Connect with us

Articles

ഖുതുബ വിവാദവും ചില വീണ്ടുവിചാരങ്ങളും

ഖുതുബ എന്ന ആരാധനാ കര്‍മത്തിന്റെ അന്തസ്സത്ത കളഞ്ഞുകൊണ്ട് ഭാഷാപരിഷ്‌കരണത്തിലൂടെ ആനുകാലിക പ്രസംഗമായി പരിണമിച്ചത് കക്ഷിരാഷ്ട്രീയത്തിന്റെ സംശയദൃഷ്ടിക്ക് നിമിത്തമായിട്ടുണ്ട്

Published

|

Last Updated

സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഏജന്‍സികളാണ്. അവയുടെ നടപടികള്‍ സര്‍ക്കാര്‍ നടപടിയും. ഛത്തീസ്ഗഢ് വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് അടുത്തിടെ വിവാദമായിരുന്നു. ജുമുഅ ഖുതുബക്ക് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം എന്നായിരുന്നു ഉത്തരവ്. ഭരണഘടന ഉറപ്പുവരുത്തുന്ന മതസ്വാതന്ത്ര്യത്തിന് കത്തിവെക്കുന്നതും പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയുമാണ് പ്രസ്തുത ഉത്തരവ്. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും സ്ഥാപിതമായ ബോര്‍ഡുകള്‍ ആരാധനാ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് അധികാര ദുര്‍വിനിയോഗമാണ്. ഔദ്യോഗികമായി പുറത്തുവിട്ട കണക്കനുസരിച്ച് നിയമസഭ ഉള്‍പ്പെടെ ഉത്തര്‍ പ്രദേശില്‍ ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നത് വഖ്ഫ് ഭൂമിയിലാണ്. 57,171 വഖ്ഫ് സ്വത്തുക്കള്‍ രാജ്യത്ത് അന്യാധീനപ്പെട്ടെന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കാണ്. ഈ കെടുകാര്യസ്ഥത മറച്ചുവെച്ചാണ് ന്യൂനപക്ഷത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം.
എന്നാല്‍ സുചിന്തിതമായ ചില വീണ്ടുവിചാരങ്ങള്‍ ഇവിടെ ആവശ്യമാണെന്നു തോന്നുന്നു. ചില അബദ്ധ ചുവടുകള്‍ സമുദായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഖുതുബ എന്ന ആരാധനാ കര്‍മത്തിന്റെ അന്തസ്സത്ത കളഞ്ഞുകൊണ്ട് ഭാഷാപരിഷ്‌കരണത്തിലൂടെ ആനുകാലിക പ്രസംഗമായി പരിണമിച്ചത് കക്ഷിരാഷ്ട്രീയത്തിന്റെ സംശയദൃഷ്ടിക്ക് നിമിത്തമായിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവിറക്കി ചത്തീസ്ഗഢ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ നടത്തിയ ആരോപണം ഇത് തെളിയിക്കുന്നതാണ്. വര്‍ഗീയതക്കും രാഷ്ട്രീയ പകപോക്കലിനും മസ്ജിദുകള്‍ വേദിയാക്കരുതെന്നായിരുന്നു ടിയാന്റെ പ്രസ്താവന. ഇസ്‌ലാമിന്റെ ആരാധനാ കര്‍മങ്ങളില്‍ കടത്തിക്കൂട്ടിയ പുരോഗമന ചിന്തയുടെ ഫലമാണിതെന്ന് പറയാതെ വയ്യ. വഖ്ഫ് വസ്തു സംരക്ഷണത്തിലും മഹല്ല് കാര്‍മികത്വത്തിലും നടപടിക്രമങ്ങളിലും മതകീയ പാരമ്പര്യം നിലനിര്‍ത്തിയില്ലെങ്കില്‍ പഴുതന്വേഷിക്കുന്നവര്‍ക്ക് തെറ്റിദ്ധാരണ വരാനും ഇടപെടലുകളുണ്ടാകാനും സാധ്യത ഏറെയാണ്. മസ്ജിദുകളിലും മഹല്ലുകളിലും മതകീയ ധാര്‍മിക പരിവേഷം കൊണ്ടുണ്ടാകുന്ന സുരക്ഷയും വിശ്വാസ്യതയും അതിപ്രധാനമാണ്. ഭരണകൂട ഭീകരതക്കും മുസ്‌ലിം വിരുദ്ധതക്കും മതേതര ധ്വംസനത്തിനുമെതിരെ പ്രതികരിക്കണം. സമരവും നിസ്സഹകരണവും വേണ്ടിവരും. എന്നാല്‍ ഇതിന്റെ പ്രഖ്യാപനത്തിനും പ്രചാരണത്തിനും പള്ളി കേന്ദ്രമാകുമ്പോള്‍ അത് വിപരീത ഫലമുളവാക്കും. അത്തരമൊരു ചര്‍ച്ചയും തര്‍ക്കവും സമൂഹമധ്യേ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

തദ്ദേശ സ്വയംഭരണ ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളും റിട്ടയേര്‍ഡ് ജീവനക്കാരും ഭൗതിക വിദ്യാസമ്പന്നരും കൈയടക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ മഹല്ല് ഭരണ സമിതികളിലും വഖ്ഫ് സംരക്ഷണത്തിലും മസ്ജിദ് ഭരണങ്ങളിലും താക്കോല്‍ സ്ഥാനങ്ങളില്‍ കക്ഷിരാഷ്ട്രീയക്കാരുടെ അതിപ്രസരം തെറ്റായി വ്യാഖ്യാനിക്കപ്പെടും. നിലവിലെ ജില്ലാ- സംസ്ഥാന തല മഹല്ല് ഭരണ സമിതികളുടെ ഒരു നേര്‍ചിത്രമെടുത്താല്‍ തെളിയുന്നത് സ്വാതിക മതകീയ നേതൃത്വമാണോ? ഭൗതിക രാഷ്ട്രീയ സ്വാധീനം അവിടെ പ്രത്യക്ഷമല്ലേ. ഒരു വിചിന്തനം ആവശ്യമാണിവിടെ.

ഖാസിയുടെ പാണ്ഡിത്യം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത് സമുദായത്തിന് പരുക്കേല്‍പ്പിക്കുന്നുണ്ട്. മതാചാരങ്ങള്‍ക്കും ആരാധനകള്‍ക്കും നേതൃത്വം നല്‍കുന്ന, തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് മതകീയ തീര്‍പ്പ് കല്‍പ്പിക്കുന്ന ഖാസിമാര്‍ക്ക് മത പാണ്ഡിത്യം അനിവാര്യമല്ലെന്ന് പറയുന്നത് സമൂഹത്തിന് നല്‍കുന്ന മെസ്സേജ് എന്താണ്. തെറ്റിദ്ധാരണാ സാധ്യതകള്‍ കൊട്ടിയടക്കണമെന്ന പ്രവാചക വചനം വാക്കിലും പ്രവൃത്തിയിലും സമുദായത്തിന് വഴി കാട്ടണം. യോഗ്യതയുള്ളവര്‍ ഉദ്യോഗസ്ഥരോ രാഷ്ട്രീയ ബന്ധമുള്ളവരോ ആകുന്നത് തെറ്റല്ല. എന്നാല്‍ അതാണ് യോഗ്യതയെന്ന് കരുതുന്നത് ശരിയല്ല. ഖുതുബ പരിഭാഷ ആരാധനാ പരിവേഷത്തില്‍ സംശയം ജനിപ്പിച്ചത് പോലെ രാഷ്ട്രീയ മേല്‍ക്കോയ്മ മഹല്ല് കൂട്ടായ്മയുടെയും വഖ്ഫ് വസ്തുക്കളുടെയും മതകീയ പരിവേഷത്തിന് മങ്ങലേല്‍പ്പിക്കാന്‍ ഇടവരുത്തും. സമുദായത്തിന്റെ മതപര വിഷയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പരമാവധി മതകീയ പരിവേഷമുള്ളവരാകണമെന്ന മതനിയമം പാലിക്കപ്പെടുകയാണ് മതവിരുദ്ധ ശക്തികളുടെ തെറ്റിദ്ധാരണകള്‍ക്കും ഇടപെടലുകള്‍ക്കും പരിഹാരം.

Latest