Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉപമ മാത്രം; നായയാണെന്ന് പറഞ്ഞതായി തോന്നിയെങ്കില്‍ പിന്‍വലിക്കുന്നു: സുധാകരന്‍

ഭരണ സംവിധാനം ദുരുപയോഗം ചെയ്തതിനെയാണ് കുറ്റപ്പെടുത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് ഉപമ മാത്രമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മലബാറിലെ ഒരു പ്രയോഗമാണത്. മുഖ്യമന്ത്രി നായയാണെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ മുഖ്യമന്ത്രിക്ക് തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. ഭരണ സംവിധാനം ദുരുപയോഗം ചെയ്തതിനെയാണ് കുറ്റപ്പെടുത്തിയത്. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്ത് നടത്തുകയാണ്. അതിനെയാണ് വിമര്‍ശിച്ചതെന്നും സുധാകരന്‍ വിശദീകരിച്ചു.

തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന സുധാകരന്റെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പ്രസ്താവന. ‘ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മവേണം. ഒരു നിയോജകമണ്ഡലത്തിലെ ബൈ ഇലക്ഷന് അദ്ദേഹം ചങ്ങലയില്‍നിന്നു പൊട്ടിയ നായ പോകുമ്പോലെയല്ലേ വരുന്നത്. ചങ്ങലയില്‍നിന്നു പൊട്ടിയ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത്. നിയന്ത്രിക്കാനാരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളിറങ്ങി നടക്കുകയല്ലേ? ഞങ്ങള്‍ക്ക് ഹാലിളകിയിട്ടില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ പറയുന്നുള്ളൂ.’ ഇങ്ങനെ പോയി സുധാകരന്റെ പരാമര്‍ശം.

‘എല്‍ ഡി എഫ് പ്രചാരണത്തില്‍ യു ഡി എഫിന് ഹാലിളകിയെന്നാണല്ലോ’ എന്ന വാര്‍ത്താചാനല്‍ ലേഖികയുടെ ചോദ്യത്തിന് മറുപടിയായാണ് സുധാകരന്‍ ഇതെല്ലാം പറഞ്ഞത്. ഹാലിളകിയത് ഞങ്ങള്‍ക്കല്ല, അദ്ദേഹത്തിനാണ്. അതാണിങ്ങനെ നീളെ തേരാപാര നടക്കുന്നത് എന്നും സുധാകരന്‍ പറഞ്ഞിരുന്നു.