Connect with us

Uae

മേഖലയിലെ ആദ്യ ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ സ്ട്രോബെറി ഫാം അബൂദബിയില്‍

പ്രതിവര്‍ഷം രണ്ട് ദശലക്ഷം കിലോയിലധികം സ്ട്രോബെറി വളര്‍ത്തും.

Published

|

Last Updated

അബൂദബി | ശൈത്യകാലത്ത് രാജ്യത്ത് സുസ്ഥിരമായ കൃഷിയും പ്രാദേശിക ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്ന 7,500 ചതുരശ്ര മീറ്റര്‍ ഇന്‍ഡോര്‍ വെര്‍ട്ടിക്കല്‍ സ്ട്രോബെറി ഫാം അബൂദബിയില്‍ ആരംഭിക്കുന്നു. മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ഫാമായിരിക്കും ഇത്. 500 ദശലക്ഷം ദിര്‍ഹം മുതല്‍മുടക്കിലുള്ള പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആസൂത്രണം ചെയ്യുന്ന അഞ്ച് ഫാമുകളില്‍ ആദ്യത്തേതാണ്. പ്രതിവര്‍ഷം രണ്ട് ദശലക്ഷം കിലോയിലധികം സ്ട്രോബെറി വളര്‍ത്തും. തുടക്കത്തില്‍, സ്ട്രോബെറിയില്‍ മാത്രമായിരിക്കും ശ്രദ്ധ. ഭാവിഘട്ടങ്ങളില്‍ വൈവിധ്യമാര്‍ന്ന വിളകള്‍ വളര്‍ത്താന്‍ സാധ്യതയുണ്ട്.

ആല്‍ഫ ഹോള്‍ഡിംഗിന്റെ അനുബന്ധ സ്ഥാപനമായ അബൂദബി ആസ്ഥാനമായ മാവാരിദ്, വടക്കേ അമേരിക്കക്ക് പുറത്ത് ലോകത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ സ്ട്രോബെറി ഫാം സ്ഥാപിക്കുന്നതിനായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കാര്‍ഷിക സ്ഥാപനമായ പ്ലെന്റുമായി ഒരു പങ്കാളിത്തത്തില്‍ കഴിഞ്ഞ മാസം ഏര്‍പ്പെട്ടിരുന്നു. അത്യാധുനിക സാങ്കേതികവിദ്യയിലൂടെ യു എ ഇയിലും മേഖലയിലും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനാണ് സംയുക്ത സംരംഭം ശ്രമിക്കുന്നതെന്ന് മവാരിദ് ഗ്രൂപ്പ് സി ഇ ഒ. കാശിഫ് ശംസി പറഞ്ഞു.

അബൂദബി മാര്‍ക്കറ്റില്‍ തുടങ്ങി ജി സി സിയിലുടനീളം ഭക്ഷ്യ വിതരണം വളര്‍ത്തുന്നതിന് ലോകത്തിലെ ഏറ്റവും നൂതനമായ കാര്‍ഷിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഈ സംയുക്ത സംരംഭം പ്രാപ്തമാക്കും. പുതിയ സ്ട്രോബെറി ഫാമിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest