ambedkar
അംബേദ്‌കർ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും നമുക്ക് മുന്നിലുണ്ട്; അത് കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ കാപട്യം തിരിച്ചറിയണം
ആരുടേയും ഭിക്ഷ യാചിക്കുകയല്ല, മറിച്ച്, അവകാശം നേടിയെടുക്കുയാണെന്ന് പ്രഖ്യാപിക്കാനുള്ള ഉറച്ച ശബ്ദവും ആത്മവിശ്വാസവും ദൃശ്യതയും ഉണ്ടാക്കി എന്നതാണ് അംബേദ്‌കർ ഇന്ത്യൻ സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന.
അംബേദ്‌കർ ജയന്തി ആഘോഷമാക്കുമ്പോഴും അംബേദ്‌കർ ഉയർത്തിയ ജാതിയെയും അധികാരത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും വ്യക്തമായി നമുക്ക് മുന്നിലുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ കാപട്യം ജനങ്ങൾ എത്രത്തോളം മനസ്സിലാക്കുന്നു എന്നിടത്താണ് കാര്യമെന്നും കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എം പി. വർണവ്യവസ്ഥക്കെതിരെ മനുസ്മൃതി കത്തിച്ചുകൊണ്ടാണ് അംബേദ്‌കർ പ്രതിഷേധിച്ചത്. അതേ മനുസ്മൃതി തന്നെ ഭരണഘടനയാക്കണമെന്ന് ആഗ്രഹമുള്ളവർ പക്ഷെ ബി ആർ അംബേദ്കറിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ആരുടേയും ഭിക്ഷ യാചിക്കുകയല്ല, മറിച്ച്, അവകാശം നേടിയെടുക്കുയാണെന്ന് പ്രഖ്യാപിക്കാനുള്ള ഉറച്ച ശബ്ദവും ആത്മവിശ്വാസവും ദൃശ്യതയും ഉണ്ടാക്കി എന്നതാണ് അംബേദ്‌കർ ഇന്ത്യൻ സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
വർണ്ണവ്യവസ്ഥക്കെതിരെ മനുസ്മൃതി കത്തിച്ചുകൊണ്ടാണ് അംബേദ്‌കർ പ്രതിഷേധിച്ചത്. അതേ മനുസ്മൃതി തന്നെ ഭരണഘടനയാക്കണമെന്ന് ആഗ്രഹമുള്ളവർ പക്ഷെ ബി ആർ അംബേദ്കറിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. അംബേദ്‌കർ ജയന്തി ഘോരം ആഘോഷമാക്കുമ്പോഴും അംബേദ്‌കർ ഉയർത്തിയ ജാതിയെയും അധികാരത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോഴും വ്യക്തമായി നമുക്ക് മുന്നിലുണ്ട്. അത് കണ്ടില്ലെന്ന് നടിക്കുന്ന രാഷ്ട്രീയ കാപട്യം ജനങ്ങൾ എത്രത്തോളം മനസ്സിലാക്കുന്നു എന്നിടത്താണ് കാര്യം.
അംബേദ്‌കർ പഠിക്കാനും സംഘടിക്കാനും ശക്തരാകാനും ഉദ്‌ബോധിപ്പിച്ചു. അവകാശങ്ങളെ കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങളാണ് വഞ്ചിതരാകുന്നതിൽ നിന്ന് നമ്മെ രക്ഷിക്കുന്ന ആദ്യത്തെ കവചം. ആരുടേയും ഭിക്ഷ യാചിക്കുകയല്ല, മറിച്ച്, അവകാശം നേടിയെടുക്കുയാണെന്ന് പ്രഖ്യാപിക്കാനുള്ള ഉറച്ച ശബ്ദവും ആത്മവിശ്വാസവും ദൃശ്യതയും ഉണ്ടാക്കി എന്നതാണ് അംബേദ്‌കർ ഇന്ത്യൻ സമൂഹത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടന.
അംബേദ്കറിനെ പോലെ ഒരു മഹാനെ ഭരണഘടനാ സമിതിയുടെ തലപ്പത്ത് കൊണ്ടുവരാൻ ജവാഹർലാൽ നെഹ്‌റു അടക്കമുള്ള നേതാക്കൾ കാണിച്ച താത്പര്യമാണ് ഏറ്റവും ശ്രദ്ധേയം. അംബേദ്‌കർ എന്ന നേതാവ് ഇതിനകം ഇന്ത്യയിലെ ഏറ്റവും അധഃസ്ഥിതരായ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ഒരു വലിയ ജനസഞ്ചയത്തിന് നൽകിയ പ്രതീക്ഷ എത്രത്തോളമാണെന്ന് നെഹ്‌റുവിന് അറിയാമായിരുന്നു. അതേസമയം, ബി ആർ അംബേദ്‌കർ നമ്മുടെ ഭരണഘടനയുടെ പിതാവാണെന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ അംബേദ്‌കർ രാജ്യം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനാണെന്ന് കൂടി പഠിപ്പിക്കണം. അദ്ദേഹം സാധ്യമാക്കിയ മാനവികതയുടെ, സമത്വ ചിന്തയുടെ പ്രകാശനത്തിന്റെ ചരിത്രം നമ്മൾ ഓർമ്മിക്കണം, പഠിക്കണം.