ACTRESS ATTACK CASE
ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി
കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു
കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വസതിയില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി. രാവിലെ 11.30ന് തുടങ്ങിയ റെയ്ഡ് 6.45നാണ് അവസാനിച്ചത്. എന്നാല്‍ ദിലീപിന്റെ നിര്‍മാണ കമ്പനി ഓഫീസിലും സഹോദരന്റെ വീട്ടിലും നടക്കുന്ന റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ വീട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതായാണ് വിവരം.
തോക്ക് കണ്ടെത്താന്‍ വേണ്ടിയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയെന്നാണ് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
രാവിലെ 11.30നാണ് ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം എത്തുന്നത്. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പോലീസ് ഗെയ്റ്റ് ചാടി അകത്തുകടന്നു. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നുനല്‍കുകയായിരുന്നു. റെയ്ഡ് വിവരം അറിഞ്ഞ ദിലീപ് പിന്നീട് കാറോടിച്ച് ഇവിടേക്ക് എത്തുകയായിരുന്നു. ഇതേ സമയം തന്നെ സഹോദരന്റെ വീട്ടിലും സ്റ്റുഡിയോയിലും പരിശോധന തുടങ്ങിയിരുന്നു. അതിനിടെ റെയ്ഡിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ ദിലീപിന്റെ സഹോദരന്റെ വീട്ടില്‍ നിന്നും മടങ്ങി. റെയ്ഡ് തുടരുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് ഇപ്പോള്‍ റെയ്ഡ്.
അതേസമയം വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. നാളെ ഹൈക്കോടതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായ എതിര്‍വാദം ഉന്നയിക്കാനാണ് സാധ്യത.