Connect with us

Afghanistan crisis

താലിബാൻ അപരവത്കരണത്തിന്റെ പ്രതിലോമ രാഷ്ട്രീയം: എം കെ മുനീർ

വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.

Published

|

Last Updated

തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സ്വത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എം എൽ എ. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണെന്നും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ രൂപം

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരിൽ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങൾ വെച്ച് നോക്കിയാലും താലിബാൻ മനുഷ്യവിരുദ്ധമാണ്. എതിർക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന, ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധന ചെയ്യുക..? താലിബാനെ ഭയന്നാണ് അവർ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാൻ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകൾ സ്‌കൂളിൽ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനിൽ താലിബാൻ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങൾ ജന്മം നൽകിയ താലിബാൻ പിന്നീട് അഫ്ഗാൻ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങൾ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. താലിബാൻ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരർത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വർഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.

ഏതൊരു തീവ്രതയെയും എതിർക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്‌ലാം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാൻ ആർക്കാണ് സാധിക്കുക!

അഫ്ഘാൻ ജനതയോട് ഐക്യപ്പെടുന്നു. അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ലോകം മുന്നോട്ട് വരട്ടെ…

---- facebook comment plugin here -----

Latest