Connect with us

Articles

ഖുർആൻ നിങ്ങളുടേതാകണം

ആ ദൈവിക വചനത്തിന്റെ അവതരണം ഈ മാസത്തിലായി എന്നതാണ് ഈ മാസത്തിന് കിട്ടിയ എല്ലാ പവിത്രതകളുടെയും കാരണം

Published

|

Last Updated

പുണ്യമാസത്തിന് വിടചൊല്ലാനൊരുങ്ങുകയാണല്ലോ? റമസാനിന്റെ എല്ലാ മഹത്വങ്ങളുടെയും കാരണം വിശുദ്ധ ഖുർ ആൻ ആകുന്ന അത്്ഭുതഗ്രന്ഥമാണല്ലോ? 200 കോടി വിശ്വാസികൾ ഒരുപോലെ 365 ദിവസവും 24 മണിക്കൂറും ലോകത്ത് വായിച്ച്, പഠിച്ച്, വിശകലനം ചെയ്ത്, മനഃപാഠമാക്കി, രചനകൾ നിർവഹിച്ച് എല്ലാ സമയത്തും ജ്വലിച്ചുകൊണ്ടിരിക്കുന്ന ദൈവിക വചനം.

ആ ദൈവിക വചനത്തിന്റെ അവതരണം ഈ മാസത്തിലായി എന്നതാണ് ഈ മാസത്തിന് കിട്ടിയ എല്ലാ പവിത്രതകളുടെയും കാരണം. അങ്ങനെയെങ്കിൽ ആ വചനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നവർക്കെല്ലാം പല മഹിമകളും വന്നുചേരും, തീർച്ച. അങ്ങനെ ഖുർആനിനൊപ്പം ജീവിതം സമർപ്പിച്ചവരാണല്ലോ നമ്മുടെ ഇമാമുമാരായ ശാഫി(റ) നവവി (റ) തുടങ്ങിയവർ.
മയ്യിത്ത് ഖബറിൽ വെച്ചാൽ ചോദിക്കുന്ന പ്രധാന ചോദ്യത്തിൽ ഒന്ന് നിന്റെ മാർഗദർശി എന്തായിരുന്നു എന്നാണ്. ഉത്തരമാകേണ്ടത് വിശുദ്ധ ഖുർആൻ. ഖുർആനിനോട് എത്ര അടുപ്പം പുലർത്തി എന്നതാണ് ചോദ്യത്തിന്റെ മർമം. ജീവിതകാലത്ത് ഖുർആനിനെ സ്വന്തമെന്ന പോലെ കണ്ട് പെരുമാറിയവർക്ക് മാത്രമേ ഈ ഉത്തരം സാധ്യമാകൂ. ഈ ഗ്രന്ഥവുമായി നമ്മുടെ അടുപ്പം വർധിപ്പിക്കണമെന്ന ഒരാശയം റമസാൻ നമ്മോട് വിളിച്ചുപറയുന്നുണ്ട്.

ഖുർആനിനെ ജീവിതത്തിന്റെ ഭാഗമാക്കി നിലനിർത്താൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. ദൈനംദിന ജീവിതത്തിൽ ഖുർആൻ എവിടെ നിൽക്കുന്നു, ഖുർആനിന് എത്ര സമയം അനുവദിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരാലോചനയാകണം. ഒരു കാര്യം ഉറപ്പ്. പ്രഭാതങ്ങളുടെ തുറവി ഖുർആനുമായി ഒരൽപ്പം സമയം ചെലവഴിച്ച ശേഷമേ ഉണ്ടാകൂ എന്ന തീർച്ചപ്പെടുത്തൽ ഉണ്ടായാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടിവരില്ല ഇന്നും, നാളെയും.
രാത്രിയിലെ ഉറക്കത്തിന് മുമ്പ് അവസാനം നാവ് ഖുർആനിലെ ചെറിയ സൂറകളാൽ ധന്യമാകട്ടെ. നമ്മുടെ വീട് ഖുർആൻ പാരായണം ചെയ്യുന്ന വീടാകണം. നമ്മുടേതെന്ന് സ്വന്തമായി പറയാൻ പറ്റിയ ഒരു മുസ്ഹഫ് മരിച്ചു പിരിയുവോളം നമ്മുടെ അടുത്ത് ഉണ്ടാകണം. ആ മുസ്ഹഫിൽ എല്ലാ ദിവസവും നമ്മുടെ കണ്ണ് പതിയണം. ആ മുസ്ഹഫിനെ ഒന്ന് ഹൃദയത്തോട് ചേർത്തുവെക്കണം. ഇടക്ക് ആ മുസ്ഹഫിൽ ഒന്ന് സുഗന്ധം പുരട്ടിക്കൊടുക്കണം. ആദരിക്കപ്പെടുന്ന സ്ഥലം പ്രത്യേകം തയ്യാർ ചെയ്ത് സൂക്ഷിക്കണം.

ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും പരിസരത്തുള്ള ആധികാരിക ഗുരുമുഖങ്ങളിൽ നിന്ന് ഖുർആൻ പഠിക്കണം. ഖുർആൻ പാരായണം കേൾക്കൽ ശീലമാക്കണം. മക്കളിൽ ഖുർആൻ പഠന താത്പര്യം ഉണ്ടാക്കണം. പതിവായി പാരായണം ചെയ്യപ്പെടേണ്ട സൂറത്തുകൾ മനഃപാഠമാക്കാൻ ശ്രമിക്കണം.
മനഃപാഠമുള്ള സൂറത്തുകൾ പാരായണം ചെയ്ത് അൽപ്പം ദൈർഘ്യമുള്ള നിസ്‌കാരങ്ങൾ ശീലിക്കണം. ഇങ്ങനെ ഖുർആനുമായി ഒരു വൈകാരിക ബന്ധം രൂപപ്പെടണം. അധ്യായം രണ്ടിൽ രണ്ടാം വചനം തന്നെ പറയുന്നത്, ഈ ഗ്രന്ഥം നിങ്ങൾക്ക് കൃത്യമായ ദിശനൽകുക തന്നെ ചെയ്യും, തീർച്ച.