Connect with us

Ongoing News

റഫറി ഗോൾ അനുവദിച്ചില്ല; പ്രതിഷേധിച്ച ജൂഡ് ബെല്ലിംഗ്ഹാമിന് ചുവപ്പ് കാർഡ്

വലൻസിയക്കെതിരെ റയൽ മാഡ്രിഡിന് സമനില 2-2

Published

|

Last Updated

മാഡ്രിഡ് | നാടകീയത നിറഞ്ഞ ലാ ലിഗ പോരാട്ടത്തിൽ വലൻസിയക്കെതിരെ റയൽ മാഡ്രിഡിന് സമനില. വലൻസിയയുടെ തട്ടകത്തിൽ രണ്ട് ഗോളിന് പിന്നിലായ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് റയൽ സമനില പിടിച്ചത്. 27ാം മിനുട്ടിൽ ഹ്യൂഗോ ഡ്യൂറോയിലൂടെ മുന്നിലെത്തിയ വലൻസിയക്കായി 30ാം മിനുട്ടിൽ റോമൻ യാരെംചുക്കും ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ ഒരു ഗോൾ മടക്കി. റോഡ്രിഗോയാണ് ഗോളിന് വഴിയൊരുക്കിയത്. 76ാം മിനുട്ടിൽ ബ്രാഹിം ഡയസിന്റെ അസിസ്റ്റിൽ വിനീഷ്യസ് നേടിയ ഹെഡ്ഡർ ഗോളിൽ റയൽ സമനില പിടിച്ചു. കളിയുടെ അവസാന ഘട്ടത്തിൽ ജൂഡ് ബെല്ലിംഗ്ഹാം ഹെഡ്ഡറിലൂടെ വലകുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ജൂഡിലേക്ക് പന്ത് എത്തും മുമ്പ് താൻ ഫൈനൽ വിസിൽ മുഴക്കിയെന്ന വാദമുയർത്തിയാണ് റഫറി ഗിൽ മാൻസാനോ ഗോൾ തടഞ്ഞത്. റയൽ കളിക്കാരും സ്റ്റാഫും റഫറിയെ വളഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ ജൂഡിന് ചുവപ്പ് കാർഡ് ലഭിച്ചു. പരുക്കിനെ തുടർന്ന് മൂന്നാഴ്ചക്ക് ശേഷമാണ് ജൂഡ് കളത്തിലിറങ്ങിയത്.

ഇങ്ങനെയൊരു സംഭവം തന്റെ ഫുട്‌ബോൾ ജീവിതത്തിൽ ആദ്യമായിട്ടാണെന്ന് റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. ജൂഡിന് ചുവപ്പ് കാർഡ് നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. അവൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. നിരാശ പ്രകടിപ്പിക്കുകമാത്രമാണ് ചെയ്തത്. റഫറിക്ക് പിഴവ് പറ്റിയതാണെന്നാണ് ഞാൻ കരുതുന്നത്- ആഞ്ചലോട്ടി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വരവിൽ തന്നെ വംശീയമായി അധിക്ഷേപിച്ച വലൻസിയൻ ഫുട്‌ബോൾ പ്രേമികൾക്കുള്ള മറുപടി കൂടിയായി വിനീഷ്യസിന്റെ ഇരട്ട ഗോൾ. വലൻസിയൻ ആരാധകർക്ക് നേരെ മുഷ്ടി ചുരുട്ടിയായിരുന്നു ബ്രസീലിയൻ താരത്തിന്റെ ഗോൾ ആഘോഷം. കഴിഞ്ഞ മെയിൽ ഇവിടെ കളിക്കാനെത്തിയപ്പോഴാണ് കായിക ലോകത്തെ നാണംകെടുത്തിയ രീതിയിൽ വലൻസിയൻ ഫുട്‌ബോൾ പ്രേമികളിൽ നിന്ന് വിനീഷ്യസിന് നേരെ വംശീയ ആക്രമണമുണ്ടായത്. ഈ ലാ ലിഗ സീസണിൽ വിനീഷ്യസിന് ഒമ്പത് ഗോളുകളായി.

അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് റയലിന്റെ മൂന്നാം സമനിലയാണിത്. 27 മത്സരങ്ങളിൽ 66 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളിൽ 37 പോയിന്റുള്ള വലൻസിയ ഒമ്പതാം സ്ഥാനത്താണ്. 59 പോയിന്റുള്ള ജിറോണയാണ് രണ്ടാമത്.