Connect with us

Kerala

അപകടത്തില്‍ മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹന്‍ എന്നിവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു

നാളെ രാവിലെ എട്ടുമണി മുതല്‍ കായകുളം കെ പി എസിയില്‍ പൊതുദര്‍ശനം നടക്കും

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ കേളകത്ത് നാടക സമിതിയുടെ മിനി ബസ് മറിഞ്ഞ് മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹന്‍ എന്നിവരുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു.

ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നാളെ രാവിലെ എട്ടുമണി മുതല്‍ കായകുളം കെ പി എസിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് അഞ്ജലിയുടെ മൃതദേഹം കായംകുളത്തും ജെസിയുടെ മൃതദേഹം ഓച്ചിറയിലും സംസ്‌കരിക്കും. അപകടത്തില്‍ പരിക്കേറ്റ ഒന്‍പത് പേര്‍ കണ്ണൂരില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 25,000 രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. കായകുളം ദേവ കമ്മ്യൂണിക്കേഷന്‍ നാടക സംഘം വനിത മെസ് എന്ന നാടകം കണ്ണൂര്‍ കടന്നപ്പള്ളിയില്‍ അവതരിപ്പിച്ചശേഷം വയനാട്ടിലേ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു അടുത്ത അരങ്ങ് നിശ്ചയിച്ചിരുന്നത്. പതിനാലംഗ സംഘം അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ യാത്ര രണ്ട് പേരുടെ മരണത്തിലാണ് അവസാനിച്ചത്. ഗൂഗിള്‍മാപ്പ് നോക്കിയായിരുന്നു സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം നിരോധിച്ച നെടുംപൊയില്‍ പേര്യ ചുരത്തിലേക്കാണ് വണ്ടി ആദ്യമെത്തിയത്. വഴി തെറ്റിയതോടെ കൊട്ടിയൂര്‍ പാല്‍ച്ചുരം റൂട്ടിലൂടെ മാപ്പ് നോക്കി യാത്ര തുടര്‍ന്നു.

ഇതിനിടെയാണ് മലയാംപാടിയിലെ കൊടുംവളവില്‍ ബസ് മറിഞ്ഞത്. മരിച്ച കായംകുളം സ്വദേശി അഞ്ജലിയും കരുനാഗപ്പളളി സ്വദേശി ജെസി മോഹനും നാടകസമിതിയിലെ പ്രധാന നടിമാരാണ്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.