Ongoing News
രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും: ബി സി സി ഐ
![](https://assets.sirajlive.com/2022/01/ranji-trophy-794x538.gif)
മുംബൈ | വരുന്ന രഞ്ജി ട്രോഫി സീസണ്‍ രണ്ട് ഘട്ടമായി നടത്തുമെന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഐ പി എലിനു മുമ്പും ശേഷവുമായാണ് ടൂര്‍ണമെന്റ് നടത്തുക. ഫെബ്രുവരി രണ്ടാം വാരത്തിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഐ പി എല്‍ ആരംഭിക്കുന്നതോടെ മാറ്റിവക്കുന്ന ബാക്കി മത്സരങ്ങള്‍ ഐ പി എലിനു ശേഷം നടത്തും. ജനുവരി 13നാണ് രഞ്ജി ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ടൂര്‍ണമെന്റ് മാറ്റിവെക്കുകയായിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി നടന്നിരുന്നില്ല.
ആദ്യ ഘട്ടത്തില്‍ ലീഗ് മത്സരങ്ങളും രണ്ടാം ഘട്ടത്തില്‍ നോക്കൗട്ട് മത്സരങ്ങളുമാണ് നടക്കുക. ജൂണിലാവും നോക്കൗട്ട് മത്സരങ്ങള്‍. ഐ പി എലിന്റെ വരുന്ന സീസണ്‍ മാര്‍ച്ച് അവസാന വാരം ആരംഭിക്കുമെന്ന് ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നു. മെയ് മാസത്തില്‍ സീസണ്‍ അവസാനിക്കും.