Connect with us

Kerala

റീല്‍സ് ചിത്രീകരിച്ചത് ഞായറാഴ്ച ദിവസം; സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ വിശദീകരണം നല്‍കി

ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഞായറാഴ്ച ജോലിക്ക് എത്തിയതെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Published

|

Last Updated

പത്തനംതിട്ട| തിരുവല്ലയില്‍ സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ വിശദീകരണം നല്‍കി ഉദ്യോഗസ്ഥര്‍. റീല്‍സ് എടുത്തത് ഞായറാഴ്ച ദിവസമാണെന്നാണ് തിരുവല്ല നഗരസഭയിലെ ആരോപണ വിധേയരായ എട്ട് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.

ദുരന്തനിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഞായറാഴ്ച ജോലിക്ക് എത്തിയതെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീല്‍സ് എടുത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തില്‍ നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.

റീല്‍സ് എടുത്തതുമായി ബന്ധപ്പെട്ട് തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള എട്ട് ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ജീവനക്കാര്‍ വിശദീകരണം നല്‍കിയത്.