Connect with us

human trafficking

റഷ്യന്‍ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യാക്കാരുടെ മോചനം വൈകുന്നു

66 ഇന്ത്യക്കാര്‍ ഇനിയും റഷ്യയില്‍ നിന്ന് തിരികെയെത്താനുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ഷ്യന്‍ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യന്‍ യുവാക്കളില്‍ 14 പേരെ തിരികെ എത്തിച്ചിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മറുപടി നല്‍കി.

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് യുവാക്കളും റഷ്യന്‍ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരുന്നു. ഇവരുടെ മോചനത്തിനായി അടൂര്‍ പ്രകാശ് എം പി വിദേശകാര്യമന്ത്രിയും റഷ്യന്‍ എംബസിയുമായി നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നു. ഇവര്‍ അഞ്ചുപേരും മോചിതരായിട്ടുണ്ട്. എന്നാല്‍ 66 ഇന്ത്യക്കാര്‍ ഇനിയും റഷ്യയില്‍ നിന്ന് തിരികെയെത്താനുണ്ട്. എട്ടുപേര്‍ റഷ്യയില്‍ മരണപ്പെട്ടു.

പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയതായി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഇവര്‍ മോചിതരായിട്ടില്ല. റിക്രൂട്ട് ചെയ്യപ്പെട്ട യുവാക്കള്‍ക്ക് റഷ്യന്‍ ആര്‍മിയുമായി കരാര്‍ ഉള്ളതാണ് മോചനം വൈകുന്നതിന് കാരണമായി പറയുന്നത്.

ഇവരെ തിരികെ എത്തിക്കുന്നതിന് എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. മനുഷ്യ കടത്തിനെകുറിച്ച് സി ബി ഐ നടത്തിയ അന്വേഷണത്തില്‍ 19 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 മനുഷ്യകടത്തു കാരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇതില്‍ നാലുപേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.

പശ്ചിമേഷ്യയിലേക്ക് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി റിക്രൂട്ട് ചെയ്യപ്പെട്ടതില്‍ കമ്പോഡിയയില്‍ നിന്ന് 650 പേരെയും മ്യാന്‍മറില്‍ നിന്ന് 415 പേരെയും ലാവോസില്‍ നിന്ന് 548 പേരെയും തിരികെ എത്തിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ട ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.