National
സാങ്കേതിക വിപ്ലവത്തിന്റെ പുതുയുഗപ്പിറവി; നാല് നഗരങ്ങളിൽ ഇന്ന് മുതൽ 5ജി ലഭ്യമാകും
സേവനം ലഭിക്കുന്നതിന് നിലവിലെ സിംകാർഡ് മാറ്റേണ്ടതില്ല. 5ജി ഫോണുകളിൽ സ്വമേധയാ കണക്ഷൻ 5ജിയിലേക്ക് മാറും.
ന്യൂഡൽഹി | രാജ്യത്ത് സാങ്കേതിക വിപ്ലവത്തിന്റെ പുതുയുഗ പിറവിക്ക് തുടക്കമിട്ട് നാല് നഗരങ്ങളിൽ 5ജി സേവനങ്ങൾ ഇന്ന് ലഭ്യമാകും. മുംബൈ, ഡൽഹി, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ റിലയൻസ് ജിയോ ആണ് രാജ്യത്ത് ആദ്യമായി അതിവേഗ ഇന്റർനെറ്റ് സേവനമായ 5ജി ലഭ്യമാക്കുന്നത്. നിലവിൽ ക്ഷണിക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാകും സേവനം ലഭ്യമാകുക. ബീറ്റ ട്രെയലിന്റെ ഭാഗമായാണ് ഇപ്പോൾ സേവനങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം മറ്റു നഗരങ്ങളിലേക്കും 5ജി സേവനം ലഭ്യമാക്കും.
5ജി സേവനം ആരംഭിക്കുന്നതിനോടനുബന്ധിച്ച് റിലയൻസ് ജിയോ പ്രത്യേക പ്രാരംഭ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒരു ജിബിപിഎസ് സ്പീഡിൽ ഉപഭോക്താക്കൾക്ക് പരിധികളില്ലാത്ത 5ജി സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സേവനം ലഭിക്കുന്നതിന് നിലവിലെ സിംകാർഡ് മാറ്റേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. 5ജി ഫോണുകളിൽ സ്വമേധയാ കണക്ഷൻ 5ജിയിലേക്ക് മാറും.
ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു.