Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് തീർത്തും രാഷ്ട്രീയ പരിപാടി; കോൺഗ്രസ് എല്ലാ മതങ്ങൾക്കും ഒപ്പം: രാഹുൽ ഗാന്ധി

മതത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർ ജീവിതത്തിൽ മതം ഉപയോഗിക്കുന്നു. മതവുമായി 'പബ്ലിക് റിലേഷൻസ്' ഉള്ളവർ മതത്തെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ

Published

|

Last Updated

കൊഹിമ (നാഗാലാൻഡ്) | ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആർഎസ്എസിന്റെയും പരപാടിയാണത്. അതിന് പൂർണമായും തിരഞ്ഞെടുപ്പ് നിറം നൽകപ്പെട്ടുവെന്നും നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ ഭാരത് ജോഡോ നായ് യാത്രക്കിടെ രാഹുൽ പറഞ്ഞു.

ജനുവരി 22ലെ പരിപാടി ഒരു രാഷ്ട്രീയ പരിപാടിയായി മാറിയിരിക്കുന്നു. ഈ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഹിന്ദുമതത്തിലെ നേതാക്കൾ തന്നെ അറിയിച്ചിട്ടുണ്ട്. പരിപാടിക്ക് ആർഎസ്എസും ബിജെപിയും തിരഞ്ഞെടുപ്പ് നിറം നൽകിയതിനാൽ കോൺഗ്രസ് അധ്യക്ഷൻ അവിടേക്ക് പോകാൻ വിസമ്മതിക്കുകയായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി.

ഞങ്ങൾ എല്ലാ മതങ്ങൾക്കും ഒപ്പമാണ്. കോൺഗ്രസിൽ നിന്നുപോലും ആർക്കു വേണമെങ്കിലും പോകാം. എന്നാൽ ഞങ്ങളുടെ പ്രധാന പ്രതിപക്ഷമായ പ്രധാനമന്ത്രി അതിനെ ഒരു തിരഞ്ഞെടുപ്പ് പരിപാടിയാക്കി മാറ്റിയതിനാൽ ഞങ്ങൾക്ക് പോകുക ബുദ്ധിമുട്ടാണ്. മതത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നവർക്ക് അതുമായി ഒരു ‘വ്യക്തിബന്ധം’ ഉണ്ട്. അവർ ജീവിതത്തിൽ മതം ഉപയോഗിക്കുന്നു. മതവുമായി ‘പബ്ലിക് റിലേഷൻസ്’ ഉള്ളവർ മതത്തെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

ഞാൻ എന്റെ മതത്തെ മുതലെടുക്കാൻ ശ്രമിക്കുന്നില്ല. എന്റെ മതത്തിന്റെ തത്വങ്ങളിൽ ജീവിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ആളുകളെ ബഹുമാനിക്കുന്നത്. വിദ്വേഷവും വിഭജിക്കപ്പെട്ട ഇന്ത്യയും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നമുക്ക് വേണ്ടത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇന്ത്യയാണെന്നും രാഹുൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇംഫാലിൽ നിന്ന് തുടങ്ങിയ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രാവിലെയാണ് നാഗാലാൻഡിൽ പ്രവേശിച്ചത്. 66 ദിവസം നീളുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാജ്യത്തെ 15 സംസ്ഥാനങ്ങളിലൂടെയും 110 ജില്ലകളിലൂടെയും കടന്നുപോകും. രാഹുൽ ഗാന്ധി വിവിധ സ്ഥലങ്ങളിൽ വാഹനം നിർത്തി നാട്ടുകാരുമായി സംവദിക്കും. ഈ കാലയളവിൽ 6700 കിലോമീറ്റർ ദൂരമാണ് രാഹുൽ സഞ്ചരിക്കുക.

മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങൾ ടന്ന് മാർച്ച് 20ന് മുംബൈയിൽ യാത്ര സമാപിക്കും.

Latest