Connect with us

cover story

ആ വിളവെടുപ്പുകാരൻ ഇവിടെയുണ്ട്

അനുഭവസമ്പത്ത് എന്പാടുമുള്ള ഗ്രാമീണ വീട്ടമ്മയുടെ ഉപദേശം മാത്രമായിരുന്നില്ല അത്. മലയാള മണ്ണിനോട് ഇഴുകിച്ചേർന്നു ജീവിച്ച നാട്ടിലെ ഓരോ അമ്മമാരുടെയും ഹൃദയത്തിന്റെ അകതാരിൽ തങ്ങിനിൽക്കുന്ന ആശയം കൂടിയായിരുന്നു. അന്ന് അരികിലിരുന്ന് ഉപദേശം കാതോർത്ത കൃഷി ഓഫീസർ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകില്ല, പിന്നീട് "ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന ആ അമ്മയുടെ ആശയം കേരളം നെഞ്ചേറ്റുമെന്ന്്.

Published

|

Last Updated

2014ലെ ഓണത്തിന് കൃത്യം 65 ദിവസം മുമ്പ.് രാവിലെ പത്ത് മണി. ആലപ്പുഴ ജില്ലയിലെ തട്ടാരമ്പലം കണ്ടിയൂർ പനമ്പിലാവിൽ തെക്കേതിലെ ഊണുമേശയിൽ മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം നിറച്ച ഒരു ഗ്രോബാഗ്. കർഷകനായിരുന്ന പരേതനായ ചെല്ലപ്പൻ പിള്ളയെ മനസ്സിൽ ധ്യാനിച്ചു മേശക്കു തൊട്ടരികെ വൃദ്ധയായ ലക്ഷ്മിക്കുട്ടിയമ്മയും ചുറ്റും അസി. കൃഷി ഓഫീസറായ മകൻ പി സി ഹരികുമാറും ഭാര്യ വില്ലേജ് ഓഫീസറായ ടി എസ് പ്രതീക്ഷയും ചെറുമക്കളും. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പുറത്തേക്കിറങ്ങാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് മണ്ണ് നിറച്ച ഗ്രോ ബാഗ് മേശമേൽ വെച്ചിരിക്കുന്നത്. എന്തോ ഓർത്തിട്ടെന്നപോലെ ആ അമ്മ ഗ്രോബാഗിൽ ഒരു പച്ചക്കറി തൈ നട്ടുകൊണ്ടു മകനോടായി പറഞ്ഞു. “ഇതു മാത്രമല്ല, എല്ലാ പച്ചക്കറികളും വീടിനു ചുറ്റും നടണം. ഉത്രാടത്തിനു നമുക്കാവശ്യമുള്ള വിഷം ചേർക്കാത്ത ഒരുമുറം പച്ചക്കറിയെടുക്കാം….’ അനുഭവസമ്പത്ത് ഏറെയുള്ള ഒരു ഗ്രാമീണ വീട്ടമ്മയുടെ ഉപദേശം മാത്രമായിരുന്നില്ല അത്. മലയാള മണ്ണിനോട് ഇഴുകിച്ചേർന്നു ജീവിച്ച കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയത്തിന്റെ അകതാരിൽ നിന്നും ഉയർന്നുവന്ന ഒരു ശബ്ദം കൂടിയായിരുന്നു. അന്ന് അടുത്തുനിന്നു ആ അമ്മയുടെ ഉപദേശം കേട്ട കൃഷി ഓഫീസർ ഒരുപക്ഷേ ചിന്തിച്ചിട്ടുണ്ടാകില്ല. പിന്നീട് “ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന അമ്മയുടെ ആ ആശയം കേരളം നെഞ്ചോട് ചേർത്തു പിടിക്കുമെന്നും സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാൻ തനിക്കു കഴിയുമെന്നും. ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെയായിരിക്കണമെന്നു സമൂഹത്തിനു കാണിച്ചുകൊടുക്കുകകൂടി ചെയ്ത ആ കൃഷി ഓഫീസറാണ് ഇന്ന് ദിവസവും കൃഷിപാഠവുമായി കേരളത്തിലങ്ങോളമിങ്ങോളം കർഷകർക്കിടയിൽ ഓടിനടക്കുന്ന ഹരികുമാർ എന്ന 51 കാരൻ.

മാറിമറിഞ്ഞ കേരളം

രാവന്തിയോളം മണ്ണിനോട് പടവെട്ടി സംശുദ്ധമായ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ചു വിശപ്പടക്കി സുഖനിദ്രയിലേക്കു വീണിരുന്ന മലയാള മക്കളുടെ അമ്പതുകളിലെ കേരളം ഇന്നു മാറിമറിഞ്ഞിരിക്കുന്നു. പുത്തൻ രുചിക്കൂട്ടുകൾ തേടിയുള്ള പുതുതലമുറയുടെ പരക്കം പാച്ചിലിൽ രോഗം കൂടെപ്പിറപ്പായി മാറി. വിയർപ്പൊഴുക്കി അധ്വാനിക്കാൻ മടിയില്ലാതിരുന്ന ഒരു തലമുറയും ഇന്ന് അന്യമായിരിക്കുന്നു. ശുദ്ധ കാർഷിക വിളകളുടെ വിളനിലമായി ഒരുകാലത്ത് പേരു കേട്ട തോട്ടപ്പള്ളി മുതൽ നീണ്ടകര വരെ വിവിധ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടന്നിരുന്ന ഓണാട്ടുകരയിൽ നിന്നും പഴങ്ങളും പച്ചക്കറികളും മുന്തിയയിനം എള്ളും എങ്ങോ മറഞ്ഞുതുടങ്ങി. കിഴക്കിന്റെ വെനീസായ ആലപ്പുഴയിൽ നിന്നു കൊപ്രയും വെളിച്ചെണ്ണയും ഇല്ലാതായതോടെ മായംകലർന്ന വെളിച്ചെണ്ണ വീടുകളിൽ സജീവമായി.

വിഷം കലർത്താത്ത നല്ലയിനം നെല്ലുത്പാദിപ്പിച്ചിരുന്ന പാലക്കാട്ടും കുട്ടനാട്ടിലും കർഷകർ ദുരിതത്തിലായി. പകരം അന്യസംസ്ഥാനങ്ങളിൽ നിന്നും നിറം ചാർത്തിയ അരി വാങ്ങേണ്ട ഗതികേടിലായി കേരളജനത. പശുവളർത്തലിന്റെ ഈറ്റില്ലങ്ങളായിരുന്ന മലയോര മേഖലകളിൽ നിന്നും മധ്യതിരുവിതാംകൂറിൽ നിന്നുമെല്ലാം ഇന്ന് പശുവളർത്തൽ പടിക്കുപുറത്തായി. അതോടെ ഗുണനിലവാരമില്ലാത്ത തമിഴ്‌നാട്ടിലെ കവർപാൽ വിറ്റഴിക്കപ്പെടുന്ന കമ്പോളമായി കേരളം മാറി. അഷ്ടമുടിയും വേമ്പനാട്ടുകായലും ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ നിന്നും പരമ്പരാഗത മത്സ്യങ്ങൾ ഇല്ലാതായതോടെ വരാലും കരിമീനും കാരിയുമുൾപ്പെടെയുള്ള നാടൻ മത്സ്യങ്ങൾ ഇന്നു പേരിനു മാത്രമായി. ഒപ്പം മാസങ്ങൾക്കു മുമ്പെ പിടിക്കപ്പെട്ടു ഫ്രീസറിനുള്ളിൽ മായംചേർത്തു സൂക്ഷിച്ച മത്സ്യങ്ങൾ രുചിക്കേണ്ടവരായി മലയാളികൾ മാറി. പഴവർഗങ്ങളുടെ കഥകളും ഇതു തന്നെ. ഇവക്കു നടുവിലാണ് ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളുടെ വിഷം കലർത്തിയ കമ്പോളവും തഴച്ചുവളരുന്നത്. കുത്തഴിഞ്ഞ ഈ പോക്കിൽ മനംമടുത്ത പഴമക്കാർ അങ്ങിങ്ങു പശുവും മീൻവളർത്തലും പച്ചക്കറികളുമൊക്കെ സംരക്ഷിക്കാറുണ്ടെങ്കിലും അതെല്ലാം നാമമാത്രമായി ചുരുങ്ങുമ്പോൾ സർക്കാർ തലത്തിൽ മുന്നോട്ടുവെക്കുന്ന പല പദ്ധതികളും പിൽക്കാലത്ത് അസ്തമിക്കുന്നതും പതിവാണ്.

വിഷം കലർത്തിയ പച്ചക്കറി

സംശുദ്ധ പച്ചക്കറിയുടെ വസന്തകാലത്തെ പുറകോട്ടടിച്ചു പുത്തൻ വിപണന തന്ത്രങ്ങളിലൂടെ വിഷലിപ്ത പച്ചക്കറികൾ വീട്ടുവാതിൽക്കൽ എത്താൻ തുടങ്ങിയിട്ടു അധികകാലമായില്ല. നാവിൽ കൊതിയൂറുന്ന പുതിയ രുചിക്കൂട്ടുകൾ അന്നമായി മാറിയതോടെ എന്തും വാങ്ങിക്കഴിക്കുന്ന അവസ്ഥയിലേക്കു മലയാളിയുടെ മനസ്സും മാറി. എങ്കിലും ഭക്ഷ്യവസ്തുക്കളിൽ മാരകമായ വിഷം കലർത്തുന്നതായി പണ്ട് മുതൽ തന്നെ ആക്ഷേപം ഉയർന്നിരുന്നെങ്കിലും രണ്ടായിരത്തി അഞ്ചോടെയാണ് ഈ ആക്ഷേപം കൂടുതൽ വ്യാപകമായത്. സമീപ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പഴം, പച്ചക്കറി, പാൽ, മത്സ്യം എന്നിവയിലെല്ലാം മായം കലരുന്നതായി അന്നു കണ്ടെത്തിയിരുന്നു. സർക്കാർ തലത്തിൽ നടത്തുന്ന പരിശോധനകൾകൊണ്ടു മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക അസാധ്യമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് സ്വന്തമായി പച്ചക്കറി ഉത്പാദിപ്പിക്കണമെന്ന ആശയവും നിർദേശവും വ്യാപകമായി ഉയർന്നത്. എന്നാൽ അതും കാര്യമായ ചലനങ്ങൾ എവിടെയും ഉണ്ടാക്കിയതുമില്ല. ഈ സാഹചര്യത്തിലാണ് സ്വയം പച്ചക്കറി കൃഷി ചെയ്യുന്നതിനു മാതൃകയാകണം എന്ന ആശയം കൃഷി ഓഫീസറായ ഹരികുമാറിൽ ഉദിച്ചത്.

കൃഷി ചെയ്താൽ മാത്രം പോരാ സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇക്കാര്യത്തിൽ ജനങ്ങളെ ബോധവാന്മാരാക്കണമെന്ന ചിന്തയും അതോടെ മനസ്സിൽ ഉയർന്നു. ഇതിനായി എന്തു ചെയ്യാം എന്ന ആലോചനക്കായി കുടുംബത്തേയും കൂടെക്കൂട്ടി ഒരു സന്ധ്യാ വേളയിൽ ഇക്കാര്യത്തിൽ അവരുമായി കൂട്ടായ ആലോചനയും നടത്തി. അങ്ങനെയാണ് വീട്ടിലെ പരിമിതമായ സ്ഥലത്ത് ഏതാനും പച്ചക്കറികൾ മാത്രം കൃഷിചെയ്തു തുടക്കം കുറിച്ചത്. അതിൽ നിന്നും ഫലങ്ങൾ ലഭിക്കുമെന്നു ഉറപ്പായതോടെ 2007ൽ മട്ടുപ്പാവിലേക്കു കൃഷി വ്യാപിപ്പിക്കുകയായിരുന്നു. അതിനായി നിരവധി ഗ്രോ ബാഗുകളും ചെടിച്ചട്ടികളും ചാക്കുകളും തുടങ്ങി ചെടി വളർത്താനുതകുന്ന എല്ലാ വസ്തുക്കളും ശേഖരിച്ചു. ഏതാണ്ട് വിവിധയിനത്തിൽപ്പെട്ട മുപ്പതിൽപ്പരം പച്ചക്കറികളാണു അങ്ങനെ മട്ടുപ്പാവിൽ സ്ഥാനം പിടിച്ചത്. കമ്പോസ്റ്റ് വളങ്ങൾ ഉൾപ്പെടെ എല്ലാം വീട്ടിൽതന്നെ സ്വയം നിർമിച്ചു. അതിനായി അവധിദിവസങ്ങളിലും കിട്ടുന്ന സമയങ്ങളിലുമെല്ലാം ഭാര്യയും മക്കളായ അഞ്ജലിയും ആദിത്യനും വേണ്ട സഹായത്തിനായി മുന്നിൽ നിന്നു. കൂടാതെ കൃഷിയുടെ ഓരോ ഘട്ടത്തേക്കുറിച്ചും അപ്പപ്പോൾ “ഹരികുമാർ മാവേലിക്കര’ എന്ന ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും പുറംലോകത്തെ അറിയിക്കാനും ഹരികുമാർ മറന്നില്ല. എന്നാൽ, കാര്യമായ ഒരു പ്രതികരണവും എങ്ങുനിന്നും ഉണ്ടാകില്ലെന്നാണ് തുടക്കത്തിൽ കരുതിയതെങ്കിലും പിന്നീട് നൂറുകണക്കിനാളുകൾ അതിന് പിന്തുണയുമായി പ്രതികരിക്കാനും തുടങ്ങിയതോടെ വലിയ ആവേശമായതായി ഹരികുമാർ പറയുന്നു. തുടർന്ന് സംയോജിത കൃഷിരീതി എങ്ങനെ നടപ്പാക്കാം എന്ന ചിന്തയിലേക്ക് മനസ്സ് മാറുകയായിരുന്നു. അതോടെ വിവിധയിനം കോഴികൾ, താറാവുകൾ എന്നിവ കൂടാതെ മത്സ്യക്കൃകൃഷിക്കും തേനീച്ച വളർത്തലിനും തുടക്കമിട്ടു. ഒപ്പം കരകൃഷി എങ്ങനെ സാധ്യമാക്കാം എന്നും സ്വന്തം പ്രയത്‌നത്താൽ അദ്ദേഹം കാണിച്ചുകൊടുത്തു.

വാർത്തകളിലെ താരം

ഹരികുമാറിന്റെ പച്ചക്കറി കൃഷി വാർത്തകളിൽ സ്ഥാനം പിടിച്ചതോടെ ഒട്ടനവധി പേരാണ് ദിവസേന അദ്ദേഹവുമായി ബന്ധപ്പെട്ട് കൃഷിയുടെ നാനാവശങ്ങളെക്കുറിച്ചും സംശയനിവാരണം നടത്താൻ മുന്നോട്ടുവന്നത്. അതോടൊപ്പം അഭിലാഷ് കരിമുളക്കൽ എന്ന സുഹൃത്തായ കൃഷി ഓഫീസർ ഹരികുമാറിന്റെ കൃഷിരീതികൾ മാധ്യമ ശദ്ധയിൽ കൊണ്ടുവരികയും അങ്ങനെ ഫാം ഇൻഫർമേഷൻ ബ്യൂറോ ഹരികുമാറിനെക്കുറിച്ചു “നൂറുമേനി’ എന്ന പരിപാടിയിൽ ഉൾപ്പെടുത്തി 2008ൽ ദൂരദർശൻ ടെലികാസ്റ്റും ചെയ്തതോടെ കൃഷിരീതികളെക്കുറിച്ചു സംശയനിവാരണത്തിനും പരിശീലനത്തിനുമായി ഹരികുമാറിനെ തേടി നിരവധി ക്ഷണവും എത്തി. അങ്ങനെ സ്‌കൂളുകൾ, കർഷക കൂട്ടായ്മകൾ, പാരിസ്ഥിതി സംഘടനകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങി അനേകം ഇടങ്ങളിൽ ക്ലാസെടുക്കുന്ന നിറസാന്നിധ്യമായി അദ്ദേഹം മാറി.

ഇനി പിന്നോട്ടില്ലെന്നുറച്ചു ഓണത്തിനു വിളവെടുക്കത്തക്ക രീതിയിൽ എങ്ങനെ കൃഷിചെയ്യണം എന്നാലോചിക്കുകയും അതിന്റെ ഭാഗമായി 2014ൽ വിഷുവിനു 65 ദിവസം മുമ്പെ വിഷുക്കണിക്കുള്ള എല്ലാ പച്ചക്കറികളും കൃഷിചെയ്യാൻ ആരംഭിച്ചു. അതു വലിയ വിജയമായതോടെ “ഓണത്തിന് ഒരു നേന്ത്രക്കുല’എന്ന പദ്ധതിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിച്ചു. അതിലും വിജയം കൈവരിച്ചതോടെയാണ് “ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന അമ്മയുടെ നിർദേശം ശ്രദ്ധയിലെത്തിയതും അമ്മമാർ പിടിച്ച പഴയകാല പച്ചക്കറി മുറം തിരികെ കൊണ്ടുവരണമെന്ന ആശയം ജനമധ്യത്തിൽ അവതരിപ്പിക്കാനായതും.

ആശയം സമർപ്പിക്കുന്നു

ഹരികുമാറിന്റെ പച്ചക്കറി കൃഷിയെക്കുറിച്ചു കേട്ടും കണ്ടും അറിഞ്ഞ തൃശൂരിലുള്ള ഫേസ്്ബുക്ക് കൂട്ടായ്മ അദ്ദേഹത്തെ ആദരിക്കാൻ ബാനർജി ക്ലബ്ബിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. 2016 ഒക്ടോബർ 16ന് തൃശൂർ ഓൺലൈൻ വിപണിയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതിൽ അധ്യക്ഷത വഹിച്ചത് തൃശൂർ മേയറും ഉദ്ഘാടകൻ അന്നത്തെ കൃഷിമന്ത്രി വി എസ് സുനിൽകുമാറുമായിരുന്നു. ആ ചടങ്ങിൽ “ഓണത്തിന് ഒരുമുറം പച്ചക്കറി’ എന്ന പ്രൊജക്ട് മന്ത്രിക്ക് സമർപ്പിച്ചു. അതുവരെ താൻ നടപ്പാക്കിയ വിഷരഹിത പച്ചക്കറികൃഷിയെക്കുറിച്ചു അറിഞ്ഞു സോഷ്യൽ മീഡിയകളിൽ വന്ന കമന്റുകളും നിർദേശങ്ങളുമെല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു. “പഠിക്കട്ടെ, വേണ്ടതു ചെയ്യാം’ എന്ന് മന്ത്രി ഉറപ്പുനൽകിയാണ് മടങ്ങിയത്. എന്നാൽ പിന്നീട് അതിനെക്കുറിച്ചു ഒരറിവും ഇല്ലായിരുന്നു. തുടർന്നു “വിഷുക്കണിക്കായി’ എന്ന പദ്ധതി വിജയിച്ചതിന്റെ ആദരവ് ഏറ്റുവാങ്ങാൻ വീണ്ടും തൃശൂരിൽ പോകേണ്ടതായിവന്നപ്പോൾ അവിടെവെച്ചു മന്ത്രിയോടു കൂടുതൽ അടുത്തു സംസാരിക്കാൻ അവസരം ലഭിക്കുകയും താൻ നൽകിയ പ്രൊജക്ട് കൃഷി വകുപ്പിന്റെ പദ്ധതിയായി ഉടൻ പ്രഖ്യാപിക്കുമെന്നു മന്ത്രി അറിയിച്ചതും ഏറെ സന്തോഷത്തോടെയാണ് ഹരികുമാർ ശ്രവിച്ചത്. അങ്ങനൊണ് 2017ൽ “ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന ബൃഹത്തായ ആശയം സർക്കാർ പ്രഖ്യാപിച്ചത്.

ഇതിനിടയിൽ ഒട്ടേറെ അവാർഡുകളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തി. മികച്ച ജൈവ കർഷകനുള്ള അവാർഡ്, കേരള പാണിനി സർഗപ്രതിഭ പുരസ്‌കാരം, ഹരിതം ജീവനം കർഷകമിത്രം അവാർഡ്, സരോജിനി ദാമോദർ ഫൗണ്ടേഷന്റെ അക്ഷയശ്രീ അവാർഡ്, കേരള വ്യാപാരി ഏകോപന സമിതി പുരസ്‌കാരം, കർഷകഭൂമി അവാർഡ്, റസിഡന്റ്‌സ് അസോസിയേഷൻസ് അവാർഡ്… അങ്ങനെ നീണ്ടുപോകുന്നു ആദരവുകളുടെ നിര.

ഹരിതം ജീവനം

ഇതിനെല്ലാമപ്പുറം സർക്കാർ ഓഫീസ് പരിസരങ്ങൾ കാടുപിടിച്ചു കിടക്കുന്നതു ഒഴിവാക്കാൻ അവിടെയെല്ലാം പച്ചക്കറി കൃഷി ഉദ്പാദിപ്പിക്കാൻ കഴിയും വിധമുള്ള ചില നിർദേശങ്ങൾ തന്റെ അധികാരപരിധിക്കുള്ളിലുള്ള ഏതാനും പഞ്ചായത്തുകളിൽ സമർപ്പിച്ച് അംഗീകരിപ്പിക്കുകയും അവിടെയെല്ലാം ചെടിച്ചട്ടികളിലും മറ്റുമായി പച്ചക്കറി കൃഷിക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. “ഹരിതം ജീവനം’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്നു പൊതുസ്ഥലത്തു ആരംഭിക്കാനും പല ജനപ്രതിനിധികളും മുന്നോട്ടു വന്നിട്ടുണ്ട്. അതോടൊപ്പം കൃഷി ഓഫീസർ എന്ന നിലയിൽ കർഷകരുമായി ഉറ്റ ബന്ധം സ്ഥാപിച്ചെടുക്കാനുമായി. പൊലൂഷൻ കൺട്രോൾ ബോർഡിന്റെ പ്രഥമ “ഹരിതകേരളം’ സംസ്ഥാന പുരസ്‌കാരം നേടാൻ ഭാഗ്യം ലഭിച്ച നിലവിൽ മാന്നാർ കൃഷി ഓഫീസറായ അദ്ദേഹം കേരളത്തിന് അനുയോജ്യമായ കാർഷിക കലണ്ടർ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും വീട്ടിൽ നിന്നു തുടങ്ങണമെന്ന സന്ദേശമാണ് സഹപ്രവർത്തകരോടും പൊതുസമൂഹത്തോടും അദ്ദേഹത്തിന് ഉണർത്താനുള്ളത്.
.