Kozhikode
ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത് മാനവികതയുടെ സന്ദേശം: സി മുഹമ്മദ് ഫൈസി
മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റിന് തുടക്കം.
കോഴിക്കോട് | വിശുദ്ധ ഖുര്‍ആന്‍ വിളംബരം ചെയ്യുന്നത് മാനവികതയുടെ മഹിത സന്ദേശമാണെന്നും അതനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ആരെയും ദ്രോഹിക്കാനാവില്ലെന്നും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി. ഖുര്‍ആന്‍ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റ് (എം ക്യു എഫ്) രണ്ടാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ക്കാണ് കാരന്തൂരിലെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് അഞ്ചിന് തുടക്കമായത്.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. ഖുര്‍ആന്‍ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം.
വിശുദ്ധ ഖുര്‍ആനിന്റെ മാനവിക സന്ദേശം, ബഹുസ്വരത, ശാസ്ത്രീയ വീക്ഷണം എന്നിവ വിളംബരം ചെയ്യുന്ന വിവിധ സെഷനുകളും ഫെസ്റ്റില്‍ നടക്കും. നാല് സെക്ടറുകളിലായി ഒരുമാസത്തോളം നീണ്ടുനിന്ന സെക്ടര്‍ തല മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളാണ് സെന്‍ട്രല്‍ ഫെസ്റ്റില്‍ മത്സരിക്കുക. ഖുര്‍ആന്‍ വിജ്ഞാനശാഖയില്‍ പാണ്ഡിത്യമുള്ള പ്രഗത്ഭര്‍ ഫെസ്റ്റിന്റെ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.
വിദേശ ഖുര്‍ആന്‍ പണ്ഡിതരായ ഖാരിഅ് ശൈഖ് ഫൗസി സഈദ് ഹൈകല്‍ ഈജിപ്ത്, ഖാരിഅ് ശൈഖ് ത്വാരിഖ് അബ്ദുല്‍ ഹാദി ഒമാന്‍, ഹബീബ് മഹ്ദി അബൂബക്കര്‍ അല്‍ ഹാമിദ് മലേഷ്യ തുടങ്ങിയവര്‍ പങ്കെടുക്കും. ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി മെഗാ ക്വിസ് അടക്കമുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സംഗമം ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.
ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് ഖുര്‍ആന്‍ അക്കാദമി പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സഖാഫി പന്നൂര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി മുഖ്യപ്രഭാഷണം നടത്തി. വി എം റശീദ് സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, ഹനീഫ് സഖാഫി, കെ കെ ശമീം, അക്ബര്‍ ബാദുഷ സഖാഫി, മഹ്മൂദ് കോരോത്ത്, മുഹമ്മദ് ഹനീഫ് സഖാഫി ആനമങ്ങാട് സംബന്ധിച്ചു. അബ്ദുസമദ് സഖാഫി മൂര്‍ക്കനാട് സ്വാഗതവും അബ്ദുന്നാസര്‍ സഖാഫി പന്നൂര്‍ നന്ദിയും പറഞ്ഞു.
മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റ് രണ്ടാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു