടത്-ഐക്യ മുന്നണികള്‍ക്ക് കഴിയണം. ഇന്ന് മിണ്ടാതിരിക്കുന്നവര്‍ നാളെ ദുഃഖിക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞുവെക്കുന്നു.