Connect with us

cover story

ലോകം അറിഞ്ഞ അനർഘ നിമിഷങ്ങൾ

കാഴ്ചയുടെ വിസ്മയച്ചെപ്പ് തുറന്നുവെച്ചാണ് ഖത്വർ ലോകത്തെ സ്വീകരിച്ചത്. ഫുട്ബോൾ ലോകകപ്പിന്റെ സംഘാടനത്തിലും അതിഥികൾക്കായി ഒരുക്കിയ സൗകര്യത്തിലും ഖത്വർ ഏറെ അതിശയിപ്പിച്ചു. ഇതിനെല്ലാം പുറമെ കളിക്കളത്തിനകത്തും പുറത്തുമായി എന്നെന്നും ഓർത്തുവെക്കാവുന്ന ഒരുപാട് അനശ്വര ചിത്രങ്ങൾ പങ്കുവെച്ചാണ് ലോകകപ്പ് വിട പറഞ്ഞത്. അത്തരം ചില ചിത്രങ്ങളിലൂടെ...

Published

|

Last Updated

ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഭിന്നശേഷിക്കാരനായ ഖത്വർ യുവ സംരംഭകൻ ഗനീം അൽ മുഫ്താഹുമായി സംസാരിക്കുന്ന മോർഗാൻ ഫ്രീമാൻ

ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനത്തിനാണ് ഖത്വർ വേദിയായത്. ഹോളിവുഡ് താരം മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഖത്വർ യുവ സംരംഭകൻ ഗനീം അൽ മുഫ്താഹുമൊന്നിച്ചുള്ള സംഭാഷണമായിരുന്നു അതിൽ ഏറ്റവും ആകർഷണം. മാനവികതയും ആഗോള സാഹോദര്യവും പ്രഖ്യാപിക്കുന്ന ഖുർആൻ വചനങ്ങൾ ഉരുവിട്ടുകൊണ്ടാണ് ഗനീം ലോകത്തെ ഖത്വറിലേക്ക് സ്വാഗതം ചെയ്തത്.

 

യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ഖത്വർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽത്വാനി സ്വീകരിക്കുന്നു.

നയതന്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് ലോകകപ്പിലൂടെ ഖത്വർ നടത്തിയത്. നീണ്ട നാല് വർഷത്തെ ഉപരോധത്തിന് ശേഷം ആദ്യമായാണ് ഒരു സഊദി ഭരണാധികാരി ഖത്വർ സന്ദർശിക്കുന്നത്. 2017 ലാണ് ഖത്വറിനെതിരെ സഊദി ഉപരോധം ആരംഭിച്ചത്. ഡിസംബർ 18ന് ലോകകപ്പ് ഫൈനലിന് പുറമെ ദേശീയ ദിനം കൂടി ആചരിച്ച ഖത്വറിന് ആശംസകൾ നേരാനും സഊദി ഭരണാധികാരി മറന്നില്ല. അർജന്റീന- സഊദി അറേബ്യ മത്സരം കാണാൻ ലുസൈൽ സ്റ്റേഡിയത്തിലെ വി വി ഐ പി ഗ്യാലറിയിലെത്തിയ ഖത്വർ അമീർ മുമ്പിലുണ്ടായിരുന്ന കാണികളിലൊരാളിൽ നിന്ന് സഊദി പതാക വാങ്ങി വീശുകയും തോളിലണിയുകയും ചെയ്തത് ശുഭകരമായ വാർത്തകളാണ്.

 

നെയ്മറെ ആശ്വസിപ്പിക്കാൻ ഓടിയെത്തിയ ക്രൊയേഷ്യൻ ബാലൻ ലിയോ പെരിസിച്ച്

ബ്രസീൽ- ക്രൊയേഷ്യ ക്വാർട്ടർ ഫൈനലാണ് രംഗം. ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ തോൽവി സമ്മതിച്ച് കരച്ചിലടക്കാനാകാതെ നെയ്മർ ഗ്രൗണ്ട് വിടുന്ന അവസരത്തിലാണ് സൂപ്പർതാരത്തെ ആശ്വസിപ്പിക്കാൻ ലിയോ പെരിസിച്ച് നെയ്മറുടെ അടുത്തെത്തുന്നത്. ഒഫീഷ്യലുകളുടെ വിലക്ക് വകവെക്കാതെ തന്റെ അടുത്തെത്തിയ ലിയോയെ ചേർത്തു പിടിക്കാനും നെയ്മർ മറന്നില്ല. ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്റെ മകനാണ് ലിയോ. പെരിസിച്ചും നെയ്മറുടെ അടുത്തെത്തിയിരുന്നു

 

വിജയത്തിന് ശേഷം ഉമ്മയോടൊപ്പം സന്തോഷം പങ്കുവെക്കുന്ന മൊറോക്കോ താരം അശ്റഫ് ഹക്കീമി

താരങ്ങളുടെ ഭാര്യമാരും കാമുകിമാരും ആഘോഷ നിമിഷങ്ങളിലെ നിത്യ സന്ദർശകരാണ്. എന്നാൽ സന്തോഷ നിമിഷങ്ങളിലെ ഉമ്മമാരുടെ സാന്നിധ്യം മൊറോക്കോ ടീമിന്റെ പ്രത്യേകതയായിരുന്നു. വിജയത്തിന് ശേഷം ഉമ്മയോടൊപ്പം സന്തോഷം പങ്കുവെക്കുന്ന മൊറോക്കോ താരം അശ്റഫ് ഹക്കീമിയുടെ ചിത്രം ലോകം മറന്നിട്ടുണ്ടാകില്ല. സെമി ഫൈനലിലേക്ക് മൊറോക്കോ യോഗ്യത നേടിയതിൽ സന്തോഷിച്ച് ടീമംഗം സുഫിയാൻ ബൗഫൽ ഉമ്മക്കൊപ്പം നൃത്തം ചെയ്തതും മൊറോക്കോ പരിശീലകൻ വാലിദ് റെഗ്രഗുയി ഉമ്മയുടെ തലയിൽ ചുംബിക്കാൻ സ്റ്റേഡിയത്തിലെത്തിയതും കൗതുക കാഴ്ചകളായി.

 

സ്റ്റേഡിയം വൃത്തിയാക്കുന്നതിനുള്ള ക്യാരി ബാഗുകളുമായി കളി കാണുന്ന ജപ്പാൻ ഫുട്ബോൾ പ്രേമികൾ

ശുചിത്വത്തിന് പേര് കേട്ടവരാണ് ജപ്പാൻകാർ. വൃത്തിയുടെ വിഷയത്തിൽ തങ്ങളുടെ പതിവ് ഖത്വറിലും അവർ തെറ്റിച്ചില്ല. ടീമിന്റെ മത്സരശേഷം ഡ്രസ്സിംഗ് റൂം വൃത്തിയാക്കുന്ന ജപ്പാൻ കളിക്കാരുടെ ശീലം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ഫുട്ബോൾ പ്രേമികൾ. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായപ്പോഴും ജപ്പാൻ താരങ്ങളും ആരാധകരും പതിവു തെറ്റിച്ചില്ല എന്നതാണ് അതിശയകരം.

 

സെമി ഫൈനലിന് ശേഷം മൊറോക്കോ താരം അശ്റഫ് ഹക്കീമിയെ ആശ്വസിപ്പിക്കുന്ന കിലിയൻ എംബാപ്പെ

മത്സരശേഷം കളിക്കാർ പരസ്പരം ആശ്വസിപ്പിക്കുന്നതും കൈകൊടുത്ത് പിരിയുന്നതും കളിക്കളത്തിലെ പതിവുകാഴ്ചയാണ്. ഖത്വർ ലോകകപ്പിലെ അത്തരം സന്ദർഭങ്ങളിൽ നിന്ന് ലോകം എന്നെന്നും ഓർത്തുവെക്കാനിടയുള്ള ചിത്രങ്ങളിലൊന്നാകും അശ്റഫ് ഹക്കീമിയെ ചേർത്തുപിടിക്കുന്ന എംബാപ്പെയുടെ ചിത്രം. മൈതാനത്ത് കണ്ണീരണിഞ്ഞ് കിടക്കുന്ന ഹക്കീമിയെ കൈ കൊടുത്ത് എഴുന്നേൽപ്പിക്കുകയായിരുന്നു എംബാപ്പെ. ഇരുവരും ജഴ്സി പരസ്പരം കൈമാറിയാണ് കളിക്കളം വിട്ടത്. ശേഷം എംബാപ്പെ ട്വിറ്ററിൽ കുറിച്ചു “പ്രിയപ്പെട്ടവനേ, സങ്കടപ്പെടാതിരിക്കൂ. നിങ്ങളെച്ചൊല്ലി ലോകം മുഴുവൻ അഭിമാനിക്കുന്നു. നിങ്ങൾ ചരിത്രം സൃഷ്ടിച്ചവരാണ്’. പി എസ് ജി ടീമംഗങ്ങളാണ് ഇരുവരും.

 

പ്രദർശന മത്സരത്തിൽ കാണികൾക്ക് വിതരണം ചെയ്യാൻ ഖത്വർ ഒരുക്കിയ സമ്മാനങ്ങൾ

ഖത്വർ- ഇക്വഡോർ മത്സരം കാണാനെത്തിയ മുഴുവനാളുകൾക്കും സമ്മാനം നൽകി കാണികളുടെ മനം കവർന്നാണ് ഖത്വർ അവരെ മടക്കിയയച്ചത്. 67,000 പേർക്ക് ഇരിക്കാവുന്ന സൗകര്യമാണ് അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഉള്ളത്. അറബികൾ ധരിക്കുന്ന തരത്തിലുള്ള തലപ്പാവ്, ഫിഫ ലോകകപ്പ് ലോഗോയുടെ മാതൃകയിലുള്ള മൊമെന്റോ, ലഈബിന്റെ രൂപം, പെർഫ്യൂം എന്നിവയായിരുന്നു ആ സമ്മാനപ്പൊതിയിലുണ്ടായിരുന്നത്.

 

വീൽ ചെയറിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണുന്നവർ

ഭിന്നശേഷിക്കാർക്കായി വലിയ സൗകര്യമാണ് ഖത്വർ ഭരണകൂടം ഒരുക്കിയത്. മെട്രോ സ്റ്റേഷനിൽ നിന്ന് ഇറങ്ങി സ്റ്റേഡിയം ഗ്യാലറിയിലെത്താൻ ഭിന്നശേഷിക്കാരെ സഹായിക്കാൻ വളണ്ടിയർമാരുടെ നിര തന്നെയുണ്ടായിരുന്നു. സ്റ്റേഷനിലെ ലിഫ്റ്റിലിറങ്ങിയാൽ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ഇവരെ ഗ്യാലറിയിലെത്തിക്കും. ലോകകപ്പിലെ 64 കളികൾക്കു മുമ്പും വീൽ ചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ കാണികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് പ്ലയർ ടണലിലേക്കും മൈതാനത്തിന് അരികിലേക്കുമെത്താൻ ഖത്വർ സൗകര്യമൊരുക്കിയിരുന്നു. അർജന്റീന- ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ കളിക്കാർക്കൊപ്പം ഗ്രൗണ്ടിൽ അണിനിരന്നവരിൽ വീൽചെയറിൽ മലയാളിയായ ആസിം വെളിമണ്ണയുമുണ്ടായിരുന്നു.

 

മെസ്സിയെ ബിഷ്ത് അണിയിക്കുന്ന ഖത്വർ അമീർ

ഖത്വർ ലോകകപ്പിൽ അർജന്റീനക്കായി കപ്പുയർത്താൻ വേദിയിലെത്തിയ ലയണൽ മെസ്സിക്ക് ഖത്വർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽത്വാനി ഒരു സമ്മാനം കരുതി വെച്ചിരുന്നു. അറബ് ജനതയുടെ ഏറ്റവും ഉന്നതമായ “ബിഷ്ത്’ എന്ന മേൽക്കുപ്പായമായിരുന്നു അത്. അറബ് പാരമ്പര്യം അനുസരിച്ച് രാജകുടുംബാംഗത്തിൽപ്പെട്ടവരോ ഉന്നത പദവിയിൽ ഇരിക്കുന്നവരോ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മാത്രം ധരിക്കുന്ന മേൽക്കുപ്പായമാണ് “ബിഷ്ത്’. ഖത്വർ നൽകിയ ഏറ്റവും വലിയ ആദരത്തോട് ബഹുമാനം പുലർത്തി അതേ വേഷം ധരിച്ചാണ് മെസ്സി ടീം അംഗങ്ങളോടൊപ്പം ലോകകപ്പ് ഉയർത്തിയത്.

---- facebook comment plugin here -----

Latest