Kerala
സുരേഷ് ഗോപിക്കും ബിജെപിക്കും എതിരായ പരാമര്‍ശം ഔദ്യോഗിക നിലപാടല്ല; മുഖപത്രത്തെ തള്ളി തൃശൂര്‍ അതിരൂപത
കത്തോലിക്കാ സഭയില്‍ വന്ന ലേഖനവും പരാമര്‍ശങ്ങളും സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് അതിരൂപതയുടെ വിശദീകരണം

തൃശൂര്‍ നരേന്ദ്ര മോദിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരായി മുഖപത്രം ‘കത്തോലിക്കാ സഭ’യില്‍ പ്രസിദ്ധീകരിച്ച ലേഖനം തള്ളി തൃശൂര്‍ അതിരൂപത. ലേഖനത്തിലെ പരാമര്‍ശം തൃശൂര്‍ അതിരൂപതയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ഫാ. സിംസണ്‍ സി എസ് അറിയിച്ചു. സഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് എന്ന സംഘടനയുടെ നിലപാടാണ് പത്രത്തില്‍ അച്ചടിച്ച് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു
കത്തോലിക്കാ സഭയില്‍ വന്ന ലേഖനം പ്രതിപക്ഷ പാര്‍ട്ടികള്‍ സുരേഷ് ഗോപിക്കും ബിജെപിയും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് തൃശൂര്‍ അതിരൂപത ലേഖനം തള്ളി രംഗത്തെത്തിയിരിക്കുന്നത്. കത്തോലിക്കാ സഭയില്‍ വന്ന ലേഖനവും പരാമര്‍ശങ്ങളും സഭയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് അതിരൂപതയുടെ വിശദീകരണം.
അതിരൂപതയ്ക്ക് കീഴില്‍ നിരവധി സംഘടനകള്‍ ഉണ്ട്. രാഷ്ട്രീയകാര്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടാണ് പത്രത്തില്‍ പ്രതിഫലിച്ചതെന്നാണ് വിശദീകരണം. മണിപ്പൂര്‍ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നതും ഈ സംഘടനയാണെന്നും അതിരൂപത വ്യക്തമാക്കുന്നു
തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നായിരുന്നു് അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ നവംബര്‍ മാസത്തെ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂര്‍’ എന്ന എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തില്‍ പറഞ്ഞിരുന്നത്.
മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകും.മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതു കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്ക് നേരെയുള്ള പരിഹാസം