MT VASUDEVAN NAIR
തിരസ്കൃതനാവുന്ന നായകൻ - ആ രണ്ടാമൂഴക്കാരൻ ഞാൻ തന്നെയാണ് !
എം ടി വാസുദേവൻ നായർ സാറിനെ പലപ്രാവശ്യം ദൂരെ നിന്ന് കണ്ടിട്ടുണ്ട്. ആ മഹാമേരുവിനടുത്തു ചെല്ലാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. നമ്മുടെ ആത്മരത്യാർത്ഥം ആ മഹാത്മാവിനെ ശല്യപ്പെടുത്തുന്നത് സുജനമര്യാദയല്ല എന്ന ബോധ്യം ഉണ്ടായിരുന്നു താനും. എന്നാൽ കഴിഞ്ഞ വർഷം ഏതോ പ്രകൃതിശക്തിയുടെ ഇടപെടൽ പോലെ പ്രാർത്ഥനാ നിർഭരമായി ആ മഹാത്മാവിനടുത്തിരിക്കാനുള്ള സുകൃതമുണ്ടായി.
വി എസ് അജിത്ത് എം ടിയോടൊപ്പം
ദുർബലനും അന്തർമുഖനും നിരാശാകാമുകനും സർവത്ര പരാജിതനുമായി ഞാൻ തള്ളി നീക്കിയ കൗമാരയൗവ്വനകാലഘട്ടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നാലുകെട്ടിലെ അപ്പുണ്ണിയും കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദൻകുട്ടിയും മഞ്ഞിലെ വിമലയും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും രണ്ടാമൂഴത്തിലെ ഭീമനും ഞാൻ തന്നെയാണെന്ന് മനസ്സിലാവുന്നു. ചത്തുകളയാമെന്നു പലവട്ടം ആലോചിച്ചെങ്കിലും ആത്മാവിലേക്ക് പ്രകാശം പകരുന്ന ധാരാളം ഗ്രന്ഥങ്ങൾ വായിച്ചു തീർക്കേണ്ടതുണ്ടല്ലോ അഥവാ വായിക്കാമല്ലോ എന്ന ഏക ചിന്തയാവും എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. വായിച്ചു തുടങ്ങിയത് എം ടി സാഹിത്യം തന്നെ. എം ടി സാഹിത്യത്തെ അവഗണിച്ചു കൊണ്ട് ഒരു നല്ല വായനക്കാരന് കടന്നു പോകാനാവില്ല. അതൊരു ചുഴി പോലെ അനുവാചകനെ കറക്കിയിടും.
ദുരിത പൂർണ്ണമായ നിത്യ ജീവിത യാഥാർഥ്യത്തിൽ നിന്നും രക്ഷനേടി ഭാവനയുടെ ലോകത്തു ജീവിക്കാൻ വായന പോലെ തന്നെ ഉപകാരപ്പെടുന്ന ഒന്നാണല്ലോ എഴുത്തു് . ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എം ടി യുടെ ‘ കാഥികന്റെ പടിപ്പുര ‘ വായിക്കുന്നത്. ‘കാഥികന്റെ ബാലപാഠങ്ങൾ ‘ എന്ന അവസാനത്തെ അദ്ധ്യായമാണ് ആദ്യം വായിച്ചത്.
“നിങ്ങൾക്കൊരു കഥ പറയാനുണ്ടെങ്കിൽ ആ കഥ അനുവാചകന്റെ ഹൃദയവുമായി ആത്മ സംവേദനം നടത്താൻ പറ്റിയ ഏറ്റവും ശക്തമായ രൂപത്തിൽ, ശൈലിയിൽ അതെഴുതുക. ആ കഥ ജീവിക്കാനർഹമാണെങ്കിൽ നിങ്ങളുടെ മാനസിക പ്രക്രീയകൾക്കിടയിൽ അതിനു പറ്റിയ രൂപം കൊള്ളാതിരിക്കുകയില്ല. ” (എന്റെ കാര്യത്തിൽ ആ രൂപം കൊള്ളാൻ ദശാബ്ദങ്ങൾ എടുത്തു. അത് അപരന് മനസ്സിലാവാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം.)
‘എന്തിനെഴുതുന്നു? ‘ എന്ന ഒന്നാമത്തെ അധ്യായമാണ് തുടർന്നു വായിച്ചത്.
“നിർമ്മാണ പ്രക്രീയയിൽ ജീവിതത്തിന്റെ മറ്റേതൊരു നിമിഷത്തിലും അനുഭവിക്കാതെ സ്വാതന്ത്ര്യം ഞാനനുഭവിക്കുന്നു. അവിടെ എനിക്ക് ഇടയനും മേലാളനുമില്ല. വീട്ടിലും ജോലിസ്ഥലത്തും നഗരവീഥിയിലും സമൂഹത്തിലും ഞാൻ പരതന്ത്രനാണ്, ദുർബലനാണ്, അടിമയാണ്. എന്റെ ഈ ലോകത്തിൽ രാജാവും അടിമയുമായി ഞാൻ മാത്രമേയുള്ളു. അവിടത്തെ അധ്വാനവും വേദനകളും ജയങ്ങളും പരാജയങ്ങളും എല്ലാം എനിക്ക് ആഹ്ലാദകാരിയാണ്. ആ ലോകത്തിൽ മനുഷ്യനെ അവന്റെ രൂപത്തിൽ ഞാൻ കാണുന്നു. അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണു കിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങൾക്ക് വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി ഞാനെഴുതുന്നു.”
വായനയിലും എഴുത്തിലും എംടിയുടെ ഭാവുകത്വം അപ്പടി ഇപ്പഴും തുടരുന്നവരുണ്ട്. വ്യതിയാനത്തിന്റെ പുതുമകൾ തേടിപ്പോയവരുമുണ്ട്. ഇരു കൂട്ടരും ഒരു ഘട്ടത്തിൽ എംടി എന്ന നദിയിൽ ഉണ്ടായിരുന്നു എന്നത് വിസ്മരിക്കാനാവില്ല.
വായനയിൽ മാത്രമല്ല കാഴ്ചയിലും എം ടി യുടെ സാന്നിദ്ധ്യമുണ്ട്. നിർമ്മാല്യവും കടവും വടക്കൻ വീരഗാഥയും ഉത്തരവും ഒക്കെ ! ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, പത്രപ്രവർത്തകൻ എന്നീ ബഹുമുഖമായ കലാരൂപങ്ങളെയും പ്രവർത്തനമേഖലകളെയും ഇത്രമേൽ സർഗ്ഗാത്മകമായി കൈകാര്യം ചെയ്ത മറ്റൊരു പ്രതിഭാശാലി ഉണ്ടെന്നു തോന്നുന്നില്ല.
എം ടി വാസുദേവൻ നായർ സാറിനെ പലപ്രാവശ്യം ദൂരെ നിന്ന് കണ്ടിട്ടുണ്ട്. ആ മഹാമേരുവിനടുത്തു ചെല്ലാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. നമ്മുടെ ആത്മരത്യാർത്ഥം ആ മഹാത്മാവിനെ ശല്യപ്പെടുത്തുന്നത് സുജനമര്യാദയല്ല എന്ന ബോധ്യം ഉണ്ടായിരുന്നു താനും. എന്നാൽ കഴിഞ്ഞ വർഷം ഏതോ പ്രകൃതിശക്തിയുടെ ഇടപെടൽ പോലെ പ്രാർത്ഥനാ നിർഭരമായി ആ മഹാത്മാവിനടുത്തിരിക്കാനുള്ള സുകൃതമുണ്ടായി.
കേരളത്തിലെ ഏറ്റവും മികച്ച വായനക്കാരൻ കൂടിയാണ് ലോകസാഹിത്യത്തിൽ അഗാധമായ വ്യുൽപ്പത്തിയുള്ള എം.ടി. ആ വായനയിൽ നിന്നും ലഭിച്ച അപരിമിതമായ ഊർജ്ജവും തൻ്റെ പ്രതിഭയിലുള്ള അളവറ്റ ആത്മവിശ്വാസവും സാഹിത്യത്തോടുള്ള അപരിമേയമായ ആത്മാർപ്പണവും തന്നെയാവണം അദ്ദേഹത്തെ സാമ്യമകന്നോരു പത്രാധിപരാക്കി മാറ്റിയത്. എം ടി എഡിറ്ററായിരുന്നപ്പോൾ എഴുതാൻ സാധിച്ചില്ലല്ലോ എന്ന നിരാശയും അസംതൃപ്തിയും എനിക്കുണ്ട്.
( “ഈ കാലഘട്ടത്തിലെ മനുഷ്യരുടെ സ്ഥായിയായ വികാരം ഒന്നേയുള്ളു, അസംതൃപ്തി ” – എം.ടി : കാഥികൻ്റെ പടിപ്പുര )
PS: ഈ കുറിപ്പ് എന്നെക്കുറിച്ചാണോ എം ടി യെക്കുറിച്ചാണോ എന്ന് സംശയമുള്ള നിഷ്കളങ്കർക്കായി പറയട്ടെ, ഇവിടെ ഞാൻ എന്നത് ഏതൊരു സാഹിത്യാനുരാഗിയേയും പ്രതിനിധീകരിക്കുന്ന ഉത്തമ പുരുഷ സർവ്വനാമമാണ്.